- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേതാക്കളെല്ലാം ഫോണിൽ വിളിച്ചു മാപ്പു പറഞ്ഞു; നടന് വേണ്ടത് പരസ്യ ഖേദപ്രകടനം; ജോജു ജോർജ് കേസുമായി മുമ്പോട്ട് പോയാൽ ടോണി ചമ്മണി അടക്കം അഴിയെണ്ണേണ്ടി വരും; കാറിലെ അതിസുരക്ഷാ നമ്പർ പ്ലേറ്റിലെ പരാതിയും പ്രതികാരം; ഹരിയാനാ രജിസ്ട്രേഷനും മാസ്ക് ഇല്ലായ്മയും മറ്റ് കേസുകൾ; തർക്കം തുടരുമ്പോൾ
കൊച്ചി: നടൻ ജോജു ജോർജിനെതിരെ കോൺഗ്രസിന്റെ പക തീരുന്നില്ല. ഇന്ധന നികുതി കുറച്ചതിന്റെ പ്രതിഷേധത്തിലെ പ്രശ്നങ്ങളിൽ കേസ് ഒതുക്കാൻ ജോജു ജോർജ് സമ്മതിച്ചില്ല. ഇതോടെ കേസിലെ പ്രതികൾക്ക് ആറു ലക്ഷം നഷ്ടപരിഹാരം കെട്ടിവച്ചാലെ ജാമ്യം കിട്ടൂവെന്നതാണ് അവസ്ഥ. ഇതിന്റെ പ്രതികാരമായി ജോജുവിനെതിരെ കേസുകൾ കൂടുതലായി എത്തുകയാണ്. ജോജുവിന്റെ കാറിന്റെ അതിസുരക്ഷാ നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റി ഫാൻസി നമ്പർ പ്ലേറ്റ് പിടിപ്പിച്ചതിനു നടൻ ജോജു ജോർജിനെതിരെ മോട്ടർ വാഹന വകുപ്പ് കേസെടുത്തു. കോൺഗ്രസുകാരുടെ പരാതിയിലാണ് ഇടപെടൽ.
പിഴയടച്ചു അതിസുരക്ഷാ നമ്പർ പ്ലേറ്റ് പിടിപ്പിച്ചു വാഹനം ഹാജരാക്കാനാണ് എറണാകുളം ആർടിഒ പി.എം.ഷെബീറിന്റെ ഉത്തരവ്. കോൺഗ്രസ് പ്രവർത്തകനായ കളമശേരി സ്വദേശി മനാഫ് പുതുവായിൽ നൽകിയ പരാതിയിലാണു നടപടി. കോൺഗ്രസ് സമരത്തിനിടെ ഈ കാറിലാണു ജോജു വൈറ്റിലയിലെത്തിയത്. കേടു സംഭവിച്ച വാഹനം കുണ്ടന്നൂരിലെ ഷോറൂമിൽ അറ്റകുറ്റപ്പണിക്കു നൽകിയിരിക്കുകയാണ്. അസി.മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എ.ചന്തുവിന്റെ നേതൃത്വത്തിൽ അവിടെയെത്തി കാർ പരിശോധിച്ച് ആർടിഒക്ക് റിപ്പോർട്ട് നൽകുകയായിരുന്നു.
ജോജുവിന്റെ മറ്റൊരു കാർ ഹരിയാന റജിസ്ട്രേഷനുള്ളതാണെന്നും ഇവിടെ അനധികൃതമായി ഉപയോഗിക്കുന്നുവെന്ന പരാതി എറണാകുളം ആർടിഒക്കു ലഭിച്ചതു ചാലക്കുടി ആർടിഒക്കു കൈമാറിയിട്ടുണ്ട്. ഈ പരാതിയും ആർ ടി ഒ പരിശോധിക്കും. വണ്ടി കിട്ടിയാൽ നടപടിയും എടുക്കും. ഇതിനുള്ള നടപടി അവർ തുടങ്ങി കഴിഞ്ഞു.
കോൺഗ്രസുകാരുടെ ദേശീയ പാത ഉപരോധത്തിനെതിരെ രംഗത്തെത്തിയതിന്റെ പേരിൽ വ്യക്തിപരമായ അധിക്ഷേപം തുടരുന്നെന്ന പരാതിയുമായി നടൻ ജോജു ജോർജ് കോടതിയിൽ എത്തിയിരുന്നു. ജോജുവിന്റെ വാഹനം തകർത്ത കോൺഗ്രസ് പ്രവർത്തകൻ തൈക്കൂടം സ്വദേശി പി.ജി.ജോസഫിന്റെ ജാമ്യ ഹർജിയിൽ കക്ഷി ചേർക്കണം എന്നാവശ്യപ്പെട്ട് നടൻ കോടതിയിൽ അപേക്ഷ നൽകി. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകിയിരിക്കുന്നത്. തനിക്കെതിരായ അധിക്ഷേപം അവസാനിപ്പിക്കാൻ കോടതി ഇടപെടണം എന്നാണ് ജോജുവിന്റെ ആവശ്യം. ജാമ്യഹർജി 2.30ന് പരിഗണിക്കും.
സംഭവത്തിൽ ജില്ലയിലെ മുതിർന്ന നേതാക്കൾക്കെതിരെ ഉൾപ്പെടെ ജാമ്യമില്ലാത്ത വകുപ്പുകളിൽ കേസെടുത്തിട്ടുള്ള സാഹചര്യത്തിൽ കോൺഗ്രസ് നേതാക്കൾ ഒത്തു തീർപ്പു ചർച്ചയ്ക്കു ശ്രമം നടത്തിയിരുന്നു. ജോജുവിന്റെ സഹപ്രവർത്തകർ വഴിയുള്ള ഒത്തുതീർപ്പിനായിരുന്നു ശ്രമം. ജോജു കേസിൽ കക്ഷി ചേരാൻ എത്തിയ സാഹചര്യത്തിൽ ഒത്തുതീർപ്പു സാധ്യത വിദൂരമായി. ഇതിനിടെ കോൺഗ്രസ് പ്രവർത്തകർ വിവിധ പരാതികളുമായി ജോജുവിനെതിരെ രംഗത്തെത്തിയിരുന്നു.
നടൻ മാസ്ക് ഉപയോഗിക്കാതെ നിരത്തിലിറങ്ങിയതിനാൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് കേസെടുക്കണം എന്ന ആവശ്യവുമായി സിറ്റി പൊലീസ് കമ്മിഷണറെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിൽ കോൺഗ്രസ് നേതാക്കളുമായി തൽക്കാലം ഒത്തുതീർപ്പിനില്ലെന്ന് ജോജു ജോർജ് വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തിപരമായി വി.ഡി സതീശനും കെ. സുധാകരനും ഖേദ പ്രകടനം നടത്തിയിട്ടുണ്ടെന്നും ജോജുവിന്റെ അഭിഭാഷകൻ രഞ്ജിത്ത് മാരാർ പറഞ്ഞു. 'കോൺഗ്രസ് നേതാക്കൾ ഫോണിൽ വിളിച്ച് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. പരസ്യമായി പ്രസ്താവന നൽകാനും അവർ തയ്യാറാണ്. പരസ്യമായ ഖേദ പ്രകടനം എന്തായാലും ഉണ്ടാവണം'- അഡ്വ. രഞ്ജിത്ത് മാരാർ പറഞ്ഞു.
ഒത്തുതീർപ്പിന് ചില വ്യവസ്ഥകൾ ജോജു മുന്നോട്ട് വെച്ചിട്ടുണ്ട്. കോൺഗ്രസ് നേതാക്കൾ തനിക്കെതിരെ നടത്തിയ വ്യക്തിപരമായ പ്രസ്താവനകൾ പരസ്യമായി പിൻവലിക്കണമെന്നാണ് ജോജു ജോർജിന്റെ നിലപാട്. സ്ത്രീകൾക്കെതിരെ അസഭ്യം പറഞ്ഞു എന്നതുൾപ്പടെയുള്ള ഗുരുതരമായ പരാതികളാണ് കോൺഗ്രസ് ജോജുവിനെതിരെ ഉയർത്തിയിരുന്നത്. ഇതെല്ലാം പൊതുസമൂഹത്തിന് മുന്നിലുണ്ടെന്നും ഇത് പിൻവലിക്കണമെന്നുമാണ് ജോജുവിന്റെ ആവശ്യം. അങ്ങനെയെങ്കിൽ ഒത്തുതീർപ്പിനെ കുറിച്ച് ആലോചിക്കാമെന്നാണ് ജോജുവിന്റെ നിലപാടെന്നുമാണ് ജോജുവിന്റെ അഭിഭാഷകന്റെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.
ഇക്കാര്യത്തിൽ ഒരു ഒത്തുതീർപ്പിന്റെ സാധ്യത പൂർണമായും അടഞ്ഞിട്ടില്ല. കോൺഗ്രസ് നേതാക്കളിൽ നിന്ന് വരാനിരിക്കുന്ന പ്രസ്താവനയെ ആശ്രയിച്ചായിരിക്കും കേസിന്റെ ഭാവി നടപടികൾ എന്ന സൂചനയാണ് ജോജുവിന്റെ അഭിഭാഷകൻ നൽകുന്നത്. ന്ധന വിലവർധനവിനെതിരെ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ നടൻ ജോജു ജോർജിന്റെ വാഹനം തല്ലിത്തകർത്ത കേസിൽ മുൻ കൊച്ചി മേയർ ടോണി ചമ്മണിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ജോജുവിന്റെ വാഹനത്തിന് 6 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണു വിവരം.
സംഭവത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ജാമ്യമില്ലാ കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്. ടോണി ചമ്മണിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ജോജുവിന്റെ വാഹനം ആക്രമിച്ചതെന്നാണു എഫ്ഐആറിലുള്ളത്. വാഹനം തടഞ്ഞ്, ജോജുവിന്റെ ഷർട്ടിന് കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞു. വാഹനത്തിന്റെ ചില്ല് കല്ലുകൊണ്ട് ഇടിച്ചു തകർത്തതായും എഫ്ഐആറിലുണ്ട്.
മറുനാടന് മലയാളി ബ്യൂറോ