ലയാളത്തിൽ നിലവിലുള്ള എല്ലാ ബോക്സ്ഓഫീസ് റെക്കോർഡുകളും തകർത്ത ചിത്രമായിരുന്നു മോഹൻലാലിന്റെ വൈശാഖ് ചിത്രം 'പുലിമുരുകൻ'. എന്നാലിപ്പോൾ പുലിമുരുകനെയും കടത്തിവെട്ടിയിരിക്കുകയാണ് സത്യൻ അന്തിക്കാട് ദുൽഖർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ജോമോന്റെ സുവിശേഷങ്ങൾ എന്ന ചിത്രം. പുലിമുരുകന്റെ ടീസറിനും ട്രെയ്ലറിനും ആദ്യ ദിവസങ്ങളിൽ ലഭിച്ച ജനപ്രീതിയെ മറികടന്നിരിക്കുകയാണ് ജോമോന്റെ സുവിശേഷങ്ങൾ.

ഇതുവരെയുള്ള കണക്കുകളനുസരിച്ച് ആറരലക്ഷത്തിലധികം കാഴ്‌ച്ചക്കാരാണ് ടീസറിന് യുട്യൂബിൽ ലഭിച്ചത്. ആദ്യ 20 മണിക്കൂറിൽ ലഭിച്ച കാഴ്ചകൾ 4.92 ലക്ഷമായിരുന്നു. പുലിമുരുകൻ ടീസറിന് ആദ്യ 20 മണിക്കൂറിൽ ലഭിച്ച യുട്യൂബ് കാഴ്ചകൾ 4.28 ലക്ഷവും 'തോപ്പിൽ ജോപ്പന്റെ' ആദ്യടീസറിന് ലഭിച്ചത് 3.27 ലക്ഷവുമായിരുന്നു. (തോപ്പിൽ ജോപ്പന്റെ രണ്ടാം ടീസറിന് 20 മണിക്കൂറിൽ 4.5 ലക്ഷം കാഴ്ചകൾ ലഭിച്ചിരുന്നു). കസബയുടെ ടീസർ ആദ്യ 20 മണിക്കൂറിൽ 3.74 ലക്ഷവും കമ്മട്ടിപ്പാടത്തിന്റേത് 2.96 ലക്ഷവും കണ്ടു. എന്നാൽ പുലിമുരുകൻ ട്രെയ്ലറിന് ആദ്യ 20 മണിക്കൂറുകളിൽ 4.91 ലക്ഷം കാഴ്ചകൾ ലഭിച്ചിരുന്നു.

ഇക്‌ബാൽ കുറ്റിപ്പുറം രചന നിർവഹിക്കുന്ന ചിത്രത്തിൽ ധനികനായ ഒരു
വ്യവസായിയുടെ മകനായാണ് ദുൽഖർ എത്തുന്നത്. രസകരമായ ടീസറിൽ താരം ദുൽഖർ തന്നെയാണ്. മുകേഷാണ് ദുൽഖറിന്റെ അച്ഛനായെത്തുന്നത്. ആദ്യമായാണ് ദുൽഖർ സത്യൻ അന്തിക്കാടിന്റെ നായകനാകുന്നത്. കാക്കമുട്ടെ ഫെയിം ഐശ്വര്യ, അനുപമ പരമേശ്വരൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ.

ഫുൾമൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് നിർമ്മിക്കുന്ന ചിത്രത്തിൽ ഇന്നസെന്റ്, വിനു മോഹൻ, ഇർഷാദ്, മുത്തുമണി, എന്നിവരാണ് മറ്റു താരങ്ങൾ. വിദ്യാ സാഗറാണ് സംഗീതം. ക്രിസ്മസ് റിലീസായി ചിത്രം തീയറ്ററുകളിലെത്തും.