- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസ് സമരത്തെ ചില സാമൂഹിക വിരുദ്ധർ തകർക്കാൻ ശ്രമിച്ചു; ജോജു ജോർജിനെ രൂക്ഷമായി വിമർശിച്ച് കെ.സുധാകരൻ വീണ്ടും; സമരം ചെയ്യാൻ വന്ന പ്രവർത്തകരെ അപമാനിക്കാൻ ആര് വന്നാലും പ്രത്യാഘാതം രൂക്ഷമായിരിക്കും എന്ന് മുന്നറിയിപ്പ്
കൊച്ചി: ഇന്ധനവില വർദ്ധനവിന് എതിരായ കോൺ്ഗ്രസ് സമരത്തിൽ ഇടപെട്ട് പ്രതിഷേധിച്ച നടൻ ജോജു ജോർജിനെതിരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വീണ്ടും രംഗത്തെത്തി. ജോജുവിനെതിരായ ആക്രമണത്തെ ന്യായീകരിച്ച് അദ്ദേഹത്തെ സാമൂഹിക വിരുദ്ധനെന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് സുധാകരന്റെ പ്രതികരണം. സമരം ചെയ്യാൻ വന്ന പ്രവർത്തകരെ അപമാനിക്കാൻ ആര് വന്നാലും പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി.
കെ.സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് എറണാകുളം ഡിസിസി നടത്തിയ സമരത്തെ തകർക്കാൻ ചില സാമൂഹിക വിരുദ്ധർ ശ്രമിച്ചതായുള്ള വാർത്തകൾ ശ്രദ്ധയിൽ പെട്ടു .അനാവശ്യ സമരങ്ങൾ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പാർട്ടി അല്ല കോൺഗ്രസ്. ഇന്ധന വില വർദ്ധനവ് അസഹനീയമായ സാഹചര്യത്തിലാണ് രൂക്ഷമായ സമരപരമ്പരയ്ക്ക് കോൺഗ്രസ് തുടക്കമിട്ടിരിക്കുന്നത്.
ജനങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങൾ അൽപം ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. പക്ഷേ അത്തരം സമരങ്ങളിലൂടെയാണ് നാം പല നേട്ടങ്ങളും കൈവരിച്ചതെന്ന് ആരും മറന്നു പോകരുത്. കോടികളുടെ സമ്പത്തിൽ അഭിരമിക്കുന്നവർക്ക് ഇന്ധന വിലവർദ്ധനവ് പ്രശ്നമല്ലായിരിക്കാം. പക്ഷേ അത്താഴപ്പട്ടിണിക്കാരന്റെ അവസ്ഥ അതല്ല .
ജനപക്ഷത്ത് നിന്ന് സമരം നയിക്കുമ്പോൾ വില വർദ്ധനവിനെ ന്യായീകരിക്കുന്ന കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളുടെ അടിമകൾ എതിരേ വരുന്നത് സ്വാഭാവികമാണ്. തുടർച്ചയായി നടക്കുന്ന സ്ത്രീ പീഡനങ്ങളിൽ പോലും വാ തുറക്കാത്ത സിനിമാ നടന്മാർ ജനങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങളെ എതിർക്കുന്നത് അപലപനീയമാണ്.
അൽപമെങ്കിലും സാമൂഹിക പ്രതിബദ്ധത കാണിക്കാൻ താരങ്ങൾ തയ്യാറാകണം. സമരം ജനങ്ങൾക്ക് വേണ്ടിയാണെന്ന സത്യം ഭരണകൂടങ്ങൾക്ക് താരാട്ട് പാടുന്ന മാധ്യമങ്ങൾക്ക് അംഗീകരിക്കാൻ മടിയുണ്ട്. എന്നാൽ ജനം സമരത്തിന് അനുകൂലമെന്ന് പ്രതികരണങ്ങളിൽ നിന്ന് ഇപ്പോൾ മാധ്യമങ്ങളും മനസ്സിലാക്കിയിരിക്കുന്നു.
സമരം ചെയ്യാൻ വന്ന പ്രവർത്തകരെ അപമാനിക്കാൻ ആര് വന്നാലും പ്രത്യാഘാതം രൂക്ഷമായിരിക്കും. സാധാരണക്കാരുടെ പ്രതിഷേധം ഭരണകൂടങ്ങളെ കേൾപ്പിച്ച എറണാകുളം DCC യ്ക്കും സമര ഭടന്മാർക്കും അഭിവാദ്യങ്ങൾ!
അതേസമയം, ജോജു ജോർജിന്റെ കാർ തല്ലിത്തകർത്ത സംഭവം കോൺഗ്രസിന്റെ ഗുണ്ടാ സംസ്കാരത്തിന്റെ തെളിവാണെന്ന് ഡിവൈഎഫ്ഐ പ്രതികരിച്ചു. ഇന്ധനവില വർദ്ധനവിനെതിരെ സമരം ചെയ്യാൻ കോൺഗ്രസ്സിന് ധാർമ്മികമായ അവകാശമില്ല. ദിനം പ്രതി ഇന്ധന വില വർദ്ധിക്കാൻ തുടങ്ങിയത് ഇന്ധന വില നിയന്ത്രണാധികാരം എണ്ണക്കമ്പനികൾക്ക് വിട്ടുകൊടുത്തതാണ്. കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സർക്കാരാണ് കോർപ്പറേറ്റുകൾക്കായി ഈ ജനവിരുദ്ധ തീരുമാനമെടുത്തതെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.
ഡിവൈഎഫ്ഐ പ്രസ്താവന:
''നടൻ ജോജു ജോർജിന്റെ കാർ തല്ലിത്തകർത്ത സംഭവം കോൺഗ്രസ്സിന്റെ ഗുണ്ടാ സംസ്കാരത്തിന്റെ തെളിവ്. ശ്രീ കെ സുധാകരന്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് ഒരുഗുണ്ടാ സംഘമായി മാറിക്കഴിഞ്ഞതിന്റെ ലക്ഷണമാണിത്. കേരളം ജാഗ്രതയോടെ ഈ ഗുണ്ടാ സംസ്കാരത്തെ നേരിടണം. ഇന്ധനവില വർദ്ധനവിനെതിരെ സമരം ചെയ്യാൻ കോൺഗ്രസ്സിന് ധാർമ്മികമായ അവകാശമില്ല. ദിനം പ്രതി ഇന്ധന വില വർദ്ധിക്കാൻ തുടങ്ങിയത് ഇന്ധന വില നിയന്ത്രണാധികാരം എണ്ണക്കമ്പനികൾക്ക് വിട്ടുകൊടുത്തതാണ്. കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സർക്കാരാണ് കോർപ്പറേറ്റുകൾക്കായി ഈ ജനവിരുദ്ധ തീരുമാനമെടുത്തത്.''
''ഇതിന് പുറമെയാണ് കേന്ദ്ര സർക്കാർ ചുമത്തുന്ന പ്രത്യേക നികുതികൾ. വർധിച്ച ഈ നികുതി പിരിവിന് കരണമാകുന്നതാകട്ടെ,കോർപ്പറേറ്റുകൾക്ക് മോദി സർക്കാർ ചെയ്തുകൊടുക്കുന്ന വൻ നികുതി ഇളവുകളാണ്.അതി സമ്പന്നർക്ക് നികുതി ഇളവ് ചെയ്യുന്നു,അവരുടെ കടങ്ങൾ എഴുതി തള്ളുന്നു.പകരം ജനങ്ങളിൽ നിന്നും ഇന്ധന നികുതി അധികം ഈടാക്കുന്നു. ഈ നയം 1991 ൽ കോൺഗ്രസ്സ് ആരംഭിച്ചതിന്റെ തുടർച്ചയാണ്.ഈ നിമിഷം വരെ ഈ ജനവിരുദ്ധനയം നടപ്പിലാക്കിയതിൽ കോൺഗ്രസ്സ് പശ്ചാത്തപിച്ചു കണ്ടില്ല.മോദി അതിവേഗം തുടരുന്ന,കോൺഗ്രസ്സ് തുടങ്ങി വച്ച നയത്തിനെതിരെ കോൺഗ്രസ്സ് തെരുവിൽ പ്രതിഷേധിക്കുന്ന രസകരമായ കാഴ്ചയാണ് ഇപ്പോൾ നടക്കുന്നത്.
ഇനി ഇന്നത്തെ പ്രതിഷേധ സംഭവത്തിലേക്ക് വരാം..''''കൊച്ചിയിൽ യാത്രക്കാരെ പൂർണമായും വലച്ചും, ദീർഘനേരം നീണ്ടുനിൽക്കുന്നതുമായ റോഡ് ഉപരോധത്തിനാണ് കോൺഗ്രസ്സ് നേതൃത്വം നൽകിയത്.കണ്ട ദൃശ്യങ്ങളിൽ, ജോജു ആവശ്യപ്പെട്ടത്,സമരത്തിന് എതിരല്ല, ഇങ്ങനെയല്ലല്ലോ നടത്തേണ്ടത്. ഒരു വശത്തു കൂടെയുള്ള ഗതാഗതം എങ്കിലും തടസ്സപ്പെടുത്തരുത് എന്നാണ്.അത് ന്യായവുമാണ്.''''ഇന്ധന വില വർദ്ധനവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉയർത്തി ഡിവൈഎഫ്ഐ ഇക്കഴിഞ്ഞ മാസം അഞ്ചു ദിവസത്തെ ധർണ്ണാ സമരം നടത്തി.അവസാന ദിവസം ചക്ര സ്തംഭന സമരം നടത്തി.അഞ്ചു മിനിറ്റ് ദൈർഖ്യം മാത്രമായിരുന്നു സമരം.
തന്നെയുമല്ല നേരത്തെ പ്രഖ്യാപിച്ചു. പ്രതീകാത്മകമാണ് ഇത്തരം സമരങ്ങൾ.ജനങ്ങളെ വലയ്ക്കണം എന്ന ലക്ഷ്യത്തോടെ അകരുത്.കുറച്ചു നാളുകൾക്ക് മുൻപ് സംയുക്ത തൊഴിലാളി യൂണിയനുകൾ റോഡ് ഉപരോധിച്ചു.''''അതും ഇതുപോലെ കുറച്ചു നിമിഷങ്ങൾ മാത്രമായിരുന്നു സമരം. കൊച്ചിയിൽ കണ്ടത് തനി ഗുണ്ടായിസമായിരുന്നു.ജോജുവിന്റെ കാർ തല്ലി തകർത്തു.അദ്ദേഹത്തിനു നേർക്ക് ആക്രമണം ഉണ്ടായി.ഇത് ഗുണ്ടായിസമാണ്.സംഭവത്തോട് പ്രതികരിച്ച കെസുധാകരനാകട്ടെ, നിരുത്തരവാദപരമായിട്ടാണ് സംസാരിച്ചത്. ജോജു മദ്യപിച്ചിരുന്നു, അയാൾ സ്ത്രീകളോട് മോശമായി പെരുമാറി എന്നൊക്കെയായിയുന്നു കെ പി സി സി അധ്യക്ഷന്റെ പ്രതികരണം.എത്ര നിരുത്തരവാദപരമാണ് ഈ പ്രസ്താവന. സുധാകരൻ കള്ളംപറയുകയാണ് എന്ന് ദൃശ്യങ്ങൾ കണ്ട ഏതൊരാൾക്കും ബോധ്യമാകും. കോൺഗ്രസ്സുകാർ നടത്തിയ ഗുണ്ടായിസത്തിന് പ്രോത്സാഹനം നൽകുകയാണ്. ഇനിയും ഇങ്ങനൊയൊക്കെ ഞങ്ങൾ ചെയ്യും എന്ന് വെല്ലുവിളിക്കുകയാണ്.ഇത് അംഗീകരിക്കാനാകില്ല.''
മറുനാടന് മലയാളി ബ്യൂറോ