കോട്ടയം: ചോദിച്ചതെല്ലാം ജോസ് കെ മാണിക്ക് കിട്ടി. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്ത് 13 സീറ്റിൽ കേരളാ കോൺഗ്രസ് എം മത്സരിക്കും. ജോസ് കെ മാണി പോലും ഇത്രയും സീറ്റുകൾ പ്രതീക്ഷിച്ചിരുന്നില്ല. പത്ത് സീറ്റിൽ പോലും ഒതുങ്ങാൻ തയ്യാറായിരുന്നു അവർ. പക്ഷേ കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും ജയിച്ചു കയറാനായി ജോസ് കെ മാണിയെ മുഖ്യമന്ത്രി പിണറായി വിജയൻ ചേർത്തു പിടിച്ചു. അങ്ങനെ ഇടതുപക്ഷത്ത് ജോസ് കെ മാണി സൂപ്പർ സ്റ്റാറായി.

യുഡിഎഫിൽ 15 സീറ്റിലാണ് കഴിഞ്ഞ തവണ കേരളാ കോൺഗ്രസുകാർ മത്സരിച്ചത്. അത് പിജെ ജോസഫിന്റെ കേരളാ കോൺഗ്രസ് കൂടി ലയിച്ചതിന്റെ സാഹചര്യത്തിലായിരുന്നു. ഇത്തവണ പിജെ പാർട്ടി പിളർത്തി പോയി. കെ എം മാണിയുടെ മരണത്തോടെ പലരും ജോസഫിനൊപ്പം സീറ്റ് മോഹിച്ച് മറുകണ്ടം ചാടി. എന്നിട്ടും തദ്ദേശത്തിൽ കരുത്ത് ചോർന്നില്ലെന്ന് ജോസ് കെ മാണിക്ക് തെളിയിക്കാനായി. ഈ സാഹചര്യത്തിലാണ് കൂടുതൽ സീറ്റ് ജോസ് കെ മാണിക്ക് കിട്ടുന്നത്. ഇതിൽ സിപിഐ അതൃപ്തരുമാണ്. യുഡിഎഫിൽ നിന്ന് മുന്നണിയിൽ എത്തിയ എൽജെഡിക്ക് കൊടുത്തത് വെറും മൂന്ന് സീറ്റ്. യുഡിഎഫിൽ ഏഴു സീറ്റിൽ മത്സരിച്ചവരായിരുന്നു അവർ. കേരളാ കോൺഗ്രസിന് മുന്നണിയിൽ കിട്ടിയ മുന്തിയ പരിഗണനയുടെ തെളിവ് കൂടിയാണ് ശ്രേയംസ് കുമാറിന്റെ പാർട്ടിയുടെ അവസ്ഥ.

ഇടതു പക്ഷത്തെ സീറ്റ് വിഭജനത്തിൽ ഏതാണ്ട് ധാരണയുണ്ടായിട്ടുണ്ട്. സിപിഎം.- 85, സിപിഐ.- 25, കേരള കോൺഗ്രസ്(എം)- 13, ജെ.ഡി.എസ്.- 4, എൽ.ജെ.ഡി.- 3, എൻ.സി.പി.- 3, ഐ.എൻ.എൽ.- 3, ജനാധിപത്യ കേരള കോൺഗ്രസ് - 1, കേരള കോൺഗ്രസ് (ബി) -1, കോൺഗ്രസ് (എസ്)-1, ആർ.എസ്‌പി. ലെനിനിസ്റ്റ് - 1 എന്നിങ്ങനെയാകും മത്സരിക്കുക. അതായത് മുന്നണിയിലെ മൂന്നാം കക്ഷിയായി മാറുകയാണ് കേരളാ കോൺഗ്രസ്. ഇരിക്കൂറും കാഞ്ഞിരപ്പള്ളിയുംമാത്രം സിപിഐ. വിട്ടുനൽകിയുള്ള ഒത്തുതീർപ്പാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ, ഇത് പൂർണമായി സിപിഐ. അംഗീകരിച്ചിട്ടില്ല.

കേരളാ കോൺഗ്രസിന് കൊടുക്കുന്ന റാന്നി, ചാലക്കുടി സീറ്റുകൾ സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ്. പാല എൻസിപിയുടേയും. എൻസിപിയിലെ മാണി സി കാപ്പനെ കൈവിട്ടാണ് ഈ സീറ്റ് കേരളാ കോൺഗ്രസിന് നൽകുന്നത്. പെരുമ്പാവൂരിലും സിപിഎമ്മിന് വേരുകളുണ്ട്. കഴിഞ്ഞ തവണ ജിഷാ കൊലക്കേസ് വിവാദത്തിലാണ് ഈ സീറ്റ് നഷ്ടമായത്. ഇതും കേരളാ കോൺഗ്രസിന് നൽകുന്നു. കെകെ ലതിക കഴിഞ്ഞ തവണ കുറച്ചു വോട്ടിന് തോറ്റ കുറ്റ്യാടിയും ജോസ് കെ മാണിക്കാണ്. അങ്ങനെ വിജയ സാധ്യതയുള്ള സീറ്റുകളാണ് ജോസ് കെ മാണിക്ക് കൊടുക്കുന്നതും.

കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളിക്കു പകരം ഒരുസീറ്റ് വേണമെന്നും മലപ്പുറം ജില്ലയിലെ സീറ്റുകൾ വിട്ടുനൽകാമെന്നുമുള്ള നിലപാടാണ് സിപിഐ.ക്കുള്ളത്. അതിനാലാണ് ചങ്ങനാശ്ശേരി ആവശ്യപ്പെടുന്നത്. പക്ഷേ, ഇനി അത്തരം വെച്ചുമാറലുകൾക്കുള്ള സാധ്യത കുറവാണെന്ന് സിപിഎം. നേതാക്കൾ വിശദീകരിക്കുന്നു. ഏഴുസീറ്റ് സിപിഎമ്മും രണ്ടുസീറ്റ് സിപിഐ.യും മൂന്നുസീറ്റ് ജനാധിപത്യ കേരള കോൺഗ്രസും എൻ.സി.പി., ജെ.ഡി.എസ്., കേരള കോൺഗ്രസ് സ്‌കറിയ തോമസ് വിഭാഗം എന്നിവർ ഓരോ സീറ്റുവീതവും നഷ്ടപ്പെടുത്തിയാണ് പുതിയ കക്ഷികൾക്ക് സീറ്റ് നൽകിയത്.

സ്‌കറിയ തോമസ് വിഭാഗത്തിന് സീറ്റില്ലാതായി. നാലുസീറ്റിൽ മത്സരിച്ച ജനാധിപത്യ കേരള കോൺഗ്രസ് ഒന്നിലേക്ക് ഒതുങ്ങി. ഇപ്പോഴത്തെ ധാരണയനുസരിച്ച് മലപ്പുറത്തെ മൂന്നുസീറ്റിലും സിപിഐ.തന്നെ മത്സരിക്കും. ഏറനാട്-മലപ്പുറം സീറ്റുകൾ വെച്ചുമാറണമെന്ന സിപിഎം. ആവശ്യം ഇനിയുണ്ടാകില്ല. ഏറനാട് സിപിഐ. വിട്ടുനൽകിയാൽ അവിടെ ഫുട്‌ബോൾതാരം ഷറഫലിയെ മത്സരിപ്പിക്കാനായിരുന്നു സിപിഎം. തീരുമാനം. ഇക്കാര്യത്തിൽ വ്യക്തത ഉടൻ കൈവരും. അങ്ങനെ സീറ്റ് വിഭജനത്തിൽ നേട്ടം കേരളാ കോൺഗ്രസിനായി മാറുന്നു. അവർ സ്ഥാനാർത്ഥി പ്രഖ്യാപനത്തിലേക്കും കടക്കുകയാണ്. കേരള കോൺഗ്രസ് (എം) പ്രാഥമിക സ്ഥാനാർത്ഥി പട്ടികയായി. ചെയർമാൻ ജോസ് കെ. മാണി മണ്ഡലം പ്രസിഡന്റുമാരുമായി ചർച്ച ചെയ്താണ് പട്ടിക തയാറാക്കിയത്.

എൽഡിഎഫിൽ സീറ്റു വിഭജനത്തിൽ തർക്കം തുടരുന്ന ചങ്ങനാശേരി, പൂഞ്ഞാർ മണ്ഡലങ്ങൾ ഉൾപ്പെടെ 13 സീറ്റുകളിലേക്കാണ് സ്ഥാനാർത്ഥിപ്പട്ടിക. അടുത്ത ദിവസം ചേരുന്ന പാർട്ടി ഉന്നതാധികാര സമിതി യോഗത്തിനു ശേഷം അന്തിമ പട്ടിക തയാറാകും. ചാലക്കുടിയിൽ തീരുമാനമായിട്ടില്ല.

1. പാലാ - ജോസ് കെ. മാണി
2. ഇടുക്കി - റോഷി അഗസ്റ്റിൻ
3. കാഞ്ഞിരപ്പള്ളി - ഡോ. എൻ. ജയരാജ്
4. കടുത്തുരുത്തി - സ്റ്റീഫൻ ജോർജ്, ഡോ. സിന്ധുമോൾ ജേക്കബ്, സിറിയക് ചാഴികാടൻ, സഖറിയാസ് കുതിരവേലിൽ, ജോസ് പുത്തൻകാല
5. ചങ്ങനാശേരി - ജോബ് മൈക്കിൾ
6. പൂഞ്ഞാർ -സെബാസ്റ്റ്യൻ കുളത്തുങ്കൽ, എം.കെ. തോമസ് കുട്ടി
7. തൊടുപുഴ - പ്രഫ. കെ.എ. ആന്റണി
8. റാന്നി - എൻ.എം. രാജു,പ്രമോദ് നാരായണൻ
9. പെരുമ്പാവൂർ - ബാബു ജോസഫ്
10. പിറവം - ജിൽസ് പെരിയപുറം
11. ഇരിക്കൂർ - സജി കുറ്റിയാനിമറ്റം
12. കുറ്റ്യാടി - മുഹമ്മദ് ഇക്‌ബാൽ