- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോജുവിന്റെ കാർ തകർത്ത കേസ്: ടോണി ചമ്മണി ഉൾപ്പടെ അഞ്ച് കോൺഗ്രസ് നേതാക്കൾ റിമാൻഡിൽ; ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും; കള്ളക്കേസിന് പകരം ചോദിക്കുമെന്ന് മുഹമ്മദ് ഷിയാസ്; ജോജു ജോർജിനെതിരെ പ്രതിഷേധം തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ
കൊച്ചി: റോഡ് ഉപരോധ സമരത്തിനിടെ പ്രതിഷേധിച്ച നടൻ ജോജു ജോർജിന്റെ കാർ അക്രമിച്ച സംഭവത്തിൽ പൊലീസിൽ കീഴടങ്ങിയ കോൺഗ്രസ് നേതാക്കളെ 22 വരെ കോടതി റിമാൻഡ് ചെയ്തു. മുൻ കൊച്ചി മേയർ ടോണി ചമ്മണി ഉൾപ്പെടെ അഞ്ച് പ്രതികളാണ് മരട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. നേതാക്കളുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.
ടോണി ചമ്മണിക്കു പുറമേ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ്, മണ്ഡലം പ്രസിഡന്റ് ജർജസ്, വൈറ്റില മണ്ഡലം സെക്രട്ടറി ജോസ് മാളിയേക്കൽ എന്നിവരടക്കമാണ് സ്റ്റേഷനിൽ ഹാജരായിട്ടുള്ളത്. ഇവരെ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് റിമാൻഡ് ചെയ്യുകയായിരുന്നു.
എട്ട് പ്രതികളുള്ള കേസിൽ രണ്ട് പേർ നേരത്തെ അറസ്റ്റിലായിരുന്നു. അനുരഞ്ജന ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് പ്രതികൾ കീഴടങ്ങിയതെന്നാണ് റിപ്പോർട്ട്. നേതാക്കൾക്കെതിരെ എടുത്തിരിക്കുന്നത് കള്ളക്കേസാണെന്നും ഇതിന് പകരം ചോദിക്കുമെന്നും എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. മരട് സ്റ്റേഷനിലേക്ക് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രകടനം പൊലീസ് വഴിയിൽ തടഞ്ഞു. പ്രവർത്തകർ ജോജു ജോർജിന്റെ കോലം കത്തിച്ചു.
ഇന്ധന വിലവർധനക്കെതിരെ കഴിഞ്ഞയാഴ്ച യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തിലാണ് നടൻ ജോജു ജോർജുമായി പ്രശ്നമുണ്ടായത്. ഗതാഗതം സ്തംഭിപ്പിച്ചുകൊണ്ടുള്ള സമരത്തിന് എതിരെയായിരുന്നു ജോജു ജോർജിന്റെ പ്രതിഷേധം. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ ജോജുവിന്റെ കാർ തകർത്തു. ജോജു മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നും അപമര്യാദയായി പെരുമാറിയെന്നും നേതാക്കൾ ആരോപിച്ചു. എന്നാൽ ജോജു ആ സമയത്ത് മദ്യപിച്ചിരുന്നില്ലെന്ന് പരിശോധനയിൽ വ്യക്തമായി.
ജോജുവിന്റെ കാർ തകർത്ത സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ജോജുവിന്റെ പരാതിയിൽ ടോണി ചമ്മണി ഉൾപ്പടെയുള്ള നേതാക്കളെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുക്കുകയായിരുന്നു.
കേസിൽ വൈറ്റിലെ ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ ഐഎൻടിയുസി നേതാവ് ജോസഫ് ജോർജിനെ, ഉറങ്ങിക്കിടക്കുമ്പോൾ പൊലീസ് വീട്ടിലെത്തി അറസ്റ്റു ചെയ്തു. പിന്നാലെ തൃക്കാക്കര കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡന്റ് ഷെരീഫ് ബുഹാരിയെയും അറസ്റ്റു ചെയ്തു. ഷെരീഫിനെ കോടതി പിന്നീട് റിമാൻഡ് ചെയ്തു. ജോസഫ് ജോർജ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് പ്രതികളെ ഹാജരാക്കുന്നതാണ് നല്ലതെന്ന നിലപാടിലേക്കു കോൺഗ്രസ് നേതൃത്വം എത്തിയത്. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നാണ് കോൺഗ്രസ് നിലപാട്.
നേതാക്കൾക്കെതിരെ എടുത്തിട്ടുള്ളത് വ്യാജ പരാതിയാണെന്ന നിലപാടിലാണ് ജില്ലാ കോൺഗ്രസ് നേതൃത്വം. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ജില്ലയിലെ എംഎൽഎമാർ, എംപിമാർ തുടങ്ങിയവരുമായി ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നേതാക്കളെ പൊലീസിനു മുമ്പാകെ ഹാജരാക്കാൻ തീരുമാനിച്ചതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പ്രതികരിച്ചു. സർക്കാരിന്റെ നടപടിയെ രാജ്യത്തിന്റെ നിയമ വ്യവസ്ഥകൾ അനുസരിച്ച് ചോദ്യം ചെയ്യണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് വരിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ സമരങ്ങളെ സിപിഎം ഭയക്കുന്നു. അതാണ് ഇത്തരത്തിൽ കള്ളക്കേസിൽ കുടുക്കാൻ നോക്കുന്നത്. പ്രവർത്തകരുടെ ആത്മവിര്യം തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അത് അനുവദിച്ചു കൊടുക്കില്ല. ഇതുകൊണ്ടൊന്നും കോൺഗ്രസിനെ തകർക്കാമെന്നു സിപിഎം ചിന്തിക്കണ്ട. പ്രവർത്തർക്കും നേതാക്കൾക്കും എതിരെ കള്ളക്കേസെടുത്ത ഉദ്യോഗസ്ഥരോടു നിയമപരമായി പകരം ചോദിക്കും.
ഇനിയും സമരം തുടരുന്നതിനാണ് തീരുമാനം. വനിതാ കോൺഗ്രസ് പ്രവർത്തകർക്കെതിരെ അസഭ്യ വർഷം നടത്തിയ ജോജുവിനെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കണം. ജോജു നടത്തിയ അസഭ്യവർഷവും തെമ്മാടിത്തരവും കേരളം കണ്ടതാണ്. സിപിഎമ്മിന്റെ നേതാക്കളായി പൊലീസ് ഉദ്യോഗസ്ഥർ മാറരുതെന്നും അറസ്റ്റു വരിക്കാനെത്തിയ നേതാക്കളെ അഭിവാദ്യം ചെയ്ത് മുഹമ്മദ് ഷിയാസ് പറഞ്ഞു
മറുനാടന് മലയാളി ബ്യൂറോ