തിരുവനന്തപുരം: ഇടതുപക്ഷത്ത് കേരളാ കോൺഗ്രസിനോട് സിപിഎം കാട്ടിയത് ഉദാര സമീപനം. 40ഓളം സീറ്റുകളിൽ ഇവർ ജയപരാജയം നിശ്ചയിക്കുമെന്ന കണക്കു കൂട്ടലിലാണ് ഇതെല്ലാം. സിപിഎം കണക്കുകൂട്ടൽ വിജയിച്ചാൽ ഈ തെരഞ്ഞെടുപ്പിലെ സൂപ്പർ താരമായി ജോസ് കെ മാണി മാറാൻ സാധ്യതയുണ്ട്.

പെരുമ്പാവൂർ, പിറവം സീറ്റുകൾ കേരള കോൺഗ്രസ് എമ്മിന് വിട്ടുനൽകാമെന്ന് സിപിഎം തീരുമാനം എടുത്തിട്ടുണ്ട്. രണ്ടു സീറ്റുകളും വിട്ടുനൽകുന്നതിന് എറണാകുളം ജില്ലാ കമ്മിറ്റിയിൽ ധാരണയായി. ഇതോടെ ചങ്ങനാശേരി സീറ്റ് വേണമെന്ന ആവശ്യത്തിൽനിന്ന് ജോസ് വിഭാഗം പിന്നോട്ടുപോകും. 12 സീറ്റുകൾ ജോസ് കെ മാണിക്ക് കിട്ടും. ഇതിൽ ഒൻപതും മികച്ച ജയസാധ്യതയുള്ള സീറ്റുകളാണ്. എൻസിപിയേയും ജനതാദള്ളിനേയും എൽജെഡിയേയും വെട്ടിയൊതുക്കുമ്പോഴാണ് കേരളാ കോൺഗ്രസിന് മികച്ച പരിഗണന സിപിഎം നൽകുന്നത്. കേരളാ കോൺഗ്രസ് ഇടതുപക്ഷത്ത് എത്തുമ്പോൾ തന്നെ 12 സീറ്റുകൾ പിണറായി ഉറപ്പ് നൽകിയിരുന്നു.

സിറ്റിങ് സീറ്റുകളോ നേരിയ ഭൂരിപക്ഷത്തിന് തോറ്റ സീറ്റുകളോ അടക്കം മിക്ക ജില്ലകളിലും ജോസിന് സീറ്റ് വിട്ടു നൽകുകയായിരുന്നു സിപിഎം. ഈ സാഹചര്യത്തിൽ 12 സീറ്റുകൾ ഉറപ്പിച്ച് ചങ്ങനാശ്ശേരി വേണ്ടെന്ന് ജോസ് കെ മാണി നിലപാട് എടുക്കും. ഇത് സിപിഐ്ക്കും ആശ്വാസമാകും. അങ്ങനെ ഇടതുപക്ഷത്ത് സിപിഐയേയും ജോസിനായി പിണറായി മെരുക്കുകയാണ്. പത്തനംതിട്ടയിലും കോട്ടയത്തും എറണാകുളത്തും മികച്ച ജയമാണ് ജോസ് കെ മാണിയിലൂടെ പിണറായി ലക്ഷ്യമിടുന്നത്. ചങ്ങനാശേരിയിൽ തട്ടി ഇടതുമുന്നണിയിലെ സീറ്റ് വിഭജന ചർച്ച വഴിമുട്ടിയിരുന്നു. സീറ്റ് സിപിഐക്ക് നൽകാനാവില്ലെന്ന് ഉഭയകക്ഷി ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയനും ചങ്ങനാശേരിയില്ലെങ്കിൽ കാഞ്ഞിരപ്പള്ളി നൽകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നിലപാട് എടുത്തു.

മുന്നണിയിൽ 12 സീറ്റ് ഉറപ്പിച്ച് കേരള കോൺഗ്രസ് (എം) മികച്ച നേട്ടമുണ്ടാക്കി. ഇതെല്ലാം പല ജില്ലകളിലുമായാണ് എന്നതും ശ്രദ്ധേയം. പാലാ, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, പൂഞ്ഞാർ, ഇടുക്കി, തൊടുപുഴ, ചാലക്കുടി, ഇരിക്കൂർ, കുറ്റ്യാടി, റാന്നി എന്നീ സീറ്റുകളും ജോസ് കെ. മാണി ഉറപ്പിച്ചിട്ടുണ്ട്. കുറ്റ്യാടിയും പെരുമ്പാവൂരും ഇരിക്കൂറുമെല്ലാം ജോസ് കെ മാണിക്ക് ജയിക്കാനാകുമെന്നാണ് വിലയിരുത്തൽ. ചാലക്കുടിയും വിജയ സാധ്യത ഏറെ. അങ്ങനെ സിപിഎം ഉദാര മനോഭാവമാണ് കേരളാ കോൺഗ്രസിനോട് കാട്ടുന്നത്. കോട്ടയത്ത് മാത്രം നാല് സീറ്റ് ജോസ് കെ മാണി ഉറപ്പിച്ചിട്ടുണ്ട്. പിറവത്തും കേരളാ കോൺഗ്രസ് മത്സരിക്കാനാണ് സാധ്യത.

ഈ സാഹചര്യത്തിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥി നിർണയ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. പാലായിൽ ജോസ് കെ മാണിയും ഇടുക്കിയിൽ റോഷി അഗസ്റ്റിനും മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കടുത്തുരത്തി സീറ്റിലേക്ക് അഞ്ച് പേരെയാണ് പാർട്ടി പരിഗണിക്കുന്നത്. ഓരോ മണ്ഡലത്തിലേയും മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരുമായി മൂന്നംഗ സമിതി ചർച്ച നടത്തിയാണ് സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകുന്നത്. ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്ജ് അലക്‌സ് കോഴിമല, വിപി ജോസഫ് എന്നിവരാണ് കോട്ടയത്തെ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിലെ ചർച്ചകൾ നേതൃത്വം നൽകുന്നത്.

പാലായും ഇടുക്കിയും കൂടാതെ കാഞ്ഞിരപ്പള്ളിയിൽ ഡോ. എൻ ജയരാജ് സ്ഥാനാർത്ഥിത്വം ഉറപ്പിച്ചിട്ടുണ്ട്. പിജെ ജോസഫിന്റെ വിശ്വസ്തനായ മോൻസ് ജോസഫിനെതിരെ കടുത്തുരുത്തിയിൽ സ്റ്റീഫൻ ജോർജ്ജ്, സഖറിയാസ് കുതിരവേലി, സിറിയക് ചാഴികാടൻ, നിർമ്മല ജിമ്മി എന്നിവരെ പരിഗണിക്കുന്നു. പൂഞ്ഞാറിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ മത്സരിക്കാനിറങ്ങിയേക്കും, സിപിഎമ്മിൽ നിന്നും ഏറ്റെടുക്കുന്ന റാന്നി സീറ്റിലും മികച്ച സ്ഥാനാർത്ഥിയെ നിർത്തും.

വിജയസാധ്യതയുള്ളവരേ മാത്രമേ സ്ഥാനാർത്ഥികളായി പരിഗണിക്കാൻ പാടൂള്ളൂവെന്ന് ജോസ് കെ മാണിയോട് സിപിഎം നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്