മൂന്നാം പ്രാവിശ്യവും അഭയ കേസിന്റെ അന്വേഷണം അവസാനിപ്പിച്ചുകൊണ്ട് 2005 ഓഗസ്റ്റ് 30 ന് സിബിഐ. കൊടുത്ത അന്തിമ റിപ്പോർട്ട് ശരി വയ്ക്കുവാൻ ശ്രമിച്ച എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആയിരുന്ന വി.ടി. രഘുനാഥ് എന്ന് ജോമോൻ പുത്തൻപുരയ്ക്കൽ. അഭയ കേസ് അട്ടിമറിക്കാൻ വി.ടി. രഘുനാഥ് ശ്രമിച്ചതിന്റെ രേഖകളും ജോമോൻ പുറത്തു വിട്ടു. പ്രതികളെ കോടതി ശിക്ഷിച്ച ദിവസം മുതലെടുപ്പ് നടത്താൻ അഭയ കേസിന്റെ രക്ഷകൻ ആണെന്ന വ്യാജേന ഏഷ്യാനെറ്റ് ന്യൂസ് അവറിൽ ചർച്ചക്ക് വന്ന വി.ടി. രഘുനാഥിനെ ജോമോൻ പുത്തൻപുരയ്ക്കൽ ഇന്നലെ പൊളിച്ചടുക്കിയിരുന്നു. അതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച രേഖകളും ജോമോൻ ഫേസ്‌ബുക്കിലൂടെ പുറത്ത് വിട്ടത്.

സിബിഐയുടെ മൂന്നാം റഫർ റിപ്പോർട്ട് പരിഗണിച്ച അന്നത്തെ എറണാകുളം സിജെഎം ആയിരുന്നു വി ടി രഘുനാഥ്. ചാനൽ ചർച്ചയിൽ സിബിഐ കണ്ടെത്തലുകളിൽ സംശയം തോന്നിയ താൻ പയസ് ടെൻത് കോൺവെന്റിൽ സ്ഥലം സന്ദർശിക്കാൻ തീരുമാനിച്ചിരുന്നതായി വി ടി രഘുനാഥ്‌ പറഞ്ഞിരുന്നു. ഉത്തരവിറങ്ങിയതിനുപിന്നാലെ അന്നത്തെ രജിസ്ട്രാറും പിന്നീട് ഹൈക്കോടതി ജഡ്ജിയുമായ എ വി രാമകൃഷ്ണപിള്ള വിളിച്ച് പോകരുതെന്ന്‌ ആവശ്യപ്പെട്ടു. ഒരു ഹൈക്കോടതി ജഡ്ജിയുടെ നിർദ്ദേശപ്രകാരമാണ് വിളിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. "അഭയ കേസുമായി ബന്ധപ്പെട്ട ഫയലുകൾ എന്റെ കോടതിയിൽനിന്ന് ഹൈക്കോടതിയിലെ പ്രത്യേക ദൂതൻ വന്ന് കൊണ്ടുപോയി. സ്ഥലം സന്ദർശിക്കാനുള്ള ഉത്തരവ് ഹൈക്കോടതി പിന്നീട് റദ്ദാക്കി. പിന്നാലെ തന്നെ എറണാകുളം സബ്ജഡ്ജായി സ്ഥലം മാറ്റുകയും ചെയ്‌തു. കേസിലുൾപ്പെട്ട ഉന്നതരുടെ സ്വാധീനം ഇതിൽ ഉണ്ടായിരിക്കാം. എന്റെ മുന്നിൽ കേസ്‌ എത്തുമ്പോൾ സാക്ഷി രാജുവിന്റെ പേര് ഉണ്ടായിരുന്നില്ല. പുതിയ സിബിഐ സംഘം അന്വേഷണം ഏറ്റെടുത്തശേഷമാണ് സാക്ഷിപ്പട്ടികയിൽ രാജു എത്തിയത്'- വി ടി രഘുനാഥ് പറഞ്ഞു.

എന്നാൽ, വി ടി രഘുനാഥിന്റെ വാദങ്ങളെയെല്ലാം തെളിവുകൾ നിരത്തിയാണ് ജോമോൻ ഖണ്ഡിക്കുന്നത്. കേസ് അന്വേഷണം അവസാനിപ്പിക്കണമെന്ന സിബിഐ റിപ്പോർട്ട് ശരിവെക്കുകയായിരുന്നു സിജെഎം ആയിരുന്ന രഘുനാഥ്. അഭയ കേസ് അന്വേഷണം അവസാനിപ്പിക്കാനുള്ള സിബിഐ റിപ്പോർട്ട് ശരിവെക്കുന്ന രേഖകൾക്കൊപ്പം അതെല്ലാം നേരത്തേ തന്നെ തന്റെ ഡയറിക്കുറിപ്പുകളിൽ പ്രസിദ്ധപ്പെടുത്തിയിരുന്ന കാര്യവും ജോമോൻ ചൂണ്ടിക്കാട്ടുന്നു. 2005 ആ​ഗസ്റ്റ് 30നാണ് അഭയ കേസ് അന്വേഷണം അവസാനിപ്പിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് സിബിഐ എറണാകുളം സിജെഎം കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകിയത്.

സിബിഐ സ്പെഷ്യൽ പ്രൊസിക്യൂട്ടർ കെ പി സതീശന്റെ ജൂനിയറായി സിജെഎം രഘുനാഥിന്റെ ഭാര്യ പ്രാക്ടീസ് ചെയ്യുന്ന സമയത്തായിരുന്നു രഘുനാഥ് ഈ കേസ് കേട്ടതെന്നും ജോമോൻ തന്റെ ഡയറിക്കുറിപ്പുകളിൽ നേരത്തേ തന്നെ പ്രസിദ്ധീകരിച്ചിരുന്നു. രഘുനാഥനും സതീശനും ഈ വിവരം ര​ഹസ്യമായി സൂക്ഷിച്ചെങ്കിലും മറ്റൊരു അഭിഭാഷകൻ മുഖേന താൻ ഈ വിവരം അറിഞ്ഞെന്നും ഇതിന്റെ രേഖകളെല്ലാം ശേഖരിച്ച് ഒരു ചാനൽ ചർച്ചയിൽ തന്നെ വെളിപ്പെടുത്തിയെന്നും സതീശൻ ഇക്കാര്യം സമ്മതിച്ചെന്നും ജോമോൻ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരെ താൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസ് കേൾക്കുന്നതിനുള്ള നടപടികളുമായി രഘുനാഥ് മുന്നോട്ട് പോകുകയായിരുന്നു എന്നും ജോമോൻ ഡയറിക്കുറിപ്പിൽ പ്രസിദ്ധീകരിച്ചിരുന്നു.

2005 സെപ്റ്റംബർ 26ന് അഭയ കേസിൽ വാദം കേട്ട സിജെഎം രഘുനാഥ് താൻ പയസ് ടെൻത് കോൺവെന്റിൽ പരിശോധന നടത്തുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ, ഇത് താൻ നിഷ്പക്ഷനാണ് എന്ന് സ്വയം ചമയാൻ രഘുനാഥ് നടത്തിയ ശ്രമമാണെന്നും ജോമോൻ ചൂണ്ടിക്കാട്ടുന്നു. പിന്നീട് ഹൈക്കോടതി ഇടപെട്ട് ഈ നീക്കം മരവിപ്പിക്കുകയായിരുന്നു. ഇതിനെയാണ് ഹൈക്കോടതി കേസിൽ ഇടപെട്ടെന്നും താനാണ് അഭയ കേസിന്റെ രക്ഷകൻ എന്നും കഴിഞ്ഞ ​ദിവസം മേനി നടിക്കാൻ രഘുനാഥിന് പ്രേരകമായത്. എന്നാൽ, കേസ് അവസാനിപ്പിക്കാനുള്ള ​ഗൂഢനിക്കത്തെ ഹൈക്കോടതിയുടെ സഹായത്തോടെ തടയുകയാണ് അന്നുണ്ടായതെന്ന് രേഖകൾ സഹിതം ജോമോൻ വ്യക്തമാക്കുന്നു.

 

മൂന്നാം പ്രാവിശ്യവും അഭയ കേസിന്റെ അന്വേഷണം അവസാനിപ്പിച്ചുകൊണ്ട് 2005 ഓഗസ്റ്റ് 30 ന് സിബിഐ. കൊടുത്ത അന്തിമ റിപ്പോർട്ട്...

ഇനിപ്പറയുന്നതിൽ Jomon Puthenpurackal പോസ്‌റ്റുചെയ്‌തത് 2020, ഡിസംബർ 23, ബുധനാഴ്‌ച