ത്യൻ അന്തിക്കാട് ആദ്യമായി ദുൽഖർ സൽമാനെ നായകനാക്കി സംവിധാനം ചെയ്യുന്ന 'ജോമോന്റെ സുവിശേഷങ്ങളു'ടെ ഫസ്റ്റ്ലുക്ക് പുറത്തെത്തി. ജീൻസും ടീഷർട്ടുമിട്ട് കാഷ്വൽ ലുക്കിൽ ഒരു ഭിത്തിയിൽ ചാരിനിൽക്കുന്ന ദുൽഖറാണ് പോസ്റ്ററിൽ.

ചെറുപ്പം മുതൽ തന്റെ ആരാധനാപാത്രങ്ങളായ ചിലർക്കൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം ഫസ്റ്റ്ലുക്കിനൊപ്പം ദുൽഖർ ഫേസ്‌ബുക്കിലൂടെ പങ്കുവച്ചു. ഇതൊരു മനോഹരമായ സിനിമ ആയിരിക്കുമെന്നും ദുൽഖർ കുറിച്ചു.

താഴേക്കിടയിൽ നിന്ന് വളർന്നുവന്ന വിൻസെന്റ് എന്ന വ്യവസായിയുടെയും കുടുംബത്തിന്റെയും  കഥയാണ് 'ജോമോന്റെ സുവിശേഷങ്ങൾ'. ടൈറ്റിൽ റോളിൽ ദുൽഖറെത്തുമ്പോൾ വിൻസെന്റായി മുകേഷും വിൻസെന്റിന്റെ മറ്റൊരു മകനായി വിനു മോഹനും എത്തുന്നു. 'ജോമോന്റെ' കൂട്ടുകാരി 'കാതറിൻ' എന്ന കഥാപാത്രമായി അനുപമ പരമേശ്വരനും എത്തുന്നു.

'ഇന്ത്യൻ പ്രണയകഥ'യ്ക്ക് ശേഷം സത്യൻ അന്തിക്കാടിന് വേണ്ടി ഇക്‌ബാൽ കുറ്റിപ്പുറം എഴുതുന്ന തിരക്കഥയാണ് 'ജോമോന്റെ സുവിശേഷങ്ങളു'ടേത്. സേതു മണ്ണാർക്കാട് ഫുൾമൂൺ സിനിമയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ഇന്നസെന്റ്, ഇർഷാദ്, ജേക്കബ് ഗ്രിഗറി, മുത്തുമണി, ഇന്ദു തമ്പി, രസ്ന എന്നിവരും കഥാപാത്രങ്ങളാവുന്നു.

തൃശൂർ, തിരുപ്പൂർ, കുംഭകോണം, തഞ്ചാവൂർ എന്നിവടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം. ക്രിസ്തുമസ് റിലീസായി ചിത്രം തിയറ്ററുകളിലെത്തും.