ജൂനിയർ ആർട്ടിസ്റ്റായി വന്ന് മലയാളത്തിലെ മുൻനിര താരവും സിനിമാ നിർമ്മാതാവുമായി മാറിയ ആളാണ് ജോജു ജോർജ്. താൻ ആദ്യമായി നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ജോസഫ്' എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ ഏറെ സന്തോഷത്തോടെ പങ്കുവയ്ക്കുകയാണ് ജോജു. താൻ നായകനാകുന്ന ചിത്രത്തിൽ മലയാളത്തിലെ പല മുൻനിര നടിമാരും അഭിനയിക്കാൻ വിസ്സമ്മതിച്ചെന്നും അത് നന്നായി എന്നും ജോജു പറയുന്നു.

പുതുമുഖങ്ങളായ രണ്ട് നടിമാർക്ക് അതിലൂടെ അവസരം ലഭിച്ചു. പല പ്രതിസന്ധിയിലൂടെയും കടന്നാണ് താൻ സിനിമയിലെത്തിയതെന്നും ദൈവാനുഗ്രമാണ് തന്നെ നയിക്കുന്നതെന്നും ജോജു പറയുന്നു.

മനം നിറഞ്ഞ് ജോജു

ജൂനിയർ ആർട്ടിസ്റ്റിൽ നിന്നും നായകനാകുന്ന കാര്യം ജോജു സ്വപ്‌നത്തിൽ പോലും ചിന്തിച്ചിരുന്നില്ല. ചെറിയ റോളിൽ നിന്നും നായക കഥാപാത്രത്തിലേക്കുള്ള ദൂരത്തെ പറ്റി ചോദിക്കുമ്പോൾ ജോജു പറയുന്നതിനങ്ങനെ. 'കഥാപാത്രങ്ങൾ തമ്മിൽ ദൈവാനുഗ്രഹത്തിന്റെ ദൂരമെന്നേ ഞാൻ പറയൂ. ഞാൻ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിക്കാൻ എത്തുന്ന കാലത്തുതന്നെ വിലയേറിയ സഹസംവിധായകനാണ് എം. പത്മകുമാർ.

അദ്ദേഹത്തിന്റെ ചിത്രത്തിലൂടെ തന്നെ നായകനാകാൻ കഴിഞ്ഞത് ഭാഗ്യം. ഒട്ടേറെ പുരസ്‌കാരങ്ങൾ നേടിയ സംവിധായകൻ സനൽകുമാർ ശശിധരന്റെ 'ചോല' എന്ന സിനിമയിലും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞത് ഒട്ടേറെ പാഠങ്ങൾ നൽകി. ഒരു നായക കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ സമ്മർദങ്ങൾ ഏറെയാണെന്നാണ് എനിക്കു തോന്നുന്നത്.

ശ്രദ്ധ മുഴുവൻ നമ്മിലേക്കു തിരിയുന്നു. ശ്രദ്ധാകേന്ദ്രമാകുന്നത് എനിക്കു വലിയ പേടിയാണ്. സ്വഭാവനടനാകുമ്പോൾ ആ പ്രശ്‌നങ്ങളില്ല. അതുകൊണ്ടു തന്നെ ഇനി അടുത്തൊന്നും നായകനാകാനില്ല.

ജോസഫിൽ നിന്നും ലഭിച്ചത്, ജോജുവിന്റെ വാക്കുകൾ

'ജോസഫ്' എനിക്കു ചുറ്റും ഏറെ നാളായി കറങ്ങിനടന്ന പ്രോജക്ടാണ്. തിരക്കഥാകൃത്ത് ഷാഹി കബീർ ആദ്യമായി കഥ പറഞ്ഞപ്പോൾ പേടിയോടെയാണ് അതു കേട്ടിരുന്നത്. അത്രയും ത്രില്ലർ സ്വഭാവമാണ് ചിത്രത്തിന്. പിന്നീടു പലകാരണങ്ങളാൽ പ്രോജക്ട് നടന്നില്ല. പല മുൻനിര നടിമാരും, നടന്മാരും ഞാൻ നായകനായ ചിത്രത്തിൽ അഭിനയിക്കാൻ വിമുഖത കാട്ടിയിരുന്നു.

ആദ്യം വിഷമം തോന്നിയെങ്കിലും പുതിയ കഴിവുറ്റ കലാകാരന്മാർക്ക് അതുകാരണം അവസരം ലഭിച്ചല്ലോ എന്ന സന്തോഷം ഇപ്പോഴുണ്ട്. ഒന്നാമത് ഞാൻ ഏറ്റവും ബഹുമാനിക്കുന്ന പപ്പേട്ടന്റെ ചിത്രത്തിലൂടെ നായകനാകാൻ കഴിഞ്ഞത്. രണ്ടാമത് എന്റെ ശരിക്കുള്ള പേര് ജോസഫ് എന്നാണ്. അതേ പേരിലുള്ള ചിത്രത്തിൽ ആദ്യമായി നായകനായി അഭിനയിക്കാൻ സാധിച്ചതും ഏറെ സന്തോഷം നൽകുന്നു.

സമൂഹത്തിലെ ഭീകരമായ ഒരു വിഷയമാണ് ജോസഫ് കൈകാര്യം ചെയ്യുന്നത്. ഒരു പൊലീസുകാരൻ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത് എന്നതും ചിത്രത്തിനു ഗുണകരമായിട്ടുണ്ട്.