- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബർ 29ന്; മത്സരിക്കാനുള്ള അവകാശം കേരളാ കോൺഗ്രസ് എമ്മിന് നൽകാൻ ഇടതുപക്ഷം; പാലാ തോൽവിയിലെ ക്ഷീണം മാറ്റാൻ ജോസ് കെ മാണിക്ക് സുവർണ്ണാവസരം; മാണി സാറിന്റെ മകൻ തന്നെ എംപിയാകണമെന്ന് പാർട്ടിയിൽ പൊതു വികാരം; ജോസ് വീണ്ടും രാജ്യസഭയിൽ എത്തിയേക്കും
തിരുവനന്തപുരം: ജോസ് കെ മാണി വീണ്ടും രാജ്യസഭയിൽ എത്തുമെന്ന് സൂചന. കേരളത്തിലെ ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ 29ന് നടക്കും. കേരള കോൺഗ്രസ് നേതാവ് ജോസ് കെ.മാണി രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണലും അതേ ദിവസമാണ്. നവംബർ 9ന് വിജ്ഞാപനം ഇറങ്ങും. നാമനിർദേശ പത്രികാ സമർപ്പണം നവംബർ 16നാണ്.
കേരളാ കോൺഗ്രസ് എമ്മിനെ നിയമ പോരാട്ടത്തിലൂടെ ജോസ് കെ മാണി സ്വന്തമാക്കി കഴിഞ്ഞു. പാർട്ടിയെ കേഡറാക്കാനുള്ള നീക്കത്തിലാണ് ചെയർമാൻ. അതുകൊണ്ട് തന്നെ രാജ്യസഭയിലേക്ക് ജോസ് കെ മാണി മത്സരിക്കുമോ എന്നതിൽ ചില സംശയങ്ങളുണ്ട്. എംപി സ്ഥാനം മറ്റൊരാൾക്ക് നൽകി പാർട്ടിയെ ശക്തിപ്പെടുത്താനും ജോസ് കെ മാണി സമയം മാറ്റി വച്ചേക്കും. എന്നാൽ ജോസ് കെ മാണി തന്നെ രാജ്യസഭാ എംപിയാകണമെന്നതാണ് കേരളാ കോൺഗ്രസിലെ പൊതു വികാരം.
കഴിഞ്ഞ ജനുവരി 11നാണ് ജോസ് കെ.മാണി രാജിവച്ചത്. സീറ്റ് കേരള കോൺഗ്രസിനു ഇടതു മുന്നണി നൽകും. ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് തിരഞ്ഞെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് നിർദേശിക്കണം എന്നാവശ്യപ്പെട്ട് എംഎൽഎമാരായ കെ.എൻ.ഉണ്ണികൃഷ്ണൻ, വി.ആർ.സുനിൽകുമാർ, ജോബ് മൈക്കിൾ എന്നിവർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനിടെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
ഇടതു മുന്നണി ഔദ്യോഗിക യോഗം ചേർന്ന് താമസിയാതെ കേരളാ കോൺഗ്രസിന് സീറ്റ് നൽകും. അതിന് ശേഷം കേരളാ കോൺഗ്രസും ചർച്ചകളിലേക്ക് കടക്കും. സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയും ചെയ്യും. ജോസ് കെ മാണി മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചാൽ ആരും എതിർക്കില്ല. അല്ലാത്ത പക്ഷം മാത്രമേ മറ്റ് പേരുകൾ കേരളാ കോൺഗ്രസ് പരിഗണിക്കൂ.
കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ പാലാ സീറ്റിൽ നിന്ന് മത്സരിക്കുന്നതിന് വേണ്ടി കൂടിയായിരുന്നു ജോസ് കെ മാണി എം പി സ്ഥാനം രാജിവച്ചത്. എൽഡിഎഫിനൊപ്പം ചേർന്ന സാഹചര്യത്തിലാണ് യുഡിഎഫിനൊപ്പം നിന്ന് കിട്ടിയ സീറ്റ് രാജി വച്ചത്. ആറ് മാസത്തിനുള്ളിൽ ഒഴിവ് നികത്തണം എന്നാണ് സാധാരണയുള്ള നടപടിയെങ്കിലും കോവിഡ് മഹാമാരിയുടെ അന്തരീക്ഷത്തിൽ തെരഞ്ഞെടുപ്പ് നീട്ടി വെക്കുകയായിരുന്നു. പാലയിൽ തോറ്റതോടെ ജോസ് കെ മാണിക്ക് എൽഎൽഎയാകാനും കഴിഞ്ഞില്ല.
ഈ സാഹചര്യത്തിലാണ് എംപി സ്ഥാനം വീണ്ടും കൈയിലേക്ക് വരുമ്പോൾ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയായി ജോസ് കെ മാണിയുടെ പേര് ചർച്ചയാക്കുന്നത്. 10 മാസം മുമ്പ് ഒഴിഞ്ഞ സീറ്റിൽ ഇതുവരെ തെരഞ്ഞെടുപ്പ് നടത്താത്തത് ചൂണ്ടിക്കാട്ടിയാണ് എംഎൽഎമാരായ കെ.എൻ. ഉണ്ണികൃഷ്ണൻ, വി.ആർ. സുനിൽ കുമാർ, ജോബ് മൈക്കിൾ എന്നിവർ ഹരജി നൽകിയത്.
ഈ ഒഴിവിലേക്ക് തെരഞ്ഞെടുപ്പു നടത്താൻ ജനപ്രാതിനിധ്യ നിയമപ്രകാരം തെരഞ്ഞെടുപ്പ് കമീഷന് ബാധ്യതയുണ്ട്. എന്നാൽ, കോവിഡ് സാഹചര്യത്തിൽ തെരഞ്ഞെടുപ്പുകൾ നീട്ടിവെക്കുന്നതായി കമീഷൻ പത്രക്കുറിപ്പിറക്കി. ഇതിനുശേഷം സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുൾപ്പെടെ നടത്തിയിട്ടും രാജ്യസഭ സീറ്റിലേക്കുള്ള ഒഴിവു നികത്താൻ തെരഞ്ഞെടുപ്പു നടത്തുന്ന കാര്യത്തിൽ കമീഷൻ തീരുമാനമെടുത്തില്ലെന്ന് ഹരജിയിൽ ആരോപിക്കുന്നു.
ഈ സാഹചര്യത്തിൽ ഒഴിവുള്ള രാജ്യസഭ സീറ്റിലേക്ക് തെരഞ്ഞെടുപ്പ് നടത്താൻ കമീഷന് നിർദ്ദേശം നൽകണമെന്നാണ് ഹരജിയിലെ ആവശ്യം. ഇതേ ആവശ്യമുന്നയിച്ച് ഒമ്പത് എംഎൽഎമാർ സ്പീക്കർക്ക് നിവേദനം നൽകിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ