- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജോസ് കെ മാണിയുടെ പിന്തുണയോടെ എൽഡിഎഫ് പിടിച്ചെടുത്തത് കോട്ടയം-ഇടുക്കി-പത്തനംതിട്ട ജില്ലാ പഞ്ചായത്തുകൾ; ജോസിനെ പല്ലും നഖവും ഉപയോഗിച്ച് എതിർത്തു കൊണ്ടിരുന്ന സിപിഐയും ഒടുവിൽ ശക്തി അംഗീകരിച്ചു; നിയമസഭാ തെരഞ്ഞെടുപ്പിലെ ബാർഗൈനിങ് പവർ ഉയർത്തി മാണിയുടെ മകൻ
തിരുവനന്തപുരം : രണ്ടിലയ്ക്കു സംസ്ഥാന രാഷ്ട്രീയത്തിൽ ശോഭയേറി. കെ.എം. മാണിയുടെ പാർട്ടിയെ കൂടെക്കൂട്ടിയ തീരുമാനത്തിനെതിരെ ഉയർന്ന ആക്ഷേപങ്ങളെ തദ്ദേശ വിധിയിലൂടെ സിപിഎം മറികടന്നു. കോൺഗ്രസിന് തീരാ നഷ്ടവുമായി. അങ്ങനെ ജോസ് കെ മാണി ഇടതു പക്ഷത്തെ പ്രബലനാകുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ആഗ്രഹിക്കുന്ന സീറ്റുകളിൽ ഇനി ജോസ് കെ മാണിയുടെ അടുപ്പക്കാർക്ക് മത്സരിക്കാം. പാലായിലെ അടുത്ത മാണിക്യം താനാണെന്ന് ജോസ് കെ മാണി വിളിച്ചു പറയുകയാണ് ഈ തെരഞ്ഞെടുപ്പിലൂടെ.
കോട്ടയത്തു ജോസ് പക്ഷത്തിനു നേട്ടവും ജോസഫ് വിഭാഗത്തിനു അടിയും കിട്ടി. കെ.എം. മാണിയുടെ തട്ടകമായ പാലാ നഗരസഭയിൽ ജോസ് പക്ഷത്തിന് ആധികാരിക ജയം തന്നെയുണ്ടായി. ഇവിടെ ആദ്യമായി എൽഡിഎഫിനും ഭരണം ലഭിച്ചു. ഇതു തന്നെയാണ് സിപിഎം ആഗ്രഹിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്തും കിട്ടണമെന്ന് സിപിഎം മോഹിച്ചു. എന്നാൽ അന്തിമ ഫലത്തിൽ കോട്ടയവും പത്തനംതിട്ടയും ഇടുക്കിയും കിട്ടി. എറണാകുളത്തിന്റെ ഗ്രാമ മേഖലയിലും കേരളാ കോൺഗ്രസിനെ മുന്നിൽ നിർത്തി സിപിഎം നുഴഞ്ഞു കയറി.
യുഡിഎഫിൽ നിന്നു കേരള കോൺഗ്രസിന്റെ (എം) പുറത്താക്കലിനു വഴിയൊരുക്കിയ കോട്ടയം ജില്ലാ പഞ്ചായത്ത് എൽഡിഎഫ് പിടിച്ചെടുത്തതു യുഡിഎഫിനു കനത്ത തിരിച്ചടിയായി. മത്സരിച്ച 9 സീറ്റിൽ അഞ്ചിലും കേരള കോൺഗ്രസ് (എം) വിജയിച്ചു. ജോസഫ് വിഭാഗത്തിന്റെ പ്രകടനം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. ജില്ലാ പഞ്ചായത്തിൽ മത്സരിച്ച 9 സീറ്റിൽ രണ്ടിൽ മാത്രം ജയം. പാലാ നഗരസഭയിലും പരാജയം നേരിട്ടു. ഗ്രാമപ്പഞ്ചായത്തുകളിലും പ്രതീക്ഷിച്ചത്ര നേട്ടം കിട്ടിയില്ല.
കേരള കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളായ പാലാ, കടുത്തുരുത്തി മേഖലകളിൽ ഇക്കുറി യുഡിഎഫിനു തിരിച്ചടി നേരിട്ടു. ഇത് ജോസഫിന് തിരിച്ചടിയാണ്. കടുത്തുരുത്തിയിൽ ജോസഫിന്റെ അടുത്ത അനുയായിയാ മോൻസ് ജോസഫാണ് എംഎൽഎ. മോൻസിന് കടുത്ത നാണക്കേടായി തിരിച്ചടി. 6 നഗരസഭകളിലായി ജോസ് വിഭാഗം 15 സീറ്റും ജോസഫ് വിഭാഗം 10 സീറ്റും നേടി. ജോസ് വിഭാഗം 40 സീറ്റിലും ജോസഫ് വിഭാഗം 31 സീറ്റിലുമാണു മത്സരിച്ചത്. ജോസഫിന്റെ ശക്തികേന്ദ്രമായ ഇടുക്കി ജില്ലാ പഞ്ചായത്ത് യുഡിഎഫിനെ കൈവിട്ടതിന്റെ പേരിൽ മുന്നണിയിൽ തന്നെ ഉൾപ്പോരുകളായി. പത്തനംതിട്ടയിലെ വൻ തോൽവി കുത്തഴിഞ്ഞ കോൺഗ്രസ് സംഘടനാ സംവിധാനം വരുത്തിവച്ചതാണെന്ന വിമർശനവും ശക്തമായി.
കേരള കോൺഗ്രസിന്റെ കരുത്തിനെ ഇടതു പക്ഷത്ത് സിപിഐയും അംഗീകരിക്കുകയാണ്. കേരളാ കോൺഗ്രസിന്റെ നേട്ടം കൊണ്ടു മുന്നണിയിൽ തങ്ങൾക്ക് ഒന്നും സംഭവിക്കാനില്ലെന്ന ന്യായത്തിൽ സിപിഐ എത്തുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസ് കെ.മാണി താരമായതോടെ മുന്നണിയിലെ രണ്ടാംകക്ഷി ആരെന്ന ചോദ്യത്തെ പുച്ഛിച്ചു തള്ളുകയാണു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ചെയ്തത്. പക്ഷേ അപ്പോഴും നിയമസഭയിലെ പ്രകടനമാകും ഇനി നിർണ്ണായകം. അവിടെ കൂടുതൽ സീറ്റുകളിൽ ജോസ് കെ മാണി ജയിച്ചാൽ സിപിഐ മൂന്നാം കക്ഷിയാകും.
സിപിഐയും കേരള കോൺഗ്രസും മത്സരിക്കുകയും ജയിക്കുകയും ചെയ്ത സീറ്റുകൾ താരതമ്യം ചെയ്താൽ ഈ സംശയം അസ്ഥാനത്താകുമെന്ന് സിപിഐ കേന്ദ്രങ്ങൾ പറഞ്ഞു. ഇതേസമയം, കേരള കോൺഗ്രസിന്റെ മുന്നണിയിലേക്കുള്ള വരവിനെ എതിർത്തു പോന്ന സിപിഐ അവരെ അംഗീകരിക്കുന്നതിലേക്ക് എത്തിച്ചേർന്നു. ജോസ് പക്ഷത്തിന്റെ വരവ് മുന്നണിക്കു ഗുണം ചെയ്തുവെന്നു തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപു തന്നെ കാനം സമ്മതിച്ചിരുന്നു. ഇതാണ് അന്തിമ ഫലത്തിലും കാണുന്നത്.
ജോസിന്റെ രണ്ടില ചൂടിയാണ് ഇടത് പാല നഗരസഭ സിപിഎം പിടിച്ചെടുത്തത്. മുൻ ചെയർമാനും ജോസഫ് വിഭാഗം നേതാവുമായ കുര്യാക്കോസ് പടവൻ പാലായിൽ തോറ്റു. കോട്ടയം ജില്ലാ പഞ്ചായത്തും ഇടത് പക്ഷത്തേക്ക് മറിയുകയാണ്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഭരിച്ചിരുന്നത് കോൺഗ്രസാണ്. പതിനൊന്ന് സീറ്റുകളുണ്ടായിരുന്നു. എന്നാൽ ഇത് മാറുകയാണ്. പത്തനംതിട്ടയിൽ പത്തോളം സീറ്റുകളിൽ ഇടതുപക്ഷം ജയിച്ചു. അഞ്ചിൽ മാത്രമായി കോൺഗ്രസ് ഒതുങ്ങുന്നു. പഞ്ചായത്തുകളിലും ഇടതു പക്ഷം മുന്നിലെത്തി. ഇതെല്ലാം കേരളാ കോൺഗ്രസിന്റെ സ്വാധീനമാണ്. ബ്ലോക്കിലും മുൻതൂക്കം നേടി. എന്നാൽ മുൻസിപ്പൽ കോർപ്പറേഷനിൽ യുഡിഎഫ് നില സുഭദ്രമാക്കുകയും ചെയ്തു.
ഇനി യുഡിഎഫുമായി 39 വർഷത്തെ ബന്ധം വിച്ഛേദിച്ച് എൽഡിഎഫിലെത്തി കേരള കോൺഗ്രസിന് (എം) വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റും കിട്ടും. 15 സീറ്റാണ് സിപിഎമ്മിനോട് ജോസ് കെ മാണി ചോദിച്ചത്. ഇതിൽ 13 കിട്ടാനും സാധ്യതയുണ്ട്. പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി (അല്ലെങ്കിൽ കോട്ടയം), കടുത്തുരുത്തി, ചങ്ങനാശേരി, ഇടുക്കി, തൊടുപുഴ, പെരുമ്പാവൂർ, പിറവം, ചാലക്കുടി, കുറ്റ്യാടി (അല്ലെങ്കിൽ തിരുവമ്പാടി), ഇരിക്കൂർ (അല്ലെങ്കിൽ പേരാവൂർ) എന്നീ സീറ്റുകൾ കേരള കോൺഗ്രസിനു (എം) നൽകാനാണ് സിപിഎമ്മുമായുള്ള പ്രാഥമിക ചർച്ചയിലെ ധാരണ. പാലായും നൽകും.
കാഞ്ഞിരപ്പള്ളി സീറ്റിൽ തർക്കമുണ്ട്. സിപിഐയുമായി ആശയ വിനിമയം നടത്തി തീരുമാനം എടുക്കും. കോട്ടയം ലോക്സഭാ സീറ്റിനൊപ്പം ഇടുക്കിയും കേരളാ കോൺഗ്രസ് സിപിഎമ്മിനോട് ആവശ്യപ്പെടും. ഇത്തരം ആവശ്യങ്ങളെല്ലാം ന്യായമാണെന്ന് തെളിയിക്കാൻ തദ്ദേശത്തിലൂടെ ജോസ് കെ മാണിക്ക് കഴിഞ്ഞിരിക്കുന്നു. കേരള കോൺഗ്രസിന്റെ 4 എംഎൽഎമാരിൽ പി.ജെ. ജോസഫ് (തൊടുപുഴ), മോൻസ് ജോസഫ് (കടുത്തുരുത്തി) എന്നിവർ യുഡിഎഫിനൊപ്പമാണ്. അഞ്ചാമത്തെ എംഎൽഎ സി.എഫ്. തോമസ് (ചങ്ങനാശേരി) അന്തരിച്ചു. റോഷി അഗസ്റ്റിനും ജയരാജുമാണ് ജോസ് കെ മാണിക്കൊപ്പമുള്ളത്. ഇടതുപക്ഷത്തുള്ള കേരളാ കോൺഗ്രസുകളെ ജോസ് കെ മാണിക്കൊപ്പം കൊണ്ടു വരാനുള്ള നീക്കവും ഇനി സജീവമാകും.
ജോസ് കെ. മാണി എത്തുമ്പോൾ കഴിഞ്ഞ തവണ ഇടതുമുന്നണിയുടെ ഭാഗമായി മത്സരിച്ച ജനാധിപത്യ കേരള കോൺഗ്രസ്, സ്കറിയാ തോമസ് വിഭാഗം, ബാലകൃഷ്ണപിള്ള വിഭാഗം തുടങ്ങിയ കക്ഷികളും ഇടതുമുന്നിയിലുണ്ട്. ഫ്രാൻസിസ് ജോർജ് പിജെ ജോസഫിനൊപ്പം പോയി. ഇതോടെ ജനാധിപത്യ കേരളാ കോൺഗ്രസ് ദുർബ്ബലമായി. ഈ സാഹചര്യത്തിലാണ് ആന്റണി രാജുവിനോട് ജോസ് പക്ഷത്തേക്ക് ചേരാൻ ആവശ്യപ്പെടുന്നത്.
മറുനാടന് മലയാളി ബ്യൂറോ