ഫ്രഞ്ച് ആൽപ്‌സിൽ സ്‌കീയിങ് ഹോളിഡേ ആസ്വദിക്കാൻ പോയ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോൺ ടെറിയുടെ സറെയിലെ ഓക്‌സ്‌ഷോട്ടിലുള്ള അഞ്ച് മില്യൺ പൗണ്ട് വിലയുള്ള കൊട്ടാരത്തിൽ വൻ മോഷണ നടന്നതായി റിപ്പോർട്ട്. നാല് ലക്ഷത്തിൽ ഏറെ പൗണ്ട് വില മതിക്കുന്ന ആഭരണങ്ങളും വസ്ത്രങ്ങളുമാണ് ഇവിടെ നിന്നും കവർച്ചക്കാർ അടിച്ച് മാറ്റിയിരിക്കുന്നത്. ആൽപ്‌സിൽ ഭാര്യയ്‌ക്കൊപ്പം സ്‌കീയിങ് ഹോളിഡേ ആസ്വദിക്കുന്ന ചിത്രങ്ങൾ ടെറി ഇൻസ്റ്റാഗ്രാമിൽ ഇട്ടതാണ് അദ്ദേഹത്തിന് വിനയായിരിക്കുന്നത്. ഈ ചിത്രങ്ങൾ കണ്ടതോടെ വീട്ടിൽ ആരുമില്ലെന്ന് ഉറപ്പാക്കിയ കവർച്ചക്കാർ ധൈര്യത്തോടെ മോഷണത്തിനെത്തുകയായിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

നിലവിൽ ചാമ്പ്യൻഷിപ്പ് സൈഡ് ആസ്റ്റൺ വില്ലയുടെ ക്യാപ്റ്റനാണ് ടെറി. തന്റെ ഭാര്യയും 35കാരിയുമായ ടോണിയ്‌ക്കൊപ്പം ഫ്രഞ്ച് ആൽപ്‌സിൽ ചാഞ്ഞും ചെരിഞ്ഞും നിൽക്കുന്ന ആകർഷകങ്ങളായ നിരവധി ഫോട്ടോകളായിരുന്നു ടെറി ഇൻസ്റ്റാഗ്രാമിലിട്ടിരുന്നത്. അദ്ദേഹത്തിന്റെ 3.4 മില്യൺ ഫോളോവേഴ്‌സിലൂടെ ഇത് വൈറലാവുകയുമായിരുന്നു. വീട്ടിൽ ആരുമില്ലെന്ന് ഇതിലൂടെ തിരിച്ചറിഞ്ഞ മോഷണസംഘം ടെറിയുടെ വീട്ടിൽ മണിക്കൂറുകളോളം അടിച്ച് പൊളിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. 126,000 പൗണ്ട് വിലവരുന്ന ഡിസൈനർ ഹാൻഡ് ബാഗുകൾ, 18,000 പൗണ്ട് മൂല്യം വരുന്നതും എഴുത്തുകാരിയുടെ ഒപ്പ് പതിഞ്ഞ ആദ്യ എഡിഷൻ അപൂർ ഹാരി പോർട്ടർ പുസ്തകങ്ങൾ,തുടങ്ങിയ വിലയേറിയ നിരവധി വസ്തുക്കൾ അവർ അടിച്ച് മാറ്റിയിരുന്നു.

കൊട്ടാരസദൃശമായ വീട്ടിലെ മാസ്റ്റർ ബെഡ്‌റൂം കൊള്ളയടിക്കാൻ മാത്രം ഇവർ 45 മിനുറ്റുകളാണ് എടുത്തിരിക്കുന്നത്. ടെറിയുടെ ഭാര്യ വളരെ കാലമെടുത്ത് ശേഖരിച്ച വിലയേറിയ ഡിസൈനർ ആഭരണങ്ങളും ഹാൻഡ് ബാഗുകളും കൊള്ളക്കാർ എത്തരത്തിലാണ് കവർന്നെടുത്തിരിക്കുന്നതെന്ന് ഇന്നലെ കിങ്സ്റ്റൺ ക്രൗൺ കോടതിയിൽ വച്ച് നടന്ന വിചാരണക്കിടെ ബോധിപ്പിക്കപ്പെട്ടിരുന്നു. നിരവധി ഹാൻഡ് ബാഗുകളുള്ളതിനാൽ ഏറ്റവും വിലയേറിയ 28 എണ്ണം മാത്രമേ കവർച്ചക്കാർ കൊണ്ട് പോയിട്ടുള്ളൂ. ഇക്കൂട്ടത്തിൽ 42,000 പൗണ്ട് വിലവരുന്നതും പാമ്പിൻ തോലിൽ നിർമ്മിച്ചതുമായ ഹെർമെസ് ബാഗും ഉൾപ്പെടുന്നു. 8000 പൗണ്ട് വിലവരുന്ന ചാനലൽ ബാഗുകളും ഇതിൽ പെടുന്നു. ഗുസി, ലൂയീസ് വുയിട്ടൻ, വൈവ്‌സ് സെയിന്റ് ലൗറെന്റ് എന്നീ ബാഗുകളും കവർച്ചക്കാർ അടിച്ച് മാറ്റിയിട്ടുണ്ട്.

ഈ വർഷം ഫെബ്രുവരി 25ന് നടന്ന മോഷണത്തിന്റെ വിശദാംശങ്ങൾ ഇന്നലെയാണ് ആദ്യമായി പുറം ലോകം അറിഞ്ഞിരിക്കുന്നത്. കവർച്ചാ സംഘത്തിന് ദീർഘകാലം തടവ് ശിക്ഷ ലഭിക്കുമെന്നാണ് കരുതുന്നത്. സ്‌റ്റോക്ക്‌ബ്രോക്കർ ബെൽറ്റിലെ മറ്റ് മില്യണയർമാരുടെ വീടുകളിലും ഈ സംഘം കവർച്ച നടത്തിയിരുന്നു. ഇതിലൂടെ ഏതാണ്ട ആറ് ലക്ഷം പൗണ്ടിന്റെ മുതലുകളാണ് ഇവർ കൈവശപ്പെടുത്തിയതെന്നും വ്യക്തമായിട്ടുണ്ട്. ഈ കവർച്ചകളെല്ലാം നന്നായി ആസൂത്രണം ചെയ്തവയായിരുന്നുവെന്നും വളരെ തന്ത്രപൂർവം നടപ്പിലാക്കുകയായിരുന്നുവെന്നും പ്രോസിക്യൂട്ടറായ റോസാനോ സ്‌കാമർഡെല്ല കോടതിയിൽ ബോധിപ്പിച്ചു. തങ്ങൾക്ക് നല്ല നേട്ടമുണ്ടാകുന്ന മില്യണയർമാരുടെ വീടുകൾ പ്രത്യേകം കേന്ദ്രീകരിച്ചായിരുന്നു ഈ കവർച്ചാ സംഘം നീക്കങ്ങൾ നടത്തിയതെന്നും പ്രോസിക്യൂട്ടർ വെളിപ്പെടുത്തിയിരുന്നു.

ഡാരെൻ ഈസ്റ്റൗഗ്(30), ജോഷ്വാ സുമർ(27), റോയ് ഹെഡ്(28), ഒലിവർ ഹാർട്ട്(25), ക്യെ ഹാർഡി കിങ് (25) എന്നിവരാണ് കവർച്ചയുടെ പേരിൽ പിടിയിലായി വിചാരണ നേരിടുന്നത്. ഈ വർഷം ഫെബ്രുവരി ഒന്നിനും മാർച്ച് 27നും ഇടയിൽ ഇവർ സറെയിലും സസെക്‌സിലുമായി ഏഴ് കവർച്ചകളാണ് നടത്തിയത്. ഇവർക്ക് ഇന്ന് തടവ് ശിക്ഷ വിധിക്കുമെന്നാണ് റിപ്പോർട്ട്.