കോട്ടയം; കേരളത്തിലെ 45 മണ്ഡലങ്ങളിൽ കേരളാ കോൺഗ്രസിന് സ്വാധീനമുണ്ടെന്ന് നേരത്തെ തന്നെ പിണറായി വിജയൻ തിരിച്ചറിഞ്ഞിരുന്നു. ഈ കണക്കു കൂട്ടലിലാണ് ജോസ് കെ മാണിയുടെ കേരളാ കോൺഗ്രസ് ഇടതുപക്ഷത്തെ മൂന്നാം കക്ഷിയായത്. പ്രതീക്ഷ ശരിയായി. ഇടതിന് തുടർഭരണം കിട്ടുമ്പോൾ നിർണ്ണായകമായത് കേരളാ കോൺഗ്രസ് വോട്ടുകളാണ്. പത്തനംതിട്ടയിലും കോട്ടയത്തും ഇടുക്കിയിലും എറണാകുളത്തും വിജയ കണക്കുകളിൽ ഇത് ദൃശ്യവുമാണ്. എന്നിട്ടും ജോസ് കെ മാണി പാലായിൽ തോറ്റു. ജോസ് കെ മാണിയെ ഇടതുമുന്നണിയിലുള്ളവർ തന്നെ കാലുവാരിയെന്ന ആക്ഷേപം ശക്തമാണ്. കേരളാ കോൺഗ്രസിന്റെ ഈ പരാതി ഗൗരവത്തോടെ എടുക്കുകയാണ് സിപിഎമ്മും.

പിറവം-പെരുമ്പാവൂർ-ചാലക്കുടി മണ്ഡലങ്ങളിൽ പ്രാദേശിക നേതൃത്വം തോൽപ്പിക്കാൻ ഇറങ്ങി കളിച്ചു എന്നാണ് ജോസ് കെ മാണിയുടെ വിലയിരുത്തൽ. പാലായിലും കടുത്തുരുത്തിയിലും അണികളെ ഒപ്പം നിർത്താൻ സിപിഎം നേതാക്കൾ ജാഗ്രത കാട്ടിയില്ല. അങ്ങനെ ഉറപ്പായും ജയിക്കേണ്ട അഞ്ചു സീറ്റുകൾ കേരളാ കോൺഗ്രസിന് നഷ്ടമായി. ഈ സീറ്റുകളിൽ എല്ലാം സിപിഎം വോട്ടും നിർണ്ണായകമായിരുന്നു. കേരളാ കോൺഗ്രസ് വോട്ട് നേടി ജയിച്ച സിപിഎം തിരിച്ചു കാലുവാരിയെന്ന പരാതിയുമായാണ് ജോസ് കെ മാണി പിണറായിയെ സമീപിച്ചത്. ഇത് ഗൗരവമായി എടുത്ത് അന്വേഷണത്തിന് നിർദ്ദേശിക്കുകയാണ് പിണറായി. സിപിഎം ഇക്കാര്യങ്ങൾ പരിശോധിക്കും.

ഇടതു വിജയത്തിൽ നിർണ്ണായക ഘടകമായിട്ടും ജോസ് കെ മാണി തോറ്റത് കേരളാ കോൺഗ്രസിന് തിരിച്ചടിയായിരുന്നു. രണ്ട് മന്ത്രിസ്ഥാനവും കിട്ടിയില്ല. ഇതെല്ലാം കണക്കിലെടുത്താണ് സിപിഎമ്മിനോട് കേരളാ കോൺഗ്രസ് പരാതികൾ ഉന്നയിക്കുന്നത്. ഈ സാഹചര്യത്തിലാണ് ദേശിക നേതൃത്വം തിരഞ്ഞെടുപ്പിൽ നിസ്സഹകരിച്ചുവെന്ന കേരള കോൺഗ്രസ്-എമ്മിന്റെ പരാതി അന്വേഷിക്കാൻ സിപിഎം. അന്വേഷണ കമ്മിഷനെ നിയോഗിച്ചത്.

കേരള കോൺഗ്രസിന് നൽകിയിരുന്ന പിറവം, പെരുമ്പാവൂർ മണ്ഡലങ്ങളിലാണ് സിപിഎം. നേതൃത്വം വേണ്ട രീതിയിൽ പ്രവർത്തിച്ചില്ലെന്ന് പരാതിയുള്ളത്. മുതിർന്ന നേതാക്കളായ സി.എം. ദിനേശ് മണി, പി.എം. ഇസ്മയിൽ എന്നിവരെയാണ് ഇത് അന്വേഷിക്കാനുള്ള കമ്മിഷനായി നിയോഗിച്ചിരിക്കുന്നത്. പിറവത്ത് മത്സരിക്കാൻ ആഗ്രഹിച്ചിരുന്ന സിപിഎം. പ്രാദേശിക നേതാവ്, സീറ്റ് കേരള കോൺഗ്രസിന് കൊടുക്കുന്നതിനെതിരേ പരസ്യമായി രംഗത്തുവന്നിരുന്നു. തുടർന്ന് സിപിഎം. നേതൃത്വം നേരിട്ടാണ് അവിടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. സംസ്ഥാനമൊട്ടുക്ക് ഇടത് തരംഗം അലയടിച്ചപ്പോഴും അതിന്റെ അനുരണനങ്ങൾ പിറവത്ത് കണ്ടില്ല. മികച്ച ഭൂരിപക്ഷത്തിൽ കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം നേതാവ് അനൂപ് ജേക്കബ് ജയിച്ചു.

പെരുമ്പാവൂർ മണ്ഡലവും കേരള കോൺഗ്രസ് - എമ്മിന് കൊടുത്തതിൽ പ്രാദേശിക സിപിഎം. നേതൃത്വത്തിന് അസ്വസ്ഥത ഉണ്ടായിരുന്നു. മുതിർന്ന സിപിഎം. നേതാവ് പ്രവർത്തനങ്ങളിൽ വേണ്ടവിധം സഹകരിക്കുന്നില്ലെന്ന ചർച്ചകൾ പാർട്ടി വൃത്തങ്ങളിൽ അപ്പോൾത്തന്നെ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് അവലോകനം നടത്തിയ സിപിഎം. നേതൃത്വം കേരള കോൺഗ്രസ് സീറ്റുകളിലെ പരാജയം പരിശോധിക്കാൻ പ്രത്യേകം കമ്മിഷനെ വെക്കുകയായിരുന്നു. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായിരുന്നു ചാലക്കുടി. ഇവിടേയും കേരളാ കോൺഗ്രസ് തോറ്റു.

എറണാകുളം ജില്ലയിൽ മറ്റ് മൂന്ന് മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രാദേശിക നേതൃത്വത്തിനെതിരേ പരാതി ഉയർന്നിരുന്നു. തൃക്കാക്കരയിലും തൃപ്പൂണിത്തുറയിലും കളമശ്ശേരിയിലുമാണിത്. തൃക്കാക്കരയിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പ്രാദേശിക സിപിഎം. നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. പാർട്ടി വിചാരിച്ചതിനെക്കാൾ വലിയ പരാജയമാണ് ഇവിടെ ഉണ്ടായത്. തൃപ്പൂണിത്തുറയിലും ചില പാർട്ടി നേതാക്കൾ ഉയർന്നു പ്രവർത്തിച്ചില്ലെന്ന ആക്ഷേപം ഉണ്ടായി. ഇടതു തരംഗത്തിനിടയിലും സിറ്റിങ് സീറ്റ് കൈവിട്ടത് തിരിച്ചടിയായി.

തൃക്കാക്കരയിലേയും തൃപ്പൂണിത്തുറയിലേയും പരാജയങ്ങൾ അന്വേഷിക്കുന്നതിന് ഗോപി കോട്ടമുറിക്കൽ, കെ.ജെ. ജേക്കബ് എന്നിവരടങ്ങുന്ന കമ്മിഷനെയും നിയോഗിച്ചിട്ടുണ്ട്. കളമശ്ശേരിയിൽ തുടക്കത്തിൽ ആലങ്ങാട് ഏരിയാ നേതൃത്വവുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നിരുന്നു. മികച്ച ഭൂരിപക്ഷത്തോടെ കളമശ്ശേരി പിടിക്കാൻ കഴിഞ്ഞതിനാൽ പരാതികൾ പിന്നെ ഉയർന്നില്ല.