- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂര്യനൊപ്പം കൊടൈക്കനാൽ യാത്രയ്ക്ക് പോയത് ശത്രുതയായി; ഫോട്ടോയ്ക്ക് ലൈക്ക് അടിച്ചതോടെ ഒറ്റുകാരൻ 'കുഞ്ഞു' ആണെന്ന് ഉറപ്പിച്ചു; വിവസ്ത്രനാക്കി മർദ്ദിച്ചത് മൂന്ന് മണിക്കൂർ; വിരലുകൾ കൊണ്ട് കണ്ണു കുത്തിപ്പൊട്ടിച്ചു; ഷാനെ ജോമോന്റെ ശത്രുവാക്കിയത് ഇൻസ്റ്റാഗ്രാം ചിത്രം; കോട്ടയത്തേത് ആസൂത്രിത കൊല തന്നെ
കോട്ടയം: ഷാൻ വധത്തിൽ ഇൻക്വസ്റ്റ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തു വരുമ്പോൾ തെളിയുന്നത് ആസൂത്രിത കൊലപാതകത്തിന്റെ സൂചനകൾ. ക്രൂരമർദ്ദനമാണ് യുവാവ് നേരിട്ടത്. ദേഹത്ത് മർദ്ദനമേറ്റതിന്റെ 38 പാടുകൾ ഉണ്ട്. കാപ്പിവടി കൊണ്ടാണ് ഷാനെ ആക്രമിച്ചതെന്ന് കേസിലെ മുഖ്യപ്രതിയായ ജോമോൻ പൊലീസിനോട് പറഞ്ഞു. ജോമോന് ഷാനെ കൊല്ലണമെന്ന് ഉദ്ദേശമില്ലെന്ന തരത്തിൽ കോട്ടയം എസ് പി പ്രതികരിച്ചിരുന്നു. എന്നാൽ അത് ശരിയല്ലെന്നതാണ് വസ്തുത. മരണമുറപ്പിച്ച ശേഷമാണ് ശരീരം പൊലീസ് സ്റ്റേഷനു മുന്നിൽ ഉപേക്ഷിച്ചത്.
ഷാനെ വിവസ്ത്രനാക്കി മൂന്ന് മണിക്കൂറോളം മർദ്ദിച്ചു. കണ്ണിൽ വിരലുകൾ കൊണ്ട് കുത്തി. സുഹൃത്തായിരുന്ന ഷാന്റെ കൂറുമാറ്റമാണ് പകയ്ക്ക് കാരണമെന്നും ജോമോൻ മൊഴി നൽകി. കേസിൽ ഇന്ന് കൂടുതൽ പേരെ അറസ്റ്റ് ചെയ്തേക്കും. ജോമോനെ കൂടാതെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളും സഹായികളായ 13 പേരും കസ്റ്റഡിയിലുണ്ട്.ഞായറാഴ്ച രാത്രി സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന യുവാവിനെ ഗുണ്ടാനേതാവായ ജോമോൻ തട്ടിക്കൊണ്ടുപോയി തല്ലിക്കൊല്ലുകയായിരുന്നു.
ഇന്നലെ പുലർച്ചെ മൂന്നരയോടെ ഷാന്റെ മൃതദേഹം ചുമലിലേറ്റിയാണ് ഇയാൾ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടിട്ടത്. ജോമോനെ ഏറ്റുമാനൂരിലെ ഹൈടെക് സെല്ലിലേക്ക് മാറ്റിയിട്ടുണ്ട്. ജോമോൻ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് പൊലീസിന് ഒറ്റുകൊടുത്തുവെന്ന സംശയത്തിന്റെ പേരിലാണ്. കൊല്ലപ്പെട്ട ഷാൻ എതിർ സംഘാംഗങ്ങളുടെ ഒപ്പം ഉല്ലാസയാത്ര പോയതും ഫോട്ടോ സമൂഹമാധ്യങ്ങളിൽ പങ്കുവെച്ചതും സംശയം ബലപ്പെടുത്തി. ഷാൻ മുഖേന എതിർ സംഘത്തലവനായ സൂര്യനെ കണ്ടെത്താനും ജോമോൻ പദ്ധതിയിട്ടു.
കൊല്ലപ്പെട്ട ഷാനിന്റെ സുഹൃത്ത് സൂര്യൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഷാനിനെ കൊലപ്പെടുത്തിയ ജോമോന്റെ എതിർ സംഘത്തിന്റെ തലവനാണ് സൂര്യൻ എന്നറിയപ്പെടുന്ന കഞ്ഞിക്കുഴി സ്വദേശി ശരത് പി. രാജ്. കൊടൈക്കനാൽ യാത്രക്കിടയിലെടുത്ത ചിത്രം 3 ദിവസം മുമ്പ് സൂര്യൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ഇതിന് ലൈക്കടിച്ചതോടെയാണ് ഷാൻ ജോമോന്റെ നോട്ടപ്പുള്ളിയായത്.
മണർകാട് സ്വദേശി ലുതീഷിന്റെ ഗുണ്ടാ സംഘത്തിലെ അംഗമാണ് കേസിലെ പ്രതിയായ ജോമോൻ. കൊല്ലപ്പെട്ട ഷാൻ, ജോമോന്റെ ഉറ്റ സുഹൃത്തുമായിരുന്നു. ജോമോൻ ഷാനിനെ 'കുഞ്ഞു' എന്നാണ് വിളിച്ചിരുന്നത്. ഏതാനും മാസങ്ങൾക്ക് ലുതീഷിനെ തൃശൂരിൽ വച്ച് സൂര്യനും സംഘവും മർദിച്ചിരുന്നു. പ്രതികാരത്തിന് ഒരുങ്ങുന്നതിനിടെ ലുതീഷും ജോമോനും പൊലീസിന്റെ പിടിയിലായി. ഇരുവരെ പൊലീസ് കാപ്പ ചുമത്തി നാട് കടത്തി.
ഒറ്റാണ് പൊലീസ് പിടികൂടാൻ കാരണമെന്ന് വിശ്വസിച്ച ജോമോൻ ഒറ്റിയവരെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു. ഇതിനിടെയാണ് സൂര്യനോടൊപ്പമുള്ള ഷാനിന്റെ ചിത്രം പുറത്തുവരുന്നത്.
മറുനാടന് മലയാളി ബ്യൂറോ