- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നടൻ ജോജു ജോർജ്ജിന്റെ കാർ തകർത്ത കേസ്: ഒളിവിലായിരുന്ന രണ്ട് പ്രതികൾ കൂടി കീഴടങ്ങി; ടോണി ചമ്മണി ഉൾപ്പടെയുള്ളവരെ കാക്കനാട് സബ് ജയിലിലേക്കു മാറ്റി; ജോജുവിനെതിരെ പ്രതിഷേധം തുടർന്ന് യൂത്ത് കോൺഗ്രസ്
കൊച്ചി: ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് വൈറ്റിലയിൽ കോൺഗ്രസ് റോഡ് ഉപരോധ സമരത്തിനെതിരെ പ്രതികരിച്ച നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ ഒളിവിലായിരുന്ന രണ്ടു പ്രതികൾ കൂടി കീഴടങ്ങി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ.ഷാജഹാൻ, മണ്ഡലം പ്രസിഡന്റ് അരുൺ വർഗീസ് എന്നിവരാണ് മരട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഇരുവരെയും ആരോഗ്യ പരിശോധനയ്ക്കു വിധേയമാക്കി കോടതിയിൽ ഹാജരാക്കും.
തിങ്കളാഴ്ച അറസ്റ്റിലായ കൊച്ചി മുൻ മേയർ ടോണി ചമ്മണി ഉൾപ്പടെയുള്ളവരെ റിമാൻഡ് ചെയ്ത് കാക്കനാട് സബ് ജയിലിലേക്കു മാറ്റി. ആരോഗ്യ കാരണങ്ങളാലാണ് നേരത്തേ ഷാജഹാൻ കീഴടങ്ങാൻ എത്താതിരുന്നത് എന്നാണ് വിശദീകരണം. അറസ്റ്റ് ഉറപ്പായതോടെ ഷാജഹാനും അരുണും മൊബൈൽ ഫോൺ ഓഫ് ചെയ്ത് ജില്ല വിട്ടു. ദിവസങ്ങളായി ഇടുക്കി ജില്ലയിൽ ഇവർ ഒളിവിൽ കഴിയുകയായിരുന്നു.
ഇന്ധന വിലവർധനയ്ക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ കേസെടുത്ത പൊലീസ് നടപടികളെ നിയമപരമായി നേരിടാൻ പാർട്ടി തീരുമാനമുണ്ടായതോടെയാണ് നേതാക്കൾ കീഴടങ്ങിയത്. കേസിൽ പ്രതികളായ നേതാക്കൾ അറസ്റ്റു വരിച്ച് ജയിലിൽ പോകാനും നേതൃത്വം തീരുമാനിച്ചു. എന്നാൽ നേതാക്കൾ ശ്രമിച്ചിട്ടും ഇവരെ ഫോണിൽ ലഭിക്കാതായതോടെ പൊലീസിനു മുന്നിൽ ഹാജരാകുന്നതു വൈകുകയായിരുന്നു.
നടൻ ജോജു ജോർജുമായുള്ള വിഷയത്തിൽ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം തുടരുകയാണ്. എറണാകുളം ഷേണായിസ് തിയേറ്ററിന് മുന്നിൽ നടന്റെ ചിത്രമുള്ള റീത്ത് വച്ചാണ് ഇന്ന് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. ജോജു അഭിനയിച്ച ചിത്രത്തിന്റെ പോസ്റ്റർ നീക്കിയില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
ജോജുവിന്റെ കാർ അടിച്ച് തകർത്തതുമായി ബന്ധപ്പെട്ട കേസിൽ ഇന്ന് രണ്ട് കോൺഗ്രസ് പ്രവർത്തകർ കൂടി മരട് സ്റ്റേഷനിൽ എത്തി കീഴടങ്ങുന്നുണ്ട്. ഇതിന് മുന്നോടിയായി ഡിസിസി ഓഫീസിൽ നിന്ന് പ്രതിഷേധ പ്രകടനവുമായി ഷേണായിസ് തിയേറ്ററിലേക്ക് എത്തിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.
നടൻ ജോജു ജോർജ് അഭിനയിച്ച സ്റ്റാർ എന്ന ചിത്രം കോവിഡിന് ശേഷം തിയേറ്റർ തുറന്നപ്പോൾ ഷേണായീസ് തിയേറ്ററിൽ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ പ്രദർശനം കഴിഞ്ഞ് സിനിമ മാറി ഒരാഴ്ച പിന്നിട്ടിട്ടും നടന്റെ പോസ്റ്റർ ഇവിടെനിന്ന് നീക്കംചെയ്തില്ലെന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവും മുദ്രാവാക്യംവിളികളുമായി എത്തിയത്.
മറുനാടന് മലയാളി ബ്യൂറോ