സ്‌പോർട്‌സ്മാൻ സ്പിരിറ്റ് എന്നത് കായിക ലോകത്തുമാത്രം കാണാനാകുന്ന സഹവർത്തിത്വത്തിന്റെ മനോഹരമായ ദൃശ്യങ്ങളാണ്. ഒപ്പം മത്സരിക്കുന്ന ഒരാളുടെ വേദന കാണാനാതാകെ, അയാളെ സഹായിക്കാൻ മുന്നിട്ടിറങ്ങുന്ന എത്രയോ ദൃശ്യങ്ങൾക്ക് റിയോ ഒളിമ്പിക്‌സ് വേദിയായി. ഇപ്പോഴിതാ ലോക ട്രയാത്ത്‌ലൺ സീരീസ് ഫൈനലിലും അത്തരമൊരു സ്പോർട്സ്മാൻ സ്പിരിറ്റ് കാഴ്ച പിറന്നു.

ബ്രിട്ടീഷ് താരങ്ങളും സഹോദരന്മാരുമായ ജോണി ബ്രൗണിയും അലസ്റ്റർ ബ്രൗണിയുമാണ് ഈ കഥയിലെ നായകന്മാർ. മെക്‌സിക്കോയിലെ കൊസുമെലിൽ നടന്ന ട്രയാത്ത്‌ലൺ വേൾഡ് സീരീസാണ് വേദി. ഫിനിഷ് ചെയ്യാൻ 700 മീറ്റർ ഉള്ളപ്പോൾ ജോണിയാണ് മുന്നിട്ടുനിന്നിരുന്നത്.

രണ്ടാം ട്രയാത്ത്‌ലൺ സീരീസ് കിരീടത്തിലേക്ക് ജോണി ഓടിക്കയറുകയാണെന്ന് ഏവരും കരുതി. എന്നാൽ, പെട്ടെന്നാണ് ജോണി ട്രാക്കിലേക്ക് കുഴഞ്ഞുവീഴാൻ തുടങ്ങിയത്. മൂന്നാമതായി ഓടിക്കൊണ്ടിരുന്ന അലസ്റ്ററിന് പെട്ടെന്ന് അപകടം മണത്തു. ഓടിവന്ന് സഹോദരനെ താങ്ങിനിർത്തിയ അലസ്റ്റർ സഹോദരനെ തോളിൽതാങ്ങി ഫിനിഷ് ലൈൻ കടത്താൻ സഹായിച്ചു.

സീസണിലെ അവസാന ട്രയാത്ത്‌ലൺ മത്സരമായിരുന്നു കൊസുമലിൽ നടന്നത്. സ്‌പെയിൻകാരൻ മരിയോ മോളയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു ജോണി ബ്രൗണി. അതുകൊണ്ടാണ് സ്വന്തം വിജയത്തെക്കാൾ സഹോദരന്റെ വിജയത്തിന് അലസ്റ്റർ പ്രാധാന്യം കൽപിച്ചത്. ഒളിമ്പിക് ചാമ്പ്യനാണെങ്കിലും അലസ്റ്റർ വേൾഡ് സീരീസിൽ ആദ്യ സ്ഥാനങ്ങളിലുണ്ടായിരുന്നില്ല.

10 കിലോമീറ്റർ ഓട്ടവും നീന്തലും സൈക്ലിങ്ങുമുൾപ്പെട്ട ട്രയാത്ത്‌ലണിലെ ഓട്ടമത്സരത്തിനിടെയാണ് ജോണി കുഴഞ്ഞുവീണത്. മെക്‌സിക്കോയിലെ ചൂടാണ് ജോണിയെ വലച്ചത്. റിയോയിൽ അലസ്റ്ററിനും ജോണിക്കും പിന്നിൽ വെങ്കലം നേടിയ ദക്ഷിണാഫ്രിക്കക്കാരൻ ഹെന്റി ഷൂമാൻ മെക്‌സിക്കോയിൽ ഒന്നാമതെത്തി.