- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോമോൻ പുത്തൻ പുരക്കലിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; ചിത്രമെത്തുക രാജസേനന്റെ സംവിധാനത്തിൽ; ചിത്രമൊരുങ്ങുന്നത് ജോമോന്റെ ജീവചരിത്രത്തെ ആസ്പദമാക്കി
തിരുവനന്തപുരം: അഭയ കേസിൽ മൂന്ന് പതിറ്റാണ്ട് കാലം സമാനതകളില്ലാത്ത നിയമ പോരാട്ടം നടത്തിയ ജോമോൻ പുത്തൻപുരയ്ക്കലിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. ജോമോൻ പുത്തൻപുരയ്ക്കലിന്റെ ജീവ ചരിത്രം ആസ്പദമാക്കി രാജസേനൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.അഭയ കേസിൽ നിരന്തരം നടത്തിയ നിയമ പോരാട്ടത്തിന്റെ നാൾവഴികളാണ് സിനിമയുടെ പ്രമേയം.
നാല് മാസത്തിനുള്ളിൽ സിനിമയുടെ ചിത്രീകരണം തുടങ്ങണം എന്ന വ്യവസ്ഥയിലാണ് ജോമോൻ രാജസേനന് സമ്മത കരാർ വ്യവസ്ഥ വച്ചിട്ടുള്ളത്. ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ പേരിൽ സിനിമ നിർമ്മിക്കുന്നത് അപൂർവമാണ്.സിനിമയിലെ അഭിനേതാക്കളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല
അഭയ കേസ് ആധാരമാക്കി നേരത്തെയും സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്. സുരേഷ് ഗോപി നായകനായ ക്രൈം ഫയൽ എന്ന ചിത്രം നേരത്തെ പുറത്തുവന്നിരുന്നു. എ കെ സാജന്റെയും എ കെ സന്തോഷിന്റെയും തിരക്കഥയിൽ കെ മധുവാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിൽ സംഗീതയാണ് അഭയയുടെ റോളിൽ എത്തിയത്.
പത്തു വർഷത്തിനു ശേഷമാണ് രാജസേനൻ ഒരു സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്. 2011ൽ റിലീസ് ചെയ്ത 'ഇന്നാണ് ആ കല്യാണം' ആണ് രാജസേനന്റേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം.
ജോമോൻ പുത്തൻ പുരയ്ക്കലിന്റെ നിരന്തര പോരാട്ടം
ആക്ഷൻ കൗൺസിൽ എന്ന പേരും അതിന്റെ പ്രവർത്തനങ്ങളും എന്താണെന്ന് മലയാളികൾക്ക് സുപരിചിതമായത് സിസ്റ്റർ അഭയ കൊലക്കേസിലൂടെയായിരുന്നു. വെറും ആത്മഹത്യയാണെന്ന് പൊലീസും ക്രൈംബ്രാഞ്ചും വിധിയെഴുതിയ അഭയയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തുന്നതിലേക്ക് വഴിതുറന്നതും ഈ ആക്ഷൻ കൗൺസിലിന്റെ പ്രവർത്തനങ്ങളായിരുന്നു. 28 വർഷങ്ങൾക്കിപ്പുറം അഭയ കൊലക്കേസിലുണ്ടായ കോടതി വിധി ജോമോൻ പുത്തൻപുരയ്ക്കലിന്റെ നിയമപോരാട്ടങ്ങളുടെ കൂടി വിജയമാണ്.
1992 മാർച്ച് 27നാണ് കോട്ടയം പയസ്സ് ടെൻത് കോൺവെന്റിലെ അന്തേവാസിയായ സിസ്റ്റർ അഭയയുടെ മൃതദേഹം കോൺവെന്റിലെ കിണറ്റിൽ കാണപ്പെട്ടത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തിൽ എത്തുകയായിരുന്നു. തുടർന്ന് ആക്ഷൻ സമിതിയും ജോമോൻ പുത്തൻപുരയ്ക്കൽ ഉൾപ്പെടെയുള്ളവരും നടത്തിയ ഇടപെടലുകൾ കേസിൽ നിർണ്ണായകമായി. സിബിഐ അന്വേഷണം തുടങ്ങി 15 വർഷത്തിനുശേഷമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് സിബിഐ ആശ്രയിച്ചത്.