അബുദാബി :'അതു ഞാനല്ല, ദയവു ചെയത് എന്നെ ഇങ്ങനെ അഭിനന്ദിച്ച് കൊല്ലല്ലേ...'. അബുദാബിയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ കഴിഞ്ഞമാസത്തെ കഴിഞ്ഞ ദിവസമാണ് കോടിപതിയെ പ്രഖ്യാപിച്ചത്. ഇന്ത്യക്കാരനായ ജോൺ വർഗീസ് ആയിരുന്നു ആ ഭാഗ്യവാൻ. ഇതോടെ കോട്ടയം പുതുപ്പള്ളി സ്വദേശി ജോൺ വർഗീസിന് അഭിനന്ദന പ്രവാഹമെത്തി. ഇതോടെ അദ്ദേഹം അത് താനല്ലെന്ന് എഫ് ബിയിൽ കുറിച്ചു. യുഎഇയിലെ ഭാഗ്യക്കുറികളിലുടെ ഭാഗ്യം മലയാളിയെ തേടിയെത്തുന്നത് പതിവാണ്. ഇതോടെയാണ് ജോൺ വർഗ്ഗീസ് എന്ന പേരു കണ്ടപ്പോൾ അത് പുതുപ്പള്ളിക്കാരനാകുമെന്ന് സുഹൃത്തുക്കൾ ഉറപ്പിച്ചത്.

കില്ലുക്കം സിനിമയിൽ ലോട്ടറി അടിച്ചെന്ന് അറിഞ്ഞ ഇന്നസെന്റ് കാട്ടികൂട്ടിയതെല്ലാം മലയാളിയുടെ മനസ്സിൽ ഇന്നും ഉണ്ട്. കിട്ടുണ്ണിയുടെ വെല്ലുവിളിയും അവസാനം വിശന്ന് വലഞ്ഞുള്ള വരവും. രേവതിയുടെ കഥാപാത്രം കിട്ടുണ്ണിയെ മാറ്റാൻ നടത്തിയ തന്ത്രം. ഇത്തരത്തിലൊരു മാനസികാവസ്ഥയിലേക്ക് ജോൺ വർഗ്ഗീസും എത്തിയോ? എന്തായാലും തന്റെ എഫ് ബിയുടെ മുഖചിത്രം കിട്ടുണ്ണിയുടേതാക്കി ജോൺ വർഗ്ഗീസ് മലയാളിയെ വീണ്ടും പലതും ചിന്തിപ്പിക്കുകയാണ്. പുതുപ്പള്ളിക്കരാൻ ഉമ്മൻ ചാണ്ടിയുടെ സ്വന്തം അനുയായി ആണ് ജോൺ വർഗ്ഗീസ് എന്നതും വ്യക്തം. എതായാലും ലോട്ടറി അടിച്ചില്ലെന്ന സത്യം ഈ മലയാളി ഉൾക്കൊണ്ട് കഴിഞ്ഞു.

ജോൺ വർഗീസ് ഫെയ്‌സ് ബുക്കിലെ തന്റെ പേജിൽ ഒരു പോസ്റ്റിട്ടത് ഇങ്ങനെയായിരുന്നു പ്രിയമുള്ളവരേ, 'ബിഗ് ടിക്കറ്റ് ഞാനും എടുത്തിരുന്നു, അടിച്ചിരിക്കുന്നത് എനിക്കല്ല. നമ്പർ വ്യത്യസ്തമാണ്. ആശംസകൾ അറിയിച്ചവർക്കു നന്ദി. ദൈവത്തെയോർത്തു ഇക്കാര്യം പറഞ്ഞ് ഇനിയാരും വിളിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു' എന്നായിരുന്നു കുറിപ്പ്. ഇതോടെ ഫോൺ വിളിയും സന്ദേശങ്ങളും കുറഞ്ഞു. പുതുപ്പള്ളിക്കാരൻ വീണ്ടും സാധാരണ ജീവതിത്തിലേക്ക്. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് പോകാനുള്ള തിരക്കിനിടെയാണ് ഇത്തരത്തിൽ ജോൺ വർഗ്ഗീസിനെ തേടി ഫോൺ എത്തുന്നത്. തുടക്കത്തിൽ അത് സന്തോഷമായി. പിന്നീട് സത്യം അന്വേഷിച്ചുപോയപ്പോൾ തനിക്കല്ല ലോട്ടറി അടിച്ചതെന്നും വ്യക്തമായി. പക്ഷേ കുറച്ചു നേരം വല്ലാത്തൊരു അവസ്ഥയിലായിരുന്നു ജോൺ വർഗ്ഗീസ്.

നാട്ടിലേക്ക് മടങ്ങാനുള്ള തിരിക്കിനിടെ വണ്ടിയോടിച്ചു വരുമ്പോഴായിരുന്നു ആദ്യ കോൾ എത്തിയത്. കൺഗ്രാറ്റ്‌സ് പറഞ്ഞുകൊണ്ടാണ് തുടങ്ങിയത്: 'അച്ചായോ.. അടിച്ചു മോനേ' എന്ന അലർച്ചയായിരുന്നു പിന്നെ. ഇതു പോലെ നിരവധി കോളുകൾ. അതോടെ വണ്ടി സൈഡിലാക്കി പാർക്ക് ചെയ്തു. ഫ്‌ളാറ്റിലുള്ള ഭാര്യയെ വിളിച്ചു. പക്ഷേ ഫോൺ എടുത്തില്ല. മൊബൈൽ വഴി ബിഗ് ടിക്കറ്റ് വെബ് സൈറ്റ് സന്ദർശിച്ചു. ശരിയാണ്, പേരിന്റെ അക്ഷരങ്ങളെല്ലാം ഒന്നു തന്നെ. വീണ്ടും കർത്താവിനെ വിളിച്ച് പ്രാർത്ഥിച്ചു. അപ്പോഴും ബലമായ ഒരു സംശയം മനസിലുണ്ടായിരുന്നു ഞാനാണ് വിജയിയെങ്കിൽ അധികൃതർ ഫോൺ വിളിക്കേണ്ടതല്ലേ. അതാണല്ലോ പതിവ്. ഇതോടെ അവിടേക്ക് ഫോൺ വിളിച്ചു. അപ്പോൾ തനിക്കല്ല ലോട്ടറിയെന്ന് തിരിച്ചറിഞ്ഞു.

അപ്പോഴും അഭിനന്ദന, ആശംസാ ഫോൺ കോളുകളുടെ പ്രവാഹമായിരുന്നു. വാട്‌സ് ആപ്പും മെസഞ്ചറുമെല്ലാം അഭിനന്ദന സന്ദേശങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇതോടെയാണ് എഫ് ബിയിൽ മെസേജ് ഇട്ടത്. ഇതോടെ സുഹൃത്തുക്കൾ സത്യം തിരിച്ചറിഞ്ഞു. ഇനി പ്രവാസ ലോകത്തെ ഈ നല്ലോർമകളുമായി നാട്ടിൽ ബിസിനസ് ചെയ്ത് ജോൺ വർഗീസ് കഴിയും. ദുബായിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ജോൺ വർഗീസ് എന്ന വ്യക്തിക്കാണ് 20 കോടിയിലധികം രൂപയുടെ സമ്മാനം ലഭിച്ചത്.