കോട്ടയം: കേരളാ കോൺഗ്രസിനെ സെമി കേഡർ പാർട്ടിയാക്കുകയാണ് ജോസ് കെ മാണിയുടെ ശ്രദ്ധയും ലക്ഷ്യവും. പാർട്ടിയുടെ ജന്മദിനത്തിൽ കേരള കോൺഗ്രസിന്റെ (എം) പതാക സൈബർ ലോകത്ത് ഉയർത്തുന്നതും കൂടുതൽ വളരുകയെന്ന ലക്ഷ്യത്തോടെയാണ്. മതിയായ സൈബർ ഇടപെടലുകളിലൂടെ മുമ്പോട്ടു കുതിക്കുകയാണ് ലക്ഷ്യം. കോവിഡ് കാലത്ത് കൂടുതൽ പേരിൽ എത്താനുള്ള നീക്കം.

കോട്ടയത്ത് 1,000 കേന്ദ്രങ്ങളിലെ പതാക ഉയർത്തൽ നടക്കുന്ന ലൊക്കേഷനുകൾ ഗൂഗിൾ മാപ്പിലെ പബ്ലിക് ഇവന്റ് സൗകര്യത്തിലൂടെ എല്ലാവർക്കും അറിയാൻ സാധിക്കും. പതാകകൾ ഉയർത്തേണ്ട സ്ഥലത്തിന്റെ ലൊക്കേഷനുകൾ മുൻകൂട്ടി നിശ്ചയിക്കുകയും പാർട്ടി ഓഫിസിൽ നിന്നു പ്രവർത്തകരെ അറിയിക്കുകയും ചെയ്തു. പാർട്ടി അടിമുടി മാറ്റുന്നതിന് തുടക്കമിടുക കൂടിയാണ് പാർട്ടിയുടെ 59-ാം ജന്മദിനത്തിൽ. പഴുതുകളില്ലാത്ത സംഘടനാ സംവിധാനമാണ് ലക്ഷ്യം. പാലായിലെ ജോസ് കെ മാണിയുടെ തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് തീരുമാനങ്ങൾ.

പുതിയ പ്രവർത്തന ശൈലിയുടെ രൂപരേഖ തയാറാക്കാൻ സംസ്ഥാന കമ്മിറ്റി ഓഫിസിൽ ഇന്ന് മുഴുവൻ ദിന സ്റ്റീയറിങ് കമ്മിറ്റി യോഗം ചേരും. സംഘടന ശക്തമാക്കുക, കാലോചിതമായ പ്രവർത്തനശൈലി രൂപപ്പെടുത്തുക എന്നിവയാണ് ലക്ഷ്യം. വാർഡ് തലം മുതൽ സംസ്ഥാന കമ്മിറ്റി വരെ നീളുന്ന സംഘടനാ തിരഞ്ഞെടുപ്പു പ്രക്രിയയ്ക്കും ഇന്നു തുടക്കമാകും. പുതിയ നേതൃത്വം എത്തിയാൽ സെമി കേഡർ സംവിധാനമാകും പാർട്ടിക്ക്. അച്ചടക്കം ലംഘിക്കുന്നവരെ ഒരു തരത്തിലും അംഗീകരിക്കില്ല. താഴെ തട്ടിൽ പാർട്ടിയെ ശക്തമാക്കാൻ കൂടിയാണ് ഇതെല്ലാം.

കോട്ടയത്തെ ഒന്നാം നമ്പർ പാർട്ടിയാക്കി കേരളാ കോൺഗ്രസ് എമ്മിനെ നിലനിർത്തുകയാണ് ജോസ് കെ മാണിയുടെ ലക്ഷ്യം. ഇതിന് വേണ്ടി കൂടിയാണ് താഴെ തട്ടിലെ സുതാര്യ തെരഞ്ഞെടുപ്പ്. ജനങ്ങളുമായി അടുത്ത് നിൽക്കുന്നവരെ നേതൃത്വത്തിലേക്ക് എത്തിക്കാനുള്ള നീക്കം. തിരഞ്ഞെടുപ്പിനു മുന്നോടിയായി അംഗത്വ വിതരണത്തിനു തുടക്കമാകും. രണ്ടു തരം അംഗത്വമുണ്ടാകും. സജീവ അംഗത്വം എടുക്കുന്നവർക്കാണ് വോട്ടവകാശം. പാർട്ടിയുമായി സഹകരിച്ചു പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്കായി ഓൺലൈൻ അംഗത്വം നൽകും.

പാർട്ടി കമ്മിറ്റികളുടെ വലുപ്പം കുറയ്ക്കാനുള്ള ചർച്ചയും നടക്കും. പുതിയ മേഖലകളിലേക്ക് പാർട്ടിയെ എത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. പ്രഫഷനലുകൾ, വിമുക്തഭടന്മാർ, ക്ഷേത്ര ജീവനക്കാർ, മടങ്ങി വന്ന പ്രവാസികൾ തുടങ്ങിയ മേഖലകളിൽ പോഷക സംഘടനകൾ രൂപീകരിച്ചു തുടങ്ങി. വനിതകൾക്കും പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്കും സംഘടനയിൽ പ്രാതിനിധ്യം ഉറപ്പാക്കും. വിദ്യാർത്ഥി വിഭാഗമായ കെഎസ്സിയുടെ 2 ജില്ലാ പ്രസിഡന്റുമാർ വനിതകളാണ്. അങ്ങനെ എല്ലാ മേഖലകളിലേക്കും എത്തുകയാണ് കേരളാ കോൺഗ്രസ്.

ഓൺലൈൻ അംഗത്വ വിതരണത്തിനായി വെബ് പോർട്ടൽ, പാർട്ടി കമ്മിറ്റികളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് മൊബൈൽ ആപ്ലിക്കേഷൻ എന്നിവ തയാറാകുന്നു. പാർട്ടി യോഗങ്ങളും അതിന്റെ ഭാഗമായ റിപ്പോർട്ടിങ്ങും മൊബൈൽ ആപ് വഴി ഏകോപിപ്പിക്കാൻ കഴിയും. 'ഞാനും മാണി സാറും' എന്ന വിഡിയോ ആൽബവും പുറത്തിറക്കും. കെ.എം. മാണിയുമായി അടുപ്പമുള്ള വ്യക്തികളുടെ ഇന്റർവ്യൂവും ചിത്രങ്ങളും ശേഖരിച്ച് വിഡിയോ ആൽബമാക്കും. മാണി വികാരം അതിശക്തമായി നിർത്താനാണ് ഈ ഇടപെടൽ.