- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോജുവിന്റെ കാർ തകർത്ത കേസിൽ ജാമ്യത്തിന് അറുലക്ഷം കെട്ടിവയ്ക്കേണ്ടി വരും; ടോണി ചമ്മണിയും കൂട്ടരും പെട്ടത് ജാമ്യമില്ലാ കേസിൽ; സുധാകരൻ ആ കസേരയിൽ എത്തിയത് ആരുടേയോ വിവരദോഷം കൊണ്ടെന്ന് കളിയാക്കി സിനിമാക്കാരും; കൊച്ചിയിലെ 'പെട്രോൾ പ്രതിഷേധം' കോൺഗ്രസിനെ കുടുക്കുമ്പോൾ
കൊച്ചി: നടൻ ജോജു ജോർജിനെ 'തെരുവ് ഗുണ്ടയെന്ന്' വിളിച്ച കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ ഒറ്റക്കെട്ടായി സിനിമാ ലോകം. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് സിനിമാ പ്രവർത്തകർ പറയുന്നത്. ഇരിക്കുന്ന കസേരയേയും പ്രസ്ഥാനത്തെയും നാറ്റിക്കരുതെന്നാണ് രൂക്ഷമായ ഭാഷയിൽ സംവിധായകൻ പത്മകുമാർ പറഞ്ഞത്. ആറു ലക്ഷം രൂപ നഷ്ടമാണ് ജോജുവിന്റെ കാറിന് കൊച്ചിയിലെ പ്രതിഷേധത്തിനിടെ ഉണ്ടായത്.
മദ്യപിച്ചാണ് ജോജു ബഹളമുണ്ടാക്കിയതെന്ന കോൺഗ്രസ് വാദം പരിശോധനാ ഫലം വന്നതോടെ അടിസ്ഥാനരഹിതമായ ആരോപണമായി മാറി. ബി. ഉണ്ണിക്കൃഷ്ണൻ ഉൾപ്പടെയുള്ള ചലച്ചിത്ര പ്രവർത്തകർ ജോജുവിന് ശക്തമായി പിന്തുണയുമായി രംഗത്തു വന്നു. ജോജുവിനെതിരെ കേസ് ഫയൽ ചെയ്യാഞ്ഞ പൊലീസ് അക്രമികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. പൊലീസ് സ്റ്റേഷനിൽ എത്തി ഉണ്ണിക്കൃഷ്ണൻ അതിശക്തമായ ഇടപെടൽ നടത്തി. ഇതിനിടെ ജോജു മദ്യപിച്ചിട്ടില്ലെന്നും വ്യക്തമായി. ഈ സാഹചര്യത്തിലാണ് ജോജു കേസിൽ നിന്ന് രക്ഷപ്പെട്ടത്.
'ജോജുവിന്റെ വൈദ്യപരിശോധനാഫലം പുറത്തു വന്നു. നെഗറ്റീവാണ്. രാവിലെ കൊച്ചിയിലെ സ്വന്തക്കാരുടെ അഴിഞ്ഞാട്ടം ന്യായീകരിക്കാൻ ശ്രീ സുധാകരൻ ജി ഒരു പത്രസമ്മേളനം വിളിക്കുകയും മദ്യപിച്ച ഒരു തെരുവ് ഗുണ്ട എന്ന് ജോജുവിനെ വിശേഷിപ്പിക്കുകയും ചെയ്യുന്നതു കണ്ടു. ഒന്നേ പറയാനുള്ളു. കുമ്പളത്തു ശങ്കുപ്പിള്ളയും ആർ. ശങ്കറും സി.കെ. ഗോവിന്ദൻ നായരും വി എം. സുധീരനും ഒക്കെ ഇരുന്ന കസേരയിലാണ് ആരുടെയൊക്കെയോ വിവരദോഷം കൊണ്ട് താങ്കൾ ഇരിക്കുന്നത്. നാറ്റിക്കരുത്, ആ കസേരയേയും പ്രസ്ഥാനത്തേയും.'എം. പത്മകുമാർ പറഞ്ഞു.
പത്മകുമാറിനൊപ്പം ജോജു ജോർജിനെ കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് മലയാള സിനിമാ ലോകം പരസ്യ പ്രതികരണവുമായി എത്തി. പാർട്ടിക്കാരുടെ ഗുണ്ടായിസത്തിന് എതിര് പറയുന്നവരെ നേരിടേണ്ടത് മുഴുക്കുടിയനാക്കികൊണ്ടല്ലെന്നും നട്ടെലുള്ള കുറേ പൗരന്മാരുടെ ശബ്ദമാണ് പ്രതിഷേധമായി പ്രതിഫലിച്ചതെന്നും ജോജുവിന്റെ സഹപ്രവർത്തകർ പറയുന്നു. മധുപാൽ, സ്വാസിക, സാജിദ് യഹിയ, റോഷ്ന ആൻ റോയ്, നന്ദൻ ഉണ്ണി, സംവിധായകൻ അജയ് വാസുദേവ് തുടങ്ങി നിരവധിപേർ ജോജുവിന് പിന്തുണ അറിയിച്ച് രംഗത്തുവന്നു.
ഇന്ധന വിലവർധനയ്ക്കെതിരെ നടത്തിയ വഴിതടയൽ സമരത്തിനെതിരെ പ്രതിഷേധിച്ച് യാത്രക്കാരനായ ജോജു മുന്നിട്ടിറങ്ങിയതാണ് കോൺഗ്രസ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്. സംഭവത്തിൽ ജോജുവിന്റെ വാഹനത്തിന്റെ ചില്ല് തകർക്കുകയും നടന് ദേഹോപദ്രവും ഏൽക്കുകയും ചെയ്തു. സ്വാസിക: 'പ്രതിഷേധിക്കുന്നത് എന്നും നല്ലത് തന്നെയാണ് എന്നാൽ അത് ആരെയും ബുദ്ധിമുട്ടിച്ചു കൊണ്ടാവരുത്'. സമൂഹത്തിനു വേണ്ടിയുള്ള സമരം ഒരിക്കലും സമൂഹത്തിനെ ബുദ്ധിമുട്ടിച്ചു കൊണ്ടാവരുത് എന്ന് അദ്ദേഹം പറഞ്ഞത് അദ്ദേഹവും ഒരു സാധാരണ പൗരൻ ആയതുകൊണ്ടാണ്. ജോജു ചേട്ടനൊപ്പം
ഇന്ധന വിലവർധനവിനെതിരെ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ നടൻ ജോജു ജോർജിന്റെ വാഹനം തല്ലിത്തകർത്ത കേസിൽ മുൻ കൊച്ചി മേയർ ടോണി ചമ്മണിക്കെതിരെ എഫ്ഐആർ ഇട്ടു. ജോജുവിന്റെ വാഹനത്തിന് 6 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണു വിവരം. വാഹനം തകർത്തവരെ ഉടൻ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി. ഇപ്പോഴത്തെ നിയമ പ്രകാരം സ്വകാര്യ വ്യക്തികളുടെ വസ്തുക്കൾക്ക് നാശമുണ്ടാക്കിയാലും അത് കെട്ടിവച്ച ശേഷമേ ജാമ്യം കിട്ടൂ. അതിനാൽ ടോണി ചമ്മണിക്കും മറ്റും ജാമ്യത്തിന് പണം കെട്ടിവയ്ക്കേണ്ടി വരും.
സംഭവത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ജാമ്യമില്ലാ കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്. ടോണി ചമ്മണിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ജോജുവിന്റെ വാഹനം ആക്രമിച്ചതെന്നാണു എഫ്ഐആറിലുള്ളത്. വാഹനം തടഞ്ഞ്, ജോജുവിന്റെ ഷർട്ടിന് കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞു. വാഹനത്തിന്റെ ചില്ല് കല്ലുകൊണ്ട് ഇടിച്ചു തകർത്തതായും എഫ്ഐആറിലുണ്ട്. നടന്റെ പരാതിയിൽ മരട് പൊലീസാണ് കേസെടുത്തത്. കോൺഗ്രസിന്റെ വഴിതടയൽ സമരം ചോദ്യം ചെയ്തതിന് പിന്നാലെയാണ് ജോജുവിന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായത്.
വൈറ്റിലയിലായിരുന്നു തിങ്കളാഴ്ച രാവിലെ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ സമരം. റോഡിൽ വൻ ഗതാഗതക്കുരുക്കുണ്ടായതു ചോദ്യം ചെയ്താണ് ജോജു അടക്കമുള്ള യാത്രക്കാർ രംഗത്തെത്തിയത്.
മറുനാടന് മലയാളി ബ്യൂറോ