- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുബൈയിലെ ബാർജിലുണ്ടായ അപകടത്തിൽ മരിച്ച വയനാട് സ്വദേശികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു; പനമരം സ്വദേശി ജോമിഷിന്റെ മൃതദേഹം മംഗളൂർ വിമാനത്താവളം വഴി ഇന്ന് വൈകീട്ട് നാട്ടിലെത്തിക്കും; ജോമിഷ് അപകടത്തിൽ പെടുന്നത് അടുത്ത മാസം ജോലി മതിയാക്കി നാട്ടിലേക്ക് വരാനിരിക്കെ
കൽപറ്റ: ടൗട്ടെ ചുഴലിക്കാറ്റിൽ മുംബൈ തീരത്തുണ്ടായ ബാർജ് അപകടത്തിൽ ജീവൻ പൊലിഞ്ഞ വയനാട് സ്വദേശികളായ രണ്ട് പേരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. പനമരം സ്വദേശി ജോമിഷ് ജോസഫ്,് കൽപറ്റ മൂപ്പൈനാട് സ്വദേശി സുമേഷ് വി എസ് എന്നിവരാണ് അപകടത്തിൽ മരിച്ച വയനാട് സ്വദേശികൾ.
കോട്ടയം സ്വദേശിയായ സാസിൻ ഇസ്മായിലും ഈ അപടകത്തിൽ മരിച്ച മലയാളിയാണ്. ജോമിഷിന്റെ മൃതദേഹം ഇന്നു വൈകിട്ടോടെ മംഗളൂരു വിമാനത്താവളം വഴി നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്ന് വൈകീട്ട് തന്നെ സംസാകരവുമുണ്ടാകും. നിയുക്ത എംഎൽഎ ടി.സിദ്ദിഖ് ജോമിഷിന്റെ വീട്ടിലെത്തി കുടുംബത്തെ അനുശേചനം അറിയിച്ചു. വയനാട് എംപി രാഹുൽ ഗാന്ധി കുടുംബത്തെ ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചിട്ടുണ്ട്.
ആറ് വർഷമായി ഡൽഹി ആസ്ഥാനമായുള്ള സിംഗപ്പൂർ കമ്പനിയിലെ ജീവനക്കാരനായിരുന്നു ജോമിഷ്. കുടുംബത്തിന്റെ അത്താണിയായിരുന്നു. കഴിഞ്ഞ ജൂണിലാണ് അവസാനമായി നാട്ടിലെത്തിയത്. തിരികെ പോകുമ്പോൾ പറഞ്ഞത് ഈ ജൂണിൽ ജോലി മതിയാക്കി നാട്ടിലേക്ക് വരുമെന്നാണ്. എന്നാൽ അറിയിച്ചതിലും ഒരു മാസം മുമ്പ് ചേതനയറ്റ ശരീരമാണ് ഇന്ന് വീട്ടിലേക്ക് എത്തുന്നത്. ജോമിഷിന്റെ ഭാര്യ ഡൽഹിയിൽ നഴ്സാണ്. ഏപ്രിൽ 5ന് ഭാര്യയെ ഡൽഹിയിലെ ജോലിസ്ഥലത്താക്കിയ ശേഷമാണു ജോമിഷ് മുംബൈയിലേക്കു പോയത്. ഇരുവരും കേരളത്തിന് പുറത്തായതിനാൽ അഞ്ചും മൂന്നും വയസ്സുള്ള മക്കളെ മാതാപിതാക്കളെ ഏൽപിച്ചാണ് പോയിരുന്നത്.
ഉടുപ്പും കളിപ്പാട്ടങ്ങലും പലഹാരങ്ങളുമായി പപ്പ വരുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ഈ കുരുന്നുകൾ. മരണ വീട്ടിൽ പതിക്കാനായി ജോമിഷിന്റെ ഫോട്ടോയുള്ള ആദാരാഞ്ജലികൾ എന്നെഴുതിയ സ്റ്റിക്കറുകളിൽ നോക്കിയിക്കുന്ന കുഞ്ഞുങ്ങളുടെ കാഴ്ച ഏവരെയും കണ്ണീരണിയിക്കുന്നതാണ്. അവധിക്കു നാട്ടിലെത്തുമ്പോൾ നാട്ടിലെ എല്ലാ വിഷയങ്ങളിലും ജോമിഷ് ഇടപെടാറുണ്ടായിരുന്നു.നാട്ടുകാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിലും മിടുക്കനായിരുന്നു ജോമിഷ്. അതുകൊണ്ട് തന്നെ വീടിനടുത്ത് വലിയൊരു സുഹൃദ്വലയം തന്നെയുണ്ട് ജോമിഷിന്. ഇന്നലെ വിവരമറിഞ്ഞപ്പോൾ മുതൽ ജോമിഷിന്റെ വീട്ടിലേക്ക് ആളുകളുടെ ഒഴുക്കാണ്. ജോയ്സിയാണ് ജോമിഷിന്റെ ഭാര്യ. ജോന തെരേസ ജോമിഷ്, ജോൽ ജോൺ ജോമിഷ് എന്നിവർ മക്കളാണ്. ജോസഫിന്റെയും ത്രേസ്യാമ്മയുടെയും മകനാണ്.
കൽപറ്റ വടുവഞ്ചാൽ മൂപ്പൈനാട് സ്വദേശി സുമേഷാണ് അപകടത്തിൽ മരിച്ച മറ്റൊരു വയനാട് സ്വദേശി. സുമേഷ് മരണപ്പെട്ടു എന്ന വിവരം ബന്ധുക്കൾക്ക് ലഭിച്ചത് ഇന്നാണ്. വടുവൻചാൽ മേലെ വെള്ളേരി സുധാകരന്റെ മകനാണ് സുമേഷ്. ബോസ്റ്റഡ് കൺട്രോൾ ആൻഡ് ഇലക്ട്രിക്കൽസിലെ ജീവനക്കാരനായിരുന്നു സുമേഷ്. അതേ സമയം അപകടത്തിൽ കോട്ടയം സ്വദേശിയായ ഒരാൾ കൂടി മരണപ്പെടുകയും കണ്ണൂർ സ്വദേശിയായ ഒരാളെ കാണാതാകുകയും ചെയ്തിട്ടുണ്ട്.
കോട്ടയം സ്വദേശിയായ സാസിൻ ഇസ്മാലാണ് അപകടത്തിൽ മരിച്ച മറ്റൊരു മലയാളി. ഇദ്ദേഹത്തിന്റെ മൃതദേഹം മുംബയ് ജെ ജെ ആശുപത്രി മോർച്ചറിയിലാണ്. കണ്ണൂർ ഏരുവേശ്ശി സ്വദേശി വലിയപറമ്പിൽ താന്നിക്കൽ വീട്ടിൽ ജോസഫിന്റെയും നിർമലയുടെയും മകൻ സനീഷ് ജോസഫിനെയാണ് കാണാതായിട്ടുള്ളത്.