- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പരസ്യമായി മാപ്പ് പറയുന്നു; ആ പരാമർശം അനുചിതം ആയിരുന്നു; രാഹുൽ ഗാന്ധിക്ക് എതിരായ അശ്ലീല പരാമർശത്തെ സിപിഎമ്മും മുഖ്യമന്ത്രിയും തള്ളിയതോടെ മൈക്കിന് മുന്നിലെത്തി ഖേദം പ്രകടിപ്പിച്ച് ജോയിസ് ജോർജ്ജ്; മാപ്പു പറഞ്ഞ് തടിയൂരിയത് എ വിജയരാഘവൻ രമ്യ ഹരിദാസിനെതിരെ നടത്തിയ പരാമർശം ബൂമറാങ്ങായ ചരിത്രം ആവർത്തിക്കാതിരിക്കാൻ
ഇടുക്കി: മുൻ എംപി ജോയ്സ് ജോർജ്ജിന്റെ വാവിട്ട വാക്കിൽ ഉലഞ്ഞ ഇടതു മുന്നണി വിവാദം കൊഴുക്കാതിരക്കാൻ ഖേദപ്രകടനവുമായി രംഗത്തെത്തി. വയനാട് എംപി രാഹുൽ ഗാന്ധിക്ക് എതിരെ നടത്തിയ അശ്ലീല പരാമർശത്തിൽ മാപ്പ് പറഞ്ഞ് ജോയിസ് ജോർജ്ജ് രംഗത്തെത്തി. പരാമർശം അനുചിതം ആയിരുന്നെന്നും പ്രസ്താവന പരസ്യമായി പിൻവലിച്ച് മാപ്പ് പറയുന്നുവെന്നും ജോയിസ് ജോർജ് പ്രതികരിച്ചു. ഇന്ന് തെരഞ്ഞെടുപ്പു പ്രചരണ വേദിയിൽ വെച്ച് മൈക്കിന് മുന്നിലെത്തി പരസ്യമായാണ് ജോയിസ് മാപ്പു പറഞ്ഞത്.
പരാമർശത്തിന് എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയതിന് പിന്നാലെയാണ് ജോയിസിന്റെ ഖേദ പ്രകടനം. വിവാദത്തിൽ സിപിഎമ്മും മുഖ്യമന്ത്രിയും ജോയിസിനെ തള്ളിപ്പറഞ്ഞു രംഗത്തുവന്നിരുന്നു. ഇതോടെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എ വിജയരാഘവൻ രമ്യ ഹരിദാസിനെതിരെ നടത്തിയ പരാമർശം തിരിച്ചടിച്ചതും പോലെ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിൽ കൂടിയാണ് ജോയിസ് പരസ്യമായി മാപ്പു പറഞ്ഞത്. ജോയിസ് മാപ്പു പറയണമെന്ന ആവശ്യം വളരെ ശക്തമായിരുന്നു
ഇടുക്കി ഇരട്ടയാറിൽ നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു വിവാദ പരാമർശം.രാഹുൽ വിദ്യാർത്ഥിനികളുമായി സംവദിക്കുന്നതിനെക്കുറിച്ചാണ് മുൻ എംപി മോശം പരാമർശം നടത്തിയത്. 'പെൺകുട്ടികൾ മാത്രം പഠിക്കുന്ന കോളജിലേ രാഹുൽ ഗാന്ധി പോകുകയുള്ളു. അവിടെ എത്തിയാൽ പെൺകുട്ടികളെ വളഞ്ഞു നിൽക്കാനും നിവർന്ന് നിൽക്കാനുമൊക്കെ അദ്ദേഹം പഠിപ്പിക്കും. എന്റെ പൊന്നു മക്കളേ രാഹുൽ ഗാന്ധിയുടെ മുന്നിൽ വളഞ്ഞു നിൽക്കാനും കുനിഞ്ഞു നിൽക്കാനുമൊന്നും പോയേക്കരുത്. അങ്ങേര് പെണ്ണൊന്നും കെട്ടിയിട്ടില്ല. ഇങ്ങനത്തെ പരിപാടിയുമായിട്ടാണ് പുള്ളി നടക്കുന്നത്' എന്നായിരുന്നു ജോയ്സ് ജോർജിന്റെ പരാമർശം.
ജോയിസിന് എതിരെ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർ രംഗത്തുവന്നിരുന്നു. ജോയിസിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാതി നൽകുമെന്ന് കോൺഗ്രസ് അറിയിച്ചു. ജോയിസ് ജോർജ്ജിനെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തുവരികയുണ്ടായി. അങ്ങേ അറ്റം പ്രതിഷേധാർഹമായ പരാമർശം ആണ് ജോയിസ് ജോർജ്ജിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. പരസ്യമായി മാപ്പ് പറയാൻ തയ്യാറാകണം. രാഹുൽ ഗാന്ധിക്കെതിരെ മോശം പരാമർശനം നടത്തിയ ജോയിസ് ജോർജ്ജിനെതിരെ ശക്തമായ പ്രക്ഷോഭം കോൺഗ്രസ് സംഘടിപ്പിക്കുമെന്നും മുല്ലപ്പള്ളി കാസർകോട്ട് പറഞ്ഞു. അശ്ലീല പരാമർശം നടത്തിയ ജോയിസ് ജോർജ്ജിനെതിരെ എന്ത് നടപടിയാണ് മുഖ്യമന്ത്രിയും മുന്നണിയും സ്വീകരിക്കാൻ പോകുന്നതെന്നും മുല്ലപ്പള്ളി ചോദിച്ചു.
ജോയിസ് ജോർജ്ജ് നടത്തിയ പരാമർശം നിർഭാഗ്യകരവും വേദനാജനകവുമാണെന്ന് ഉമ്മൻ ചാണ്ടിയും പ്രതികരിച്ചു. അദ്ദേഹം കേരളത്തിൽ നിന്നും അത്തരത്തിലൊരു പരാമശമുണ്ടാകാൻ പാടില്ലായിരുന്നുവെന്നും പ്രതികരിച്ചു. ജോയ്സ് കേരളത്തിലെ സ്ത്രീത്വത്തെ അപമാനിച്ചു. നിയമനടപടി സ്വീകരിക്കുമെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു. രാഹുൽ വിദ്യാർത്ഥിനികളുമായി സംവദിക്കുന്നതിനെക്കുറിച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജോയ്സ് മോശം പരാമർശം നടത്തിയത്. രാഹുലിന് മുന്നിൽ കുനിഞ്ഞും വളഞ്ഞും നിൽക്കരുത്. അയാൾ കല്യാണം കഴിച്ചിട്ടില്ലെന്നായിരുന്നു പരാമർശം.
അശ്ലീല പരാമർശം വിവാദമായതോടെ ജോയ്സിനെ തള്ളി മുഖ്യമന്ത്രി പിണറായിയടക്കം രംഗത്തെത്തി. ജോയ്സ് ജോർജിനെ തിരുത്തിയ പിണറായി ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നത് എൽഡിഎഫ് രീതിയല്ലെന്നും രാഷ്ട്രീയ വിമർശനം മാത്രമാണ് രാഹുലിന് എതിരെയുള്ളതെന്നും പ്രതികരിച്ചു. ജോയ്സിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ