- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസിന് പിടിച്ചു നിൽക്കാനായത് ലീഗിന്റെ കരുത്തിൽ; എൽഡിഎഫിനെ കഴിഞ്ഞ തവണ സഹായിച്ച സാമ്പാർ മുന്നണികളെ തകർത്തു മലപ്പുറത്തെ യുഡിഎഫിന്റെ 57 പഞ്ചായത്ത് ഭരണം ലീഗ് ഉയർത്തിയത് 73 ആക്കി; ജോസ് കെ മാണി പോയതോടെ ദുർബ്ബലപ്പെട്ട കോൺഗ്രസിനെ ഇനി ലീഗ് ഹൈജാക്ക് ചെയ്യും
മലപ്പുറം: മുസ്ലിം ലീഗ് തീർത്തും നിരാശരാണ്. കോട്ട കാത്തിട്ടും യുഡിഎഫിന് നേട്ടമുണ്ടാക്കാനാകാത്തതിന്റെ വിഷമം. കോൺഗ്രസിന്റെ സംഘടനാ ദൗർബല്യമാണ് മുസ്ലിം ലീഗിനെ പ്രതിസന്ധിയിലാക്കുന്നത്. കേരളാ കോൺഗ്രസ് യുഡിഎഫിൽ നിന്ന് പോയതോടെ മധ്യ കേരളത്തിൽ യുഡിഎഫ് തകർന്നുവെന്നാണ് ലീഗിന്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഇനി യുഡിഎഫിൽ കൂടുതൽ ഇടപെടൽ നടത്താനാണ് ലീഗിന്റെ തീരുമാനം. കോൺഗ്രസിന് ഒറ്റയ്ക്ക് തീരുമാനം എടുക്കാൻ കഴിയില്ല.
ഞെട്ടിക്കാതെയും അമ്പരപ്പിക്കാതെയും മുസ്ലിം ലീഗ് ശക്തി കേന്ദ്രങ്ങളിൽ വിജയ കൊടി പാറിച്ചു. എന്നാൽ കോൺഗ്രസിന് മധ്യകേരളത്തിലും തെക്കൻ കേരളത്തിലും അടിതെറ്റി. ബിജെപിയുടെ മുന്നേറ്റവും കോൺഗ്രസിന്റെ വോട്ടുകുറച്ചു. തിരുവനന്തപുരത്തും കോട്ടയത്തും എറണാകുളത്തും തൃശൂരിലും ഇത് പ്രതിഫലിച്ചു. പാർട്ടി ശക്തികേന്ദ്രങ്ങളെല്ലാം ഈ തിരഞ്ഞെടുപ്പിലും ലീഗ് കോട്ടകെട്ടി കാത്തുവെന്നത് യുഡിഎഫിൽ ലീഗിന്റെ അപ്രമാദിത്തം ഊട്ടിയുറപ്പിക്കുകയുമാണ്. ഒരു വിവാദവും ലീഗിനെ ബാധിക്കുന്നില്ല. സീറ്റ് കൂടുകയും ചെയ്തു.
വെൽഫെയർ പാർട്ടി നീക്കുപോക്ക് വിവാദമായെങ്കിലും പ്രായോഗിക രാഷ്ട്രീയത്തിൽ അത് നേട്ടമായി. അതേസമയം, കോൺഗ്രസ് ഭരിച്ചിരുന്ന നിലമ്പൂർ നഗരസഭയിൽ സീറ്റുകൾ നഷ്‌പ്പെട്ടതാണ് ഏക കല്ലുകടി. ഇതിന് കാരണം കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കുകളാണ്. മലപ്പുറത്ത് കഴിഞ്ഞതവണ വെല്ലുവിളിയായി മാറിയ 'സാമ്പാർ മുന്നണി'കളെ പൊളിക്കാൻ കഴിഞ്ഞതാണ് ലീഗിന്റെ ഇത്തവണത്തെ നേട്ടം. 57 പഞ്ചായത്തിൽനിന്ന് 73 പഞ്ചായത്തിലേക്ക് യുഡിഎഫ് സാമ്രാജ്യം വികസിപ്പിച്ചു. 51 യുഡിഎഫും ആറെണ്ണം ലീഗ് ഒറ്റയ്ക്കും ഭരിച്ചവയാണ്.
മുസ്ലിം ലീഗിന്റെ ചുമതല എല്ലാ അർത്ഥത്തിലും പികെ കുഞ്ഞാലിക്കുട്ടിക്ക് പാർട്ടി അധ്യക്ഷൻ ഹൈദരാലി ശിഹാബ് തങ്ങൾ നൽകിയിരുന്നു. ഇതും ഫലം കണ്ടുവെന്നാണ് വിലയിരുത്തൽ. വിവിധ മുസ്ലിം ഗ്രൂപ്പുകളെ യുഡിഎഫിന് കീഴിൽ കുഞ്ഞാലിക്കുട്ടി അണിനിരത്തി. മുക്കം നഗരസഭയിൽ യുഡിഎഫ് വെൽഫെയർ പാർട്ടി നീക്കുപോക്കിനും എൽഡിഎഫിനും ലഭിച്ചത് 15 വീതം സീറ്റുകൾ. ജമാഅത്തെ ഇസ്‌ലാമിയുടെ ശക്തി കേന്ദ്രമായ കൊടിയത്തൂരിലും യുഡിഎഫ് നേട്ടമുണ്ടാക്കി. ഇതെല്ലാം കുഞ്ഞാലിക്കുട്ടിയുടെ തന്ത്രങ്ങളും മികവാണ്. കോൺഗ്രസ് ചില കല്ലുകടിയുണ്ടാക്കി. വെൽഫയർ പാർട്ടിയെ പരസ്യമായി തള്ളി പറഞ്ഞു. ഇതു സംഭവിച്ചില്ലായിരുന്നില്ലെങ്കിൽ ഇനിയും വോട്ട് കൂടുമായിരുന്നു.
മലപ്പുറത്തെ കൂട്ടിലങ്ങാടി പഞ്ചായത്തിലും വെൽഫെയർ കൂട്ടുകെട്ട് യുഡിഎഫിനെ തുണച്ചു. എന്നാൽ, കുറ്റ്യാടി മേഖലയിൽ പരീക്ഷണം കാര്യമായി ഏശിയില്ല. വയനാട്ടിലെ ലീഗ് കോട്ടകളും കരുത്തുകാട്ടി. കണ്ണൂർ, കാസർകോട് ജില്ലകളിൽ യുഡിഎഫിനെ താങ്ങിനിർത്തിയതു ലീഗാണ്. കാസർകോടിന്റെ ഗ്രാമീണമേഖലകളിൽ കമറുദ്ദീൻ പ്രശ്‌നം ചില വാർഡുകളെ ബാധിച്ചെങ്കിലും നഗരസഭകളിലടക്കം ലീഗ് കോട്ടകൾ കാക്കാൻ കഴിഞ്ഞു. ഇതും ആശ്വാസമാണ്. ഇതൊന്നും ഇല്ലായിരുന്നുവെങ്കിൽ കാസർകോടും കോൺഗ്രസ് മുന്നണി തകർന്നടിയുമായിരുന്നു. അതുകൊണ്ട് തന്നെ യുഡിഎഫിൽ കൂടുതൽ കരുത്ത് ലീഗിന് കൈവരും.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മലബാറിൽ കൂടുതൽ സീറ്റിൽ ലീഗ് മത്സരിക്കാൻ അവകാശം ഉന്നയിക്കും. കോട്ടയത്ത് പിജെ ജോസഫിന് വേണ്ടി ലീഗിന് ചോദിച്ച സീറ്റുകൾ പോലും നൽകിയില്ല. എന്നാൽ ജോസഫ് തകർന്നു. യുഡിഎഫിന്റെ പരമ്പരാഗത വോട്ടുകൾ ജോസ് കെ മാണിയിലൂടെ ഇടതു പക്ഷത്ത് എത്തി. ജോസ് കെ മാണിയെ പിണക്കുന്നതിനോട് ലീഗിന് താൽപ്പര്യം ഇല്ലായിരുന്നു. ചെന്നിത്തലയും ഐ ഗ്രൂപ്പുമാണ് ഇതിന് പിന്നിൽ കളിച്ചത്. ഉമ്മൻ ചാണ്ടി മൗനം പാലിച്ചു. ഈ രാഷ്ട്രീയ തീരുമാനം പൂർണ്ണമായും തെറ്റി. ഇതാണ് വമ്പൻ തോൽവിക്ക് കാരണമെന്ന് ലീഗ് വിലയിരുത്തുന്നു.
ഈ സാഹചര്യത്തിൽ നയപരമായ കാര്യങ്ങളിൽ നിന്ന് ലീഗ് കൂടുതൽ ഇടപെടൽ നടത്തും. മുസ്ലിം മേഖലകളിൽ എല്ലാം സ്ഥാനാർത്ഥിയെ നിർത്താനാണ് ലീഗ് തീരുമാനം. എല്ലാ അർത്ഥത്തിലും യുഡിഎഫിന്റെ തീരുമാനങ്ങളിൽ സജീവ ഇടപെടൽ കുഞ്ഞാലിക്കുട്ടി നടത്തും. അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പോലും ലീഗ് നിശ്ചയിച്ചേക്കും.
മറുനാടന് മലയാളി ബ്യൂറോ