- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമിക്രോണിനെ ചെറുക്കാൻ ജോൺസൺ ആൻഡ് ജോൺസൺ ഫലപ്രദം; 80 ശതമാനത്തോളം വ്യാപനത്തെ തടയാൻ കഴിയുമെന്ന് പഠനം; ആശ്വാസമായി ദക്ഷിണാഫ്രിക്കൻ സർക്കാറിന്റെ പഠനറിപ്പോർട്ട്
ജോഹന്നാസ്ബർഗ്: പുതുവർഷത്തിൽ ആശങ്ക പടർത്തി ഓമിക്രോൺ വ്യാപനം രൂക്ഷമാകുമ്പോൾ ദക്ഷിണഫ്രിക്കയിൽ നിന്നുതന്നെ ആശ്വാസവാർത്തയെത്തുന്നു.ജോൺസൺ ആൻഡ് ജോൺസൺ പുറത്തിറക്കുന്ന കോവിഡ് ബൂസ്റ്റർ ഡോസുകൾക്ക് ഓമിക്രോൺ വ്യാപനം ഫലപ്രദമായി തടയാൻ കഴിയുമെന്ന് പഠനം. ദക്ഷിണാഫ്രിക്കൻ സർക്കാർ പുറത്തുവിട്ട പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.ഓമിക്രോൺ സാന്നിദ്ധ്യം ആദ്യമായി കണ്ടെത്തിയ ഇടത്ത് നിന്ന് തന്നെ പ്രതിരോധ വാർത്തയും എത്തുന്നുവെന്നതാണ് കൂടുതൽ ആശ്വാസമാകുന്നത്.
ജോൺസൺ ആൻഡ് ജോൺസൺ പുറത്തിറക്കുന്ന ബൂസ്റ്റർ ഡോസുകൾ 80 ശതമാനം വരെ ഓമിക്രോൺ വ്യാപനം തടയാൻ കഴിയുമെന്നാണ് പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 69000 ആരോഗ്യ പ്രവർത്തകർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരുന്നു. ഇതിൽ നിന്നുള്ള പഠന റിപ്പോർട്ടാണ് സൗത്ത്ആഫ്രിക്കൻ മെഡിക്കൽ റിസർച്ച് കൗൺസിൽ പുറത്തുവിട്ടിരിക്കുന്നത്. നവംബർ 15 മുതൽ ഡിസംബർ 20 വരെയാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടന്നത്.
രണ്ടാം ഡോസ് സ്വീകരിച്ച് ആറുമുതൽ ഒൻപത് മാസങ്ങൾക്കുള്ളിൽ ബൂസ്റ്റർ ഡോസ് എടുക്കുന്നതാണ് ഫലപ്രദമെന്നും പറയപ്പെടുന്നു.ഈ വാക്‌സിൻ കാലക്രമേണ കൂടുതൽ ശക്തമാകും. കോവിഡ് പ്രതിരോധത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നായി ഇത് മാറുമെന്ന് ജോൺസൺ & ജോൺസൺ ശാസ്ത്രജ്ഞൻ മത്തായി മാമേൻ പറഞ്ഞു. നിലവിൽ വ്യാപനം തുടരുന്ന ഓമിക്രോൺ , ഡെൽറ്റ വകഭേദങ്ങൾക്കെതിരെ ഈ വാക്‌സിന് ശക്തമായ പ്രതിരോധം തീർക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫൈസർ-ബയോഎൻടെക് വാക്സിന്റെ രണ്ട് ഡോസുകൾക്ക് കോവിഡ് വ്യാപനത്തെ 70 ശതമാനം വരെ തടയാൻ കഴിയുമെന്ന് നേരത്തെ ദക്ഷിണാഫ്രിക്ക കണ്ടെത്തിയിരുന്നു. എന്നാൽ ആ വാക്സിന്റെ മൂന്നാം ഡോസുകളുടെ ഫലങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ