തിരുവനന്തപുരം: ആർക്കും പിണറായി വിജയനോട് ഒന്നും ചോദിക്കാൻ അവകാശമില്ല. ആരും ചോദിക്കുന്നതുമില്ല. കിട്ടുന്നത് വാങ്ങിക്കാനേ നിവർത്തിയുള്ളൂ. മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തിലും നീതി കേട് എല്ലാവരും കാണുന്നു. എന്നാൽ പ്രതിഷേധിച്ചിട്ട് കാര്യവുമില്ല. 99 എന്ന വിജയ സംഖ്യയുമായി എത്തിയ പിണറായിയെ ഒന്നിലും തടയാൻ ആർക്കും കഴിയുന്നില്ല. ഇടതുപക്ഷത്തെ മൂന്നാമത്തെ പാർട്ടിയായ കേരളാ കോൺഗ്രസ് തീർത്തും നിരാശരാണ്. ആഗ്രഹിച്ചതും അർഹിച്ചതും കിട്ടാത്തതിന്റെ നിരാശ.

ഏകാംഗ എംഎൽഎമാർക്ക് നൽകിയതു പോലെ ഒറ്റ മന്ത്രിയെ മാത്രം നൽകിയിട്ടും ചോദിച്ചതും വകുപ്പ് പാർട്ടി മന്ത്രിയായ റോഷി അഗസ്റ്റിന് കിട്ടിയില്ല. കൃഷിയും റവന്യൂ തരില്ലെന്ന് സിപിഐ പറഞ്ഞപ്പോൾ ചോദിച്ച പിഡബ്ല്യൂഡി ഉരാളുങ്കലിനായി റിസർവ്വ് ചെയ്തുവെന്നും കേരളാ കോൺഗ്രസ് എം തിരിച്ചറിയുന്നു. തൽകാലം പുറത്തു പറയുന്നില്ലെങ്കിലും വകുപ്പ് വിഭജനത്തിൽ അതൃപ്തിയിലാണ് ജോസ് കെ മാണി. മധ്യകേരളത്തിൽ നിർണ്ണായക സംഭാവന നൽകിയിട്ടും മതിയായ പരിഗണന നൽകിയില്ലെന്ന നിരാശ. ഇതു തന്നെയാണ് മറ്റ് ഘടകക്ഷികളുടേയും അവസ്ഥ. ഘടകക്ഷികളിൽ മുറുമുറുപ്പ് തുടങ്ങി കഴിഞ്ഞു. പക്ഷേ ആരും പരസ്യമായി എതിർക്കില്ല.

സിപിഐയ്ക്ക് മാത്രമാണ് വലിയ പരിക്കേൽക്കാത്തത്. കേരളാ കോൺഗ്രസ് രണ്ട് മന്ത്രിസ്ഥാനങ്ങൾ ആഗ്രഹിച്ചിരുന്നു. പക്ഷേ കൊടുത്തില്ല. അതുകൊണ്ടു തന്നെ മികച്ച വകുപ്പും പ്രതീക്ഷിച്ചു. കൃഷിയോടും റവന്യൂവകുപ്പിനോടുമായിരുന്നു താൽപ്പര്യം. രണ്ടും സിപിഐ നൽകിയില്ല. ഇതോടെ സിപിഎമ്മിന്റെ കൈയിലുള്ള പൊതുമരാമത്ത് ചോദിച്ചു. അതും നൽകിയില്ല. ഉരാളുങ്കൽ ലേബർ സൊസൈറ്റിയുടെ താൽപ്പര്യം പോലും ഇവിടെ പരിഗണിക്കപ്പെട്ടു. അതുകൊണ്ടാണ് റോഡ് പണിയുടെ ചുമതലയുള്ള മന്ത്രിയായി മുഹമ്മദ് റിയാസ് എത്തിയതെന്ന ചർച്ചകളും തലസ്ഥാനത്ത് സജീവമാണ്.

ഘടകകക്ഷി പ്രാതിനിധ്യത്തിനു വേണ്ടി സിപിഎം വിട്ടുകൊടുത്ത വൈദ്യുതി വകുപ്പ് കേരള കോൺഗ്രസ് വേണ്ടെന്നു പറഞ്ഞതോടെയാണ് ജനതാദളിനു നൽകിയത്. ദളിന്റെ പക്കലുണ്ടായിരുന്ന ജലവിഭവം മാത്രം ലഭിച്ചതിൽ കേരള കോൺഗ്രസ് തൃപ്തരല്ല. ഉപവകുപ്പുകളിൽ ഒന്നെങ്കിലും ലഭിക്കാൻ അവർ ശ്രമം തുടരുന്നു. ഇന്നു ഗവർണർക്ക് പട്ടിക പോകുന്നതിനു മുൻപ് ചെറിയ മാറ്റങ്ങൾക്കുള്ള സാധ്യതയും നിലനിൽക്കുന്നു. ഘടകകക്ഷികളിൽ വൈദ്യുതി കിട്ടിയ ജനതാദൾ മാത്രമാണ് തൃപ്തർ. ബാക്കിയെല്ലാവരും കിട്ടിയ വകുപ്പുകളിൽ ഒട്ടു സന്തോഷത്തിൽ അല്ല. എങ്കിലും കിട്ടിയതു മതിയെന്ന് വയ്ക്കാനാണ് പലരുടേയും തീരുമാനം.

മികച്ച പുതിയ ടീം; അതിനൊത്തു മികവുറ്റ പ്രകടനം എന്നതാണു തുടർഭരണവേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യം. തലമുറ മാറ്റം വകുപ്പു വിഭജനത്തിൽ അടക്കം പ്രതിഫലിക്കുന്നു. അതേസമയം ചില ഘടകകക്ഷികളും നിയുക്ത മന്ത്രിമാരും ലഭിച്ച വകുപ്പുകളിൽ തൃപ്തരല്ല. മന്ത്രിമാരെ നിശ്ചയിക്കുമ്പോൾ നല്ല ടീം എന്ന ആശയം പ്രാവർത്തികമാക്കണമെന്നു സിപിഐയോടും മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു.

60 വയസ്സിൽ താഴെയുള്ള 4 പേരെ മന്ത്രിയായി നിർദ്ദേശിച്ചുകൊണ്ടു സിപിഐ ക്രിയാത്മകമായി പ്രതികരിച്ചു. തനിക്കു രണ്ടാം ടേം നിഷേധിച്ചതിനോടു ശൈലജ സംയമനത്തോടെ പ്രതികരിച്ചതിൽ നേതൃത്വത്തിനു മതിപ്പുമുണ്ട്. എന്നാൽ, പുറമേ ഇത് അവസാനിച്ചുവെന്നു പറയുമ്പോഴും നേതൃത്വം അങ്ങനെ കരുതുന്നില്ല. പിബി തലം തൊട്ടു ചർച്ചകളിൽ ഇതു സംബന്ധിച്ച ചോദ്യങ്ങൾ ഉയരും.

ശൈലജയുടെ അഭാവത്തിൽ കേന്ദ്ര കമ്മിറ്റി അംഗമായ എം വി ഗോവിന്ദനാണ് മന്ത്രിസഭയിലെ രണ്ടാമൻ എങ്കിലും നിലവിൽ രണ്ടാമനായിരുന്ന ഇ.പി. ജയരാജൻ വഹിച്ച വ്യവസായം അദ്ദേഹത്തിനു ലഭിച്ചില്ല. പകരം സെക്രട്ടേറിയറ്റ് അംഗമായ പി.രാജീവിനാണ് ആ വകുപ്പ്. കേന്ദ്രകമ്മിറ്റി അംഗമായ തോമസ് ഐസക് കൈകാര്യം ചെയ്ത ധനം ലഭിച്ചത് മറ്റൊരു സെക്രട്ടേറിയറ്റ് അംഗമായ കെ.എൻ. ബാലഗോപാലിനും. ജിഎസ്ടിയുടെ വക്താവായിരുന്നു ഐസക് എങ്കിൽ ബാലഗോപാൽ അതിന്റെ വിമർശകനാണ്.

എംവി ഗോവിന്ദന് അർഹതപ്പെട്ട പരിഗണന കിട്ടിയില്ല. പിന്നാക്ക ക്ഷേമം കൂടാതെ ദേവസ്വം വകുപ്പ് കെ.രാധാകൃഷ്ണനെ ഏൽപിക്കാൻ തയാറായെങ്കിലും കേന്ദ്ര കമ്മിറ്റി അംഗമായ അദ്ദേഹത്തിന് കൂടുതൽ പ്രാധാന്യം പ്രതീക്ഷിച്ചിരുന്നു. ശൈലജയ്ക്കു പകരം വീണ ആരോഗ്യ വകുപ്പിലേക്കു വരുമ്പോൾ ആ വകുപ്പിൽ വനിതകളുടെ തുടർച്ചയാണ് സിപിഎം ഉറപ്പാക്കുന്നത്. ശൈലജയ്ക്കു മുൻപ് വി എസ് സർക്കാരിൽ പി.കെ. ശ്രീമതി ആയിരുന്നു ആരോഗ്യമന്ത്രി.

സുപ്രധാനമായ പൊതുമരാമത്ത്ടൂറിസം വകുപ്പുകൾ മന്ത്രിസഭയിലെ ജൂനിയർമാരിൽ ഒരാളായ പി.എ. മുഹമ്മദ് റിയാസിന് ലഭിച്ചതും ചർച്ചയാണ്. നേരത്തെ റബ്‌കോ ചെയർമാനായിരുന്ന വി.എൻ. വാസവനു സഹകരണം പ്രതീക്ഷിച്ചിരുന്നെങ്കിൽ ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാന് ഫിഷറീസ് അപ്രതീക്ഷിതമായി.