പൈറേറ്റ്സ് ഓഫ് കരീബിയൻ താരം ജോണി ഡെപ്പും ഭാര്യ അംബറും തമ്മിലുള്ള പ്രശ്‌നങ്ങൾക്കു കാരണം അംബറിന്റെ സ്വവർഗ പ്രണയമെന്നു റിപ്പോർട്ടുകൾ. പുതിയ വാർത്തകൾ പുറത്തുവന്നതോടെ ഗാർഹികപീഡനക്കേസ് പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്.

പ്രശ്നങ്ങൾക്ക് കാരണം അംബറിന്റെ സ്വവർഗ്ഗപ്രണയമെന്നും എട്ടു വർഷം മുമ്പ് രഹസ്യമായി വിവാഹം കഴിച്ച ലെസ്‌ബിയൻ പങ്കാളി ടാസ്യ വാൻ റീയുമായി അംബർ ഇപ്പോഴും ബന്ധം തുടരുന്നുണ്ടെന്നുമാണ് ഗോസിപ്പ് കോളങ്ങൾ എഴുതുന്നത്. ജോണിഡെപ്പുമായി വിവാഹജീവിതം നയിക്കുമ്പോഴും അംബർ ടാസ്യയുമായി രഹസ്യബന്ധം നിലനിർത്തുന്നുണ്ടായിരുന്നെന്നും ഇത് ആഴത്തിലുള്ള ഒരു ബന്ധമാണെന്നും പറയുന്നു.

2008 മാർച്ചിൽ 40 കാരിയെ 30 വയസുള്ള അംബർ വിവാഹം കഴിക്കുകയും അംബർ ഹേർഡ് എന്ന പേര് അംബർ വാൻ റീ എന്നാക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിലുള്ള രേഖകളും ചില മാദ്ധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. അംബറിന്റെ മുൻകാല ബന്ധങ്ങളിൽ അതൃപ്തനായിരുന്നു ഡെപ്പെന്നും ഇതാണ് വഴക്കിൽ കലാശിച്ചതെന്നുമാണ് വിവരം. ഭർത്താവ് ആക്രമിച്ചെന്ന അംബറിന്റെ വാദം ജോണി ഡെപ്പ് നിഷേധിക്കുകയും ചെയ്തു.

അതിനിടെ, ഡെപ്പിന് പിന്തുണയുമായി മകനും മകളും മുൻ ഭാര്യമാരും എത്തിയിട്ടുണ്ട്. തനിക്കറിയാവുന്ന പിതാവ് സ്നേഹസമ്പന്നനായ മനുഷ്യനാണെന്ന് ഡെപ്പിന്റെ മകൾ ലില്ലി റോസ് കുറിച്ചു. ജോണി വളരെ മാന്യനും നല്ലവനുമാണെന്ന് മുൻ ഭാര്യയും ഫ്രഞ്ച് പാട്ടുകാരിയുമായ വനീസാ പരാഡിസും പറയുന്നു. തങ്ങളുടെ 14 വർഷത്തെ ദാമ്പത്യത്തിനിടയിൽ ഒരിക്കൽ പോലും തന്നെ ഉപദ്രവിച്ചിരുന്നില്ല എന്ന് 14 കാരൻ ജാക്കിന്റെയും 17 കാരി ലില്ലി റോസിന്റെയും മാതാവ് പറഞ്ഞു.

രണ്ടുവർഷം ഡെപ്പിനൊപ്പം കഴിഞ്ഞ ആദ്യഭാര്യ 58 കാരി ലോറി ആനി അലിസണിനും താരത്തെക്കുറിച്ച് മറിച്ചൊരു അഭിപ്രായമില്ല. അതിനിടയിൽ അംബർ കഴിഞ്ഞ തിങ്കളാഴ്ച ഡെപ്പുമായുള്ള ബന്ധം വേർപെടുത്താൻ വിവാഹമോചന ഹർജി സമർപ്പിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ ബഹാമസിൽ വച്ചായിരുന്നു ഇരുവരും വിവാഹിതരായത്.