ന്യൂയോർക്ക്: മരുന്നുനിർമ്മാണ മേഖലയിലെ ബഹുരാഷ്ട്ര ഭീമനായ ജോൺസൺ ആൻഡ് ജോൺസൺ കമ്പനിക്ക് കനത്ത തിരിച്ചടിയുമായി വീണ്ടും കോടതി വിധി. കമ്പനിയുടെ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതു മൂലം അണ്ഡാശയ ക്യാൻസർ ബാധിച്ചുവെന്ന പരാതിയിൽ യുഎസിലെ വിർജീനിയ സംസ്ഥാനത്തെ ലൂയിസ് സ്ലെപ് എന്ന 62കാരിക്കാണ് 110 മില്യൺ ഡോളർ (ഏതാണ്ട് 707 കോടി രൂപ )നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. മിസോറി സംസ്ഥാനത്തെ സെൻ ലൂയിസ് നഗരത്തിലെ കോടതിയാണ് ശിക്ഷ വിധിച്ചത്.

കാൻസർ ബാധിതയായ താൻ ഇപ്പോഴും കീമോതെറാപ്പി ചികിത്സയിലാണെന്നും 2012 ലാണ് തനിക്ക് അസുഖം പിടിപെട്ടതെന്നും ലൂയിസ് സ്ലെംപ് വ്യക്തമാക്കുന്നു. നാല് ദശാബ്ദക്കാലമായി താൻ ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ പൗഡറും ഷവർ പൗഡറും ഉപയോഗിച്ചുവരികയായിരുന്നെന്നും അതിന്റെ ശേഷമാണ് കാൻസർ പിടിപെടുന്നതെന്നും ഇവർ പറയുന്നു.

ലോകത്തിലെ ഏറ്റവും വലിയ ഹെൽത്ത്-കെയർ കമ്പനികളിലൊന്നാണ് ജോൺസൺ ആൻഡ് ജോൺസൺ. ലോകത്ത് വിവിധ രാജ്യങ്ങളിലായി മൂവായിരത്തോളം കേസുകൾ കമ്പനിക്കെതിരായി ഉണ്ട്. കഴിഞ്ഞ വർഷം അമേരിക്കയിലെ മറ്റൊരു കോടതി ഡെബ്രോ ജിയാൻജിയെന്ന യുവതിക്ക് 70 മില്യൺ ഡോളർ (ഏകദേശം 467 കോടി ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ വിധിച്ചിരുന്നു.

സമാനമായ മറ്റൊരു കേസിൽ ജോൺസൺ ആൻഡ് ജോൺസൺ കമ്പനി പരാതിക്കാർക്ക് 55 മില്യൺ ഡോളർ(ഏകദേശം 365 കോടി രൂപ) നഷ്ടപരിഹാരം നൽകാനും യുഎസ് കോടതി വിധിച്ചിരുന്നു. ഗ്ലോറിയ റിസ്റ്റെസുണ്ട് എന്ന യുവതിയുടെ പരാതിയിലായിരുന്നു ഈ കോടതി വിധി.