- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചിഹ്നം മാത്രമാണ് ജോസിന് പോയത് പാർട്ടി തന്റേയെന്ന വിചിത്ര വാദവുമായി ജോസഫ് രംഗത്ത്; ജോസിനെ കൂടെ കൂട്ടാൻ കോൺഗ്രസ് രംഗത്തിറങ്ങിയതോടെ പ്രതിഷേധവുമായി നേതാക്കളെയെല്ലാം കണ്ടു; വിലപേശലിന് ശക്തികൂട്ടി ജോസും; പിരിഞ്ഞിട്ടും പിരിയാത്ത പ്രശ്നങ്ങളുമായി കേരളാ കോൺഗ്രസ്; യുഡിഎഫ് ആകെ ധർമ്മ സങ്കടത്തിൽ; ജോസിനെ കൂടെ കൂട്ടാൻ കരുക്കൾ നീക്കി സിപിഎമ്മും
തിരുവനന്തപുരം: കേരളകോൺഗ്രസിനെ(എം) യുഡിഎഫിലേക്കു തിരികെ കൊണ്ടുവരുന്നതിൽ ചർച്ചകൾ പുരോഗമിക്കുമ്പോൾ നിറയുന്നത് അവ്യക്തത മാത്രം. ജോസിനെ തിരികെ കൊണ്ടു വരുന്നതിൽ കോൺഗ്രസ് നേതൃത്വത്തെ അതൃപ്തി അറിയിച്ചു കേരളകോൺഗ്രസ് (ജോസഫ്) നേതാക്കൾ നടത്തി നീക്കമാണ് ഇതിന് കാരണം. നേതാക്കളായ രമേശ് ചെന്നിത്തല,മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻ ചാണ്ടി,ബെന്നി ബഹനാൻ എന്നിവരെയാണു പി.ജെ.ജോസഫ് കണ്ടത്. ജോയി ഏബ്രഹാം, മോൻസ് ജോസഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
എതിർവിഭാഗത്തെ മുന്നണിയിലെക്കെടുക്കുന്നതിനെതിരെ ശക്തമായ വികാരമാണു ജോസഫ് പ്രകടിപ്പിച്ചത്. വിധിയിൽ പഴുതുകളുണ്ടെന്നും അപ്പീൽ പ്രയോജനം ചെയ്യുമെന്നുമുള്ള വിശ്വാസത്തിലാണ് അദ്ദേഹം. അതുകൊണ്ട് തന്നെ ജോസ് കെ മാണിയുമായി ചർച്ച നടത്തരുതെന്നാണ് ആവശ്യം. എന്നാൽ ഇതിന് കഴിയില്ലെന്ന് കോൺഗ്രസിലെ ഒരു വിഭാഗം പറയുന്നു. കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തോടെ ഔദ്യോഗിക കക്ഷി ജോസ് വിഭാഗമായതോടെ അവരെക്കൂടി മുന്നണിയിൽ ഉൾക്കൊണ്ടുപോകാനുള്ള താൽപര്യമാണു കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയത്.എന്നാൽ തുടർന്നും അതു തർക്കങ്ങൾക്കു വഴിവയ്ക്കുമെന്ന അഭിപ്രായമായിരുന്നു ജോസഫിന്റേത്. യുഡിഎഫിൽ വിശദചർച്ച നടത്തി തീരുമാനമെടുക്കാമെന്ന ധാരണയിൽ ഇരുകൂട്ടരും പിരിഞ്ഞു.
അതിനിടെ ജോസ് കെ മാണിക്ക് വേണ്ടി ഇടതു പക്ഷം ചരട് വലികൾ നടത്തുന്നുണ്ട്. കാത്തിരുന്നു കാണാനാണ് ജോസ് കെ മാണിയുടെ തീരുമാനം. യുഡിഎഫുമായി ചർച്ച നടത്തുകയും ചെയ്യുമെന്നും സൂചനയുണ്ട്. ഇക്കാര്യത്തിൽ മുസ്ലിംലീഗിന്റെ നിലപാട് നിർണ്ണായകമാകും. കൃത്യമായ വിലപേശലാണ് ജോസ് കെ മാണി നടത്തുന്നത്. കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കയിലും ജയപരാജയങ്ങൾ നിശ്ചയിക്കാനുള്ള കരുത്ത് കേരളാ കോൺഗ്രസിനുണ്ടെന്ന് കോൺഗ്രസിനും അറിയാം. രണ്ടില ചിഹ്നം കിട്ടിയ ജോസ് കെ മാണി കൂടുതൽ കരുത്തനുമാകും. ഇതോടെയാണ് കോ്ൺഗ്രസ് ഒത്തുതീർപ്പിനുള്ള ശ്രമങ്ങൾ തുടങ്ങിയത്.
താനാണ് ഇപ്പോഴും പാർട്ടിയുടെ വർക്കിങ് കമ്മിറ്റി ചെയർമാൻ എന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ ചിഹ്നത്തെക്കുറിച്ചു മാത്രമാണു തീരുമാനം എടുത്തതെന്നും പി.ജെ.ജോസഫ് പറയുന്നു. ജോസ് കെ.മാണിക്ക് ചെയർമാൻ സ്ഥാനം അവകാശപ്പെടാൻ കഴിയില്ല. പാർട്ടി ചിഹ്നം ജോസ് കെ.മാണിക്ക് നൽകിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം നീതിപൂർവമല്ലെന്നും ഇതിനെതിരെ ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഈ വാദത്തിലൂടെ യുഡിഎഫിനേയും കോൺഗ്രസിനേയും സമ്മർദ്ദത്തിലാക്കാനാണ് ജോസഫിന്റെ ശ്രമം. എന്നാൽ ചർച്ച നടത്തേണ്ടി വരുമെന്ന കോൺഗ്രസ് നിലപാട് ജോസഫിനെ വെട്ടിലാക്കുകയും ചെയ്യുന്നു.
ജോസ് കെ.മാണിയെ ചെയർമാനായി തിരഞ്ഞെടുത്ത നടപടി മരവിപ്പിച്ച ഇടുക്കി സബ് കോടതി വിധി നിലനിൽക്കുന്നുണ്ട്. ചെയർമാനായി അദ്ദേഹം പ്രവർത്തിക്കുന്നതും യോഗം വിളിച്ചു ചേർക്കുന്നതും കോടതിയലക്ഷ്യമാണ്. പാർട്ടി ചെയർമാൻ സ്ഥാനം സംബന്ധിച്ച തർക്കത്തിലേക്കു തിരഞ്ഞെടുപ്പ് കമ്മിഷൻ കടന്നിട്ടില്ല. ജോസ് കെ.മാണിയെ പാർട്ടി ചെയർമാനായി കമ്മിഷൻ പ്രഖ്യാപിച്ചിട്ടില്ല. ചിഹ്നം സംബന്ധിച്ച് കമ്മിഷൻ എടുത്ത തീരുമാനത്തിൽ ഒരംഗം വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ജോസ് കെ.മാണിക്കെതിരെ കോടതിയലക്ഷ്യത്തിനു കേസ് കൊടുക്കുമെന്നും ജോസഫ് പറയുന്നു.
ജോസ് കെ. മാണി വിഭാഗത്തിനു യുഡിഎഫിൽ തുടരാൻ അർഹതയില്ലെന്നാണു കൺവീനർ ബെന്നി ബഹനാൻ പറഞ്ഞത്. കെപിസിസി പ്രസിഡന്റ് കാര്യങ്ങൾ പൂർണമായും മനസ്സിലാക്കാതെയാണു പ്രതികരിച്ചത്. അദ്ദേഹത്തെ കാര്യങ്ങൾ ധരിപ്പിക്കുമെന്നും പി.ജെ.ജോസഫ് പറഞ്ഞു. ജോസഫിനെ പിണക്കാതെ ജോസ് കെ മാണി വിഷയത്തിൽ തീരുമാനം എടുക്കാനാകില്ലെന്ന് യുഡിഎഫ് തിരിച്ചറിയുന്നു. ഈ ഘട്ടത്തിൽ മുസ്ലിംലീഗ് നേതൃത്വത്തിന്റെ നിലപാട് നിർണ്ണായകം.
രണ്ടില ചിഹ്നം ലഭിച്ചതിന് പിന്നാലെ രാഷ്ട്രീയ നീക്കങ്ങൾക്ക് വേഗം കൂട്ടി ജോസ് കെ മാണിയും ജോസഫിനെതിരെ രംഗത്തുണ്ട്. പാർട്ടി ജില്ലാ നേതൃയോഗങ്ങൾ ഉടൻ വിളിച്ച് ചേർക്കും. പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് ജയിക്കുകയും എന്നാൽ ജോസഫ് പക്ഷത്തിനൊപ്പം പോവുകയും ചെയ്ത തദ്ദേശഭരണ സ്ഥാപനങ്ങളിലേതുൾപ്പെടെയുള്ള ജനപ്രതിനിധികൾക്കെതിരായ അയോഗ്യതാ നടപടികൾക്ക് ജില്ലാ നേതൃയോഗങ്ങൾ രൂപം നൽകും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭൂരിപക്ഷ വിധി പ്രകാരം രണ്ടില ചിഹ്നവും കേരളാ കോൺഗ്രസ് ( എം) എന്ന പാർട്ടി പേരും തുടർന്നുപയോഗിക്കാൻ ജോസ് വിഭാഗത്തിന് സാധിക്കുമെന്നതാണ് വസ്തുത. പാർട്ടി അധികാര തർക്കത്തിൽ നിർണായക വിജയം നേടിയതോടെ പി.ജെ ജോസഫിനൊപ്പം പോയവരെ തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങളാണ് ജോസ്. കെ.മാണി പയറ്റുന്നത്.
ഇതിന്റെ ഭാഗമായി രണ്ടില ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച എല്ലാ ജനപ്രതിനിധികളും തിരിച്ചെത്തണമെന്ന് ജോസ്. കെ. മാണി വിഭാഗം ആവശ്യപ്പെട്ടുകഴിഞ്ഞു. മടങ്ങിയെത്താത്തവർക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ജില്ലാ നേതൃയോഗങ്ങൾ ഇക്കാര്യങ്ങൾക്ക് അന്തിമ രൂപം നൽകും.
മറുനാടന് മലയാളി ബ്യൂറോ