2016 സെപ്റ്റംബറിൽ ഹോളിവുഡ് ദമ്പതിമാരായ ആൻജലിന ജോളിയും ബ്രാഡ്പിറ്റും വേർപിരിയാൻ തീരുമാനിച്ചത് ഇരു താരങ്ങളുടെയും ആരാധകരെ കടുത്ത നിരാശയിലേക്കായിരുന്നു തള്ളി വിട്ടിരുന്നത്. ബ്രാഡ് പിറ്റിന്റെ കടുത്ത മദ്യപാനശീലമായിരുന്നു ഇവർ തമ്മിലുള്ള പ്രശ്‌നങ്ങളുടെ പ്രധാന കാരണം. അതിനെ തുടർന്ന് അദ്ദേഹത്തിന്റെ കരിയറിലും തിരിച്ചടികൾ സംഭവിച്ചിരുന്നു. എന്നാൽ ജോലിയില്ലാതെ ജീവിക്കാൻ വയ്യെന്ന് തിരിച്ചറിഞ്ഞ ബ്രാഡ് പിറ്റ് മദ്യപാനം അവസാനിപ്പിച്ചത് ഇവരുടെ ജീവിതത്തിൽ തികച്ചും സിനിമാറ്റിക്കായ വഴിത്തിരിവാണ് ഉണ്ടാക്കിയിരിക്കുന്നത്. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം താരദമ്പതികൾ ആവേശത്തോടെ കെട്ടിപ്പിടിച്ചുവെന്നാണ് പുതിയ വാർത്ത. കൂടാതെ വിവാഹമോചന കേസ് പിൻവലിച്ച് ഇരുവരും ഒരുമിച്ച് ജീവിക്കുമെന്നും റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.

പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ഏഴാഴ്ച മുമ്പ് ഇരുവരും ആദ്യമായി നേർക്ക് നേർ കണ്ടത്. തുടർന്നായിരുന്നു ഏവരെയും അതിശയിപ്പിച്ച് കൊണ്ട് താരങ്ങൾ കെട്ടിപ്പിടിച്ചത്. പിരിയാൻ തീരുമാനിച്ചതിന് ശേഷം ഇരുവരും റിഹാബ്, സ്പിരിച്വൽ കൗൺസിലിംഗുകൾക്ക് വിധേയമായിരുന്നു. തുടർന്ന് പിരിയാനുള്ള തീരുമാനം ഇവർ പുനപരിശോധിക്കുകായിരുന്നുവെന്നാണ് സൂചന. ഇതിനെ തുടർന്ന് ബ്രാവർലി ഹിൽസിലെ മൂന്ന് ബെഡ് റൂം വീട്ടിൽ ഒരുമിച്ച് ജീവിക്കുന്നതിനുള്ള ഒരുക്കങ്ങൾ ഇപ്പോൾ ആരംഭിച്ചിട്ടുമുണ്ട്. ഇവിടെ പെയിന്റടി നടക്കുകയും അനാവശ്യ വസ്തുക്കൾ എടുത്ത് കളഞ്ഞ് മോടിപിടിപ്പിക്കലും മറ്റും നടന്ന് വരുന്നുമുണ്ട്.

ഏഴാഴ്ച മുമ്പുള്ള ഇവരുടെ കൂടിക്കാഴ്ച ദമ്പതികളുടെ ജീവചരിത്രകാരനായ ഹാൽപെറിൻ വിവരിച്ചിട്ടുണ്ട്. ആദ്യം ഒരു കാറിൽ ജോളി എത്തുകയായിരുന്നു. തീരെ മെയ്ക്കപ്പില്ലാതെയായിരുന്നു അന്ന് ജോളി എത്തിയിരുന്നത്. തുടർന്ന് മറ്റൊരു കാറിൽ പിറ്റും അവിടേക്ക് എത്തുകയായിരുന്നു. തുടർന്ന് ഇരുവരും അടുത്തടുത്ത് വന്ന് ആദ്യം കൈകൾ ചേർത്ത് പിടിക്കുകയും പിന്നീട് അതൊരു ആലിംഗനമായി പരിണമിക്കുകയുമായിരുന്നുവെന്നാണ് ഹാൽപെറിൻ പറയുന്നത്. ഒരു സുഹൃത്തിന്റെ വീട്ടിൽ വച്ച് പാപ്പരാസികളുടെ കണ്ണ് വെട്ടിച്ചായിരുന്നു ഇരുവരും ദീർഘമായ ഇടവേളയ്ക്ക് ശേഷം ആദ്യമായി സംഗമിച്ചത്.

പിറ്റ്‌സിന്റെ അമിതമായ മദ്യം, മയക്കുമരുന്നുപയോഗം എന്നിവയുടെ പേരിലായിരുന്നു ജോളി കഴിഞ്ഞ വർഷം ഇടഞ്ഞത്. ഇതിന് പുറമെ പിറ്റും കൗമാരക്കാരനാ മകൻ മഡോക്‌സും തമ്മിൽ വിമാനയാത്രക്കിടെയുണ്ടായ പ്രശ്‌നങ്ങളും കഴിഞ്ഞ വർഷം വാർത്തയായിരുന്നു. ഈ സംഭവത്തെക്കുറിച്ച് എഫ്ബിഐയും സോഷ്യൽ സർവീസും അന്വേഷിച്ച് വരുന്നുണ്ട്. 2005ലെ ചിത്രമായ മിസ്റ്റർ ആൻഡ് മിസിസ് സ്മിത്തിന്റെ സെറ്റിൽ വച്ചായിരുന്നു ഇരു താരങ്ങളും പരസ്പരം അടുത്തിരുന്നത്. ദമ്പതികൾക്ക് മൂന്ന് കുട്ടികളാണുള്ളത്. കൂടാതെ മൂന്ന് കുട്ടികളെ ദത്തെടുത്തിട്ടുമുണ്ട്. ഇടവേളയ്ക്ക് ശേഷം ആദ്യമായി കണ്ടപ്പോൾ ഇരുവരും കരഞ്ഞ് പോകുന്ന അവസ്ഥയിലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.