- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജോസ് കെ മാണി ഇനി ഇടതു മുന്നണിയുടെ ഉശിരൻ 'സഖാവ്'! പാലാ നഗരസഭ എൽഡിഎഫ് പിടിച്ചെടുത്തത് ജോസ് വിഭാഗത്തിന്റെ ബലത്തിൽ; ജില്ലാ പഞ്ചായത്തും ജോസിനൊപ്പം ഇടത്തേക്കു ചരിഞ്ഞു; വിലപേശി സീറ്റുകൾ വാങ്ങിയിട്ടും യുഡിഎഫിൽ നിറംമങ്ങി ജോസഫ് വിഭാഗം; കെ എം മാണി ഊട്ടിവളർത്തിയ കേരളാ കോൺഗ്രസിന്റെ രണ്ടില ജോസിന്റെ കൈകളിൽ തളിർത്തു തന്നെ നിൽക്കും
കോട്ടയം: കേരളാ കോൺഗ്രസുകൾ തമ്മിലെ പോരിൽ ജോസ് കെ മാണിക്ക് ജയം. ഇടതുപക്ഷത്ത് ജോസ് കെ മാണിയെ എത്തിച്ച സിപിഎം തീരുമാനം നിർണ്ണായകമായി. പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഇതിന്റെ ഗുണം ഇടതു പക്ഷത്തിന് കിട്ടി. പാലാ മുൻസിപ്പലിറ്റിയിൽ ഭരണം നേടി. പത്തനംതിട്ട ജില്ലാ പഞ്ചായത്തിലും കോട്ടയം ജില്ലാ പഞ്ചായത്തിലും ഇടുക്കി ജില്ലാ പഞ്ചായത്തിലും കോൺഗ്രസിന് തിരിച്ചടി നേരിടുകയാണ്. പിജെ ജോസഫിന്റെ തട്ടകമായ തൊടുപുഴയിലും യുഡിഎഫിന് മുന്നേറ്റം ഉണ്ടാക്കാനായില്ല. മൊത്തം തെരഞ്ഞെടുപ്പ് ചിത്രത്തിലും ഇടതു പക്ഷത്തിന് തുണയാകുന്നത് ഇത് തന്നെയാണ്.
കേരളാ കോൺഗ്രസിന്റെ സ്വാധീന ജില്ലകളിൽ അല്ലാത്തിടത്തെല്ലാം സിപിഎം മുന്നണിക്ക് കഴിഞ്ഞ തവണത്തേക്കാൾ സീറ്റു കുറഞ്ഞു. സംഘടനാ മികവിൽ ഇവിടെയെല്ലാം കൂടുതൽ സീറ്റുകൾ ജയിക്കുമ്പോഴും ശക്തി കേന്ദ്രങ്ങളിൽ പോലും സിപിഎമ്മിന് ഭീഷണി നേരിട്ടു. എന്നാൽ കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും ഇതായിരുന്നില്ല സ്ഥിതി. എറണാകുളത്ത് ചില മേഖലകളിലും വോട്ട് നേടി. അങ്ങനെ ജോസ് കെ മാണിയുടെ വരവ് എല്ലാ അർത്ഥത്തിലും പിണറായി സർക്കാരിന് നേട്ടമാവുകയാണ്. കേരളാ കോൺഗ്രസുകളുടെ ഭിന്നിപ്പുണ്ടായിരുന്നില്ലെങ്കിൽ യുഡിഎഫിന് ഈ തെരഞ്ഞെടുപ്പിൽ വ്യക്തമായ മുൻതൂക്കം നേടാൻ കഴിയുമായിരുന്നു. ഈ വസ്തുതയാണ് മധ്യകേരളത്തിലെ ഫല സൂചനകൾ നൽകുന്നത്.
ജോസ് കെ മാണി ഇനി ഇടതു മുന്നണിയുടെ ഉശിരൻ 'സഖാവ്' ആയി മാറുമെന്ന് ഉറപ്പാണ്. പാലാ നഗരസഭ എൽഡിഎഫ് പിടിച്ചെടുത്തത് ജോസ് വിഭാഗത്തിന്റെ ബലത്തിൽ എന്നതും കേരളാ രാഷ്ട്രീയത്തിൽ നിർണ്ണായകമാകും. ജില്ലാ പഞ്ചായത്തും ജോസിനൊപ്പം ഇടത്തേക്കു ചരിഞ്ഞു. വിലപേശി സീറ്റുകൾ വാങ്ങിയിട്ടും യുഡിഎഫിൽ നിറംമങ്ങി ജോസഫ് വിഭാഗം പുതിയ വെല്ലുവിളി നേരിടുകയാണ്. പിതാവ് ജോസ് കെ മാണി ഊട്ടിവളർത്തിയ കേരളാ കോൺഗ്രസിന്റെ രണ്ടില ജോസിന്റെ കൈകളിൽ തളിർത്തു തന്നെ നിൽക്കും എന്ന സന്ദേശമാണ് മധ്യകേരളത്തിൽ ഈ ഫലം നൽകുന്നത്.
ഇടത് മുന്നണി ചരിത്രത്തിൽ ആദ്യമായി പാലാ നഗരസഭ പിടിച്ചെടുത്തു. ജോസിന്റെ രണ്ടില ചൂടിയാണ് ഇടത് പാല നഗരസഭ പിടിച്ചെടുത്തത്. മുൻ ചെയർമാനും ജോസഫ് വിഭാഗം നേതാവുമായ കുര്യാക്കോസ് പടവൻ പാലായിൽ തോറ്റു. കോട്ടയം ജില്ലാ പഞ്ചായത്തും ഇടത് പക്ഷത്തേക്ക് മറിയുകയാണ്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഭരിച്ചിരുന്നത് കോൺഗ്രസാണ്. പതിനൊന്ന് സീറ്റുകളുണ്ടായിരുന്നു. എന്നാൽ ഇത് മാറുകയാണ്. പത്തനംതിട്ടയിൽ പത്തോളം സീറ്റുകളിൽ ഇടതുപക്ഷം ജയിച്ചു. അഞ്ചിൽ മാത്രമായി കോൺഗ്രസ് ഒതുങ്ങുന്നു. പഞ്ചായത്തുകളിലും ഇടതു പക്ഷം മുന്നിലെത്തി. ഇതെല്ലാം കേരളാ കോൺഗ്രസിന്റെ സ്വാധീനമാണ്. ബ്ലോക്കിലും മുൻതൂക്കം നേടി. എന്നാൽ മുൻസിപ്പൽ കോർപ്പറേഷനിൽ യുഡിഎഫ് നില സുഭദ്രമാക്കുകയും ചെയ്തു.
ഇടുക്കി പഞ്ചായത്തുകളിൽ യുഡിഎഫിന് മുൻതൂക്കമുണ്ട്. എന്നാൽ തൊടുപുഴയിൽ അടക്കം പിജെ ജോസഫിന് വലിയ തിരിച്ചടിയുണ്ടായി. അതായത് ജോസഫിന്റെ ശക്തികേന്ദ്രങ്ങളിൽ കോൺഗ്രസ് മുന്നണിക്ക് തിരിച്ചടിയുണ്ടായി. രണ്ടില ചിഹ്നം തിരിച്ചു കിട്ടിയതും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള കോടതി വിധിയുമെല്ലാം ജോസ് കെ മാണിക്ക് തുണയായി. പുതിയ കക്ഷിയുമായി സിപിഎം നേതൃത്വം അതിവേഗം കൈകോർത്തതും ഫലം കണ്ടു. തികഞ്ഞ ഏകോപനം ഇക്കാര്യത്തിൽ ഇടതുപക്ഷത്തുണ്ടായി.
ഇനി യുഡിഎഫുമായി 39 വർഷത്തെ ബന്ധം വിച്ഛേദിച്ച് എൽഡിഎഫിലെത്തി കേരള കോൺഗ്രസിന് (എം) വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റും കിട്ടും. 15 സീറ്റാണ് സിപിഎമ്മിനോട് ജോസ് കെ മാണി ചോദിച്ചത്. ഇതിൽ 13 കിട്ടാനും സാധ്യതയുണ്ട്. പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി (അല്ലെങ്കിൽ കോട്ടയം), കടുത്തുരുത്തി, ചങ്ങനാശേരി, ഇടുക്കി, തൊടുപുഴ, പെരുമ്പാവൂർ, പിറവം, ചാലക്കുടി, കുറ്റ്യാടി (അല്ലെങ്കിൽ തിരുവമ്പാടി), ഇരിക്കൂർ (അല്ലെങ്കിൽ പേരാവൂർ) എന്നീ സീറ്റുകൾ കേരള കോൺഗ്രസിനു (എം) നൽകാനാണ് സിപിഎമ്മുമായുള്ള പ്രാഥമിക ചർച്ചയിലെ ധാരണ. പാലായും നൽകും.
കാഞ്ഞിരപ്പള്ളി സീറ്റിൽ തർക്കമുണ്ട്. സിപിഐയുമായി ആശയ വിനിമയം നടത്തി തീരുമാനം എടുക്കും. കോട്ടയം ലോക്സഭാ സീറ്റിനൊപ്പം ഇടുക്കിയും കേരളാ കോൺഗ്രസ് സിപിഎമ്മിനോട് ആവശ്യപ്പെടും. ഇത്തരം ആവശ്യങ്ങളെല്ലാം ന്യായമാണെന്ന് തെളിയിക്കാൻ തദ്ദേശത്തിലൂടെ ജോസ് കെ മാണിക്ക് കഴിഞ്ഞിരിക്കുന്നു. കേരള കോൺഗ്രസിന്റെ 4 എംഎൽഎമാരിൽ പി.ജെ. ജോസഫ് (തൊടുപുഴ), മോൻസ് ജോസഫ് (കടുത്തുരുത്തി) എന്നിവർ യുഡിഎഫിനൊപ്പമാണ്. അഞ്ചാമത്തെ എംഎൽഎ സി.എഫ്. തോമസ് (ചങ്ങനാശേരി) അന്തരിച്ചു. റോഷി അഗസ്റ്റിനും ജയരാജുമാണ് ജോസ് കെ മാണിക്കൊപ്പമുള്ളത്. ഇടതുപക്ഷത്തുള്ള കേരളാ കോൺഗ്രസുകളെ ജോസ് കെ മാണിക്കൊപ്പം കൊണ്ടു വരാനുള്ള നീക്കവും ഇനി സജീവമാകും.
ജോസ് കെ. മാണി എത്തുമ്പോൾ കഴിഞ്ഞ തവണ ഇടതുമുന്നണിയുടെ ഭാഗമായി മത്സരിച്ച ജനാധിപത്യ കേരള കോൺഗ്രസ്, സ്കറിയാ തോമസ് വിഭാഗം, ബാലകൃഷ്ണപിള്ള വിഭാഗം തുടങ്ങിയ കക്ഷികളും ഇടതുമുന്നിയിലുണ്ട്. ഫ്രാൻസിസ് ജോർജ് പിജെ ജോസഫിനൊപ്പം പോയി. ഇതോടെ ജനാധിപത്യ കേരളാ കോൺഗ്രസ് ദുർബ്ബലമായി. ഈ സാഹചര്യത്തിലാണ് ആന്റണി രാജുവിനോട് ജോസ് പക്ഷത്തേക്ക് ചേരാൻ ആവശ്യപ്പെടുന്നത്.
മറുനാടന് മലയാളി ബ്യൂറോ