- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജോസ് കെ മാണിയെ കാബിനെറ്റിൽ എടുക്കാൻ പിണറായിക്ക് മോഹം; ജോസഫിനേയും മോൻസിനേയും ഉടൻ അയോഗ്യരുമാക്കും; പാല അടക്കം ചോദിച്ചതെല്ലാം കിട്ടും; രാജ്യസഭാ സീറ്റും കേരളാ കോൺഗ്രസിന് തന്നെ; പാലയ്ക്കൊപ്പം കടുത്തുരുത്തിയും തൊടുപുഴയും തകർത്ത കൂട്ടുകെട്ട് കൂടുതൽ ദൃഢമാകും; കോട്ടയവും പത്തനംതിട്ടയും ഇടക്കിയും സമ്മാനിച്ച മാണിയുടെ മകന് ക്രിസ്മസ് സമ്മാനായി മന്ത്രി പദ വാഗ്ദാനം
കോട്ടയം: കേരളാ കോൺഗ്രസ് ചോദിച്ചതിലും അധികം കൊടുക്കാൻ പിണറായി വിജയൻ. കോട്ടയത്തിനൊപ്പം ഇടുക്കിയിലും പത്തനംതിട്ടയിലും ഇടതുപക്ഷം കരുത്തു കാട്ടിയത് കേരളാ കോൺഗ്രസിന്റെ കടന്നു വരവോടെയാണ്. ഇതിന് അംഗീകാരം നൽകും. തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം ജോസ് കെ.മാണിക്ക് എൽഡിഎഫ് മന്ത്രി സ്ഥാനം നൽകും. രണ്ട് എംഎൽഎമാർ കേരളാ കോൺഗ്രസിനൊപ്പം ഇടതു പക്ഷത്തുണ്ട്. ഇത് പരിഗണിച്ചാണ് തീരുമാനം. എൻസിപിക്കും രണ്ട് എംഎൽഎമാരാണുള്ളത്. ഇതിനൊപ്പം ജോസ് കെ മാണിയുടെ മറ്റ് ആവശ്യങ്ങളിലും തീരുമാനം ഉണ്ടാകും.
രാജ്യസഭയിലെ വിപ്പ് ലംഘനത്തിൽ പിജെ ജോസഫിനും മോൻസ് ജോസഫിനും എതിരെ നൽകിയ അയോഗ്യതാ നോട്ടീസിലും ഉടൻ തീരുമാനം വരും. പാർട്ടി പേരും ചിഹ്നവും ജോസ് കെ മാണിക്ക് കിട്ടികഴിഞ്ഞു. ഇതോടെ ജോസഫിന്റെ അവകാശ വാദങ്ങൾ ദുർബലമായി. ഇതിനാൽ ജോസഫുും മോൻസും വിപ്പു ലംഘിച്ചുവെന്ന് വ്യക്തമാകുന്നതായി നിയമ വൃത്തങ്ങൾ പറയുന്നു. ജോസഫിനേയും മോൻസിനേയും നിയമസഭാ സ്പീക്കറാണ് അയോഗ്യരാക്കേണ്ടത്. ഇക്കാര്യത്തിൽ ജോസ് കെ മാണിയുടെ നിലപാട് ശരിവയ്ക്കും വിധം തീരുമാനം ഉടൻ ഉണ്ടാകും. ഇതോടെ കടുത്തുരുത്തിയിൽ മത്സരിക്കാൻ മോൻസിന് കഴിയാതെ വരും. തൊടുപുഴയിൽ ജോസഫിനും. ഇതോടെ ഈ രണ്ടു സീറ്റിലും നിർണ്ണായക ശക്തിയാകാൻ ഇടതു പക്ഷത്തിന് കഴിയും. കടുത്തുരുത്തിയിലും തൊടുപുഴയിലും തദ്ദേശത്തിൽ മികച്ച വിജയം ഇടതു പക്ഷം നേടിയിട്ടുണ്ട്.
ഇടതുമുന്നണി പ്രവേശം സംബന്ധിച്ച ചർച്ചകളിൽ മന്ത്രിസ്ഥാനം എന്ന കാര്യം ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്നു കേരള കോൺഗ്രസ് (എം) നേതാക്കൾ പറയുന്നു. കേരള കോൺഗ്രസിനു (എം) മന്ത്രിസ്ഥാനം നൽകാൻ സിപിഎമ്മിനു താൽപര്യമുണ്ട്. കേരള കോൺഗ്രസിനെ (എം) ഘടക കക്ഷിയാക്കാൻ സിപിഎമ്മാണു കൂടുതൽ താൽപര്യം കാണിച്ചത്. സിപിഐ ഈ നീക്കത്തെ തുടക്കത്തിൽ എതിർത്തു. എതിത്തവർക്കുള്ള മറുപടി കൂടിയാണു മന്ത്രിസ്ഥാനം. ഇതിനൊപ്പം മധ്യ കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷത്തെ കൂടെ നിർത്താൻ ജോസ് കെ മാണിയുടെ മന്ത്രി സ്ഥാനത്തിലൂടെ കഴിയുമെന്ന വിലയിരുത്തലും സജീവമാണ്. ജോസ് കെ മാണിയിലൂടെ പുതിയ വിഭാഗത്തിലേക്ക് നുഴഞ്ഞു കയറിയെന്ന വിലയിരുത്തിലിലാണ് പിണറായി വിജയൻ.
കേരള കോൺഗ്രസിലും രണ്ട് അഭിപ്രായമുണ്ട്. തൽക്കാലം മന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിൽ ജോസ് കെ.മാണിക്കു താൽപര്യമില്ലെന്നാണ് അറിവ്. നിയമസഭയിൽ അംഗമാകാതെ മന്ത്രിസ്ഥാനം ഏറ്റെടുക്കാനാണു ജോസ് കെ.മാണിക്കു മടി. മന്ത്രിസ്ഥാനത്തിരുന്ന് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനും മടിയുണ്ട്. നിയമസഭയുടെ കാലാവധി തീരാൻ ആറു മാസമേയുള്ളൂ എന്നതിനാൽ മന്ത്രിയാകാൻ ഇനി തിരഞ്ഞെടുപ്പ് ആവശ്യമില്ല. ഇക്കാര്യത്തിൽ കേരളാ കോൺഗ്രസിലെ കൂടിയാലോചനകൾ അതിനിർണ്ണായകമാകും. മന്ത്രിയാകാതെ മറ്റ് ആവശ്യങ്ങൾ നേടിയെടുക്കാനാണ് ജോസ് കെ മാണിയുടെ തീരുമാനം. പരമാവധി നിയമസഭാ സീറ്റുകളിൽ മത്സരിക്കുകയാണ് ലക്ഷ്യം. 15 സീറ്റെങ്കിലും ഇടതു പക്ഷത്തു നിന്ന് കിട്ടുമെന്നാണ് വിലയിരുത്തൽ.
മന്ത്രി പദത്തിൽ കേരളാ കോൺഗ്രസിലെ മറ്റു നേതാക്കളുടെ അഭിപ്രായം മറിച്ചാണ്. എൽഡിഎഫ് മന്ത്രിസഭയിൽ ഇപ്പോൾത്തന്നെ ചേരണമെന്ന് ഇവർ ആഗ്രഹിക്കുന്നു. മന്ത്രിസ്ഥാനം ലഭിക്കുന്നതു പാർട്ടിയുടെ വളർച്ചയ്ക്കു നല്ലതാണ് എന്നാണ് ഇവരുടെ വാദം. പാർട്ടിക്കു മന്ത്രിപദവി ലഭിച്ചാൽ മറ്റു കേരള കോൺഗ്രസുകളിൽനിന്നു നേതാക്കൾ ഒഴുകിയെത്തും. ഇതിനൊപ്പം പാലായിൽ മന്ത്രിയുടെ ഇമേജിൽ ജോസ് കെ മാണിക്ക് മത്സരിക്കാം. റോഷി അഗസ്റ്റിൻ, ഡോ. എൻ.ജയരാജ് എന്നിവരാണു കേരള കോൺഗ്രസ് എംഎൽഎമാർ. ജോസ് കെ. മാണിക്കു താൽപര്യമില്ലെങ്കിൽ ഇവരിൽ ഒരാൾക്കു മന്ത്രിയാകാം. എന്നാൽ, ചെയർമാൻ മന്ത്രിയാകണമെന്നാണു പാർട്ടിയിലെ അഭിപ്രായം.
ജോസ് കെ.മാണി ഉടനെ രാജ്യസഭാ അംഗത്വം രാജിവയ്ക്കുമെന്നാണ് സൂചന. ഈ രാജ്യസഭാ സീറ്റ് വീണ്ടും കേരള കോൺഗ്രസിനു (എം) തന്നെ എൽഡിഎഫ് നൽകിയേക്കും. പാർട്ടിയിലെ തന്നെ മറ്റൊരു നേതാവിനു രാജ്യസഭാ അംഗത്വം നൽകാനും ധാരണയായിട്ടുണ്ട്. നേരത്തേ, ഡോ. എൻ.ജയരാജ് എംഎൽഎയ്ക്കു രാജ്യസഭാ സീറ്റ് നൽകാൻ ആലോചന വന്നിരുന്നു. ജയരാജ് ജയിച്ച കാഞ്ഞിരപ്പള്ളി സീറ്റ് നിലവിൽ ഇടതു മുന്നണിയിൽ നിന്നു മത്സരിച്ച സിപിഐക്കു തന്നെ നൽകുന്നതിന്റെ ഭാഗമായാണ് ഈ ചർച്ച വന്നത്. എന്നാൽ, ഇപ്പോഴത്തെ പശ്ചാത്തലത്തിൽ കാഞ്ഞിരപ്പള്ളി സീറ്റ് കേരള കോൺഗ്രസിനു (എം) തന്നെ ലഭിക്കും. അതുകൊണ്ട് ജയരാജിന് വീണ്ടും മത്സരിക്കാം.
നേരത്തെ എൻസിപിയിലെ മാണി സി കാപ്പന് രാജ്യസഭാ സീറ്റ് നൽകുന്ന തരത്തിൽ ചർച്ചകളുണ്ടായിരുന്നു. എന്നാൽ മാണി സി കാപ്പന്റെ മനസ്സ് യുഡിഎഫിനൊപ്പമെന്ന് സിപിഎം തിരിച്ചറിയുന്നു. അതുകൊണ്ട് കൂടിയാണ് രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് നൽകുന്നത്. നേരത്തെ വീരേന്ദ്രകുമാർ എൽഡിഎഫിൽ എത്തിയപ്പോഴും അവർക്ക് സ്വന്തമായിരുന്ന രാജ്യസഭാ സീറ്റ് അവർക്കു തന്നെ നൽകി. വീരേന്ദ്ര കുമാറിന്റെ മരണ ശേഷം മകൻ എം വി ശ്രേയംസ് കുമാർ രാജ്യസഭയിൽ എത്തുകയും ചെയ്തു. ഇതേ ഫോർമുല കേരളാ കോൺഗ്രസിന്റെ കാര്യത്തിലും നടപ്പാക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച ജയത്തിനൊപ്പം കേരളാ കോൺഗ്രസിൽ നിന്നുള്ള മറ്റുള്ള നേതാക്കളെ തിരിച്ചു കൊണ്ടുവരുന്നതും തുടർ ഭരണം ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ ഭാഗമായിട്ടുമാണ് ജോസ് കെ മാണിയെ മന്ത്രിയാക്കാൻ എൽഡിഎഫ് നീക്കം നടത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ