- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാണി സി കാപ്പനുള്ള മറുപടി സിപിഎം നേതൃത്വം കൊടുക്കും; വിവാദമുണ്ടാക്കിയത് മുന്നണിക്കുള്ളിൽ സീറ്റ് വിഭജന ചർച്ചകൾ തുടങ്ങുന്നതിന് മുമ്പെന്നും ജോസ് കെ മാണി
കോട്ടയം: മാണി സി കാപ്പനുള്ള മറുപടി സിപിഎം നേതൃത്വം കൊടുക്കുമെന്ന് കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണി. ഇടത് മുന്നണിയിൽ സീറ്റ് വിഭജന ചർച്ചകൾ തുടങ്ങും മുമ്പാണ് കാപ്പൻ വിവാദമുണ്ടാക്കിയതെന്നും ജോസ് കെ മാണി പറഞ്ഞു. മുന്നണിയിൽ സീറ്റ് ചർച്ച ഇതുവരെ തുടങ്ങിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേവലം ജില്ലാ പഞ്ചായത്ത് സീറ്റിന് വേണ്ടിയാണ് ഞങ്ങളെ മുന്നണിയിൽ നിന്നും പുറത്താക്കിയത്. അത് ശരിയായ തീരുമാനമായിരുന്നില്ലെന്ന് കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ പരാജയത്തോടെ അവർക്ക് ബോധ്യമായിരിക്കണം. ഈ വിഷയത്തിൽ കൂടുതൽ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ശനിയാഴ്ച രാവിലെയാണ് മാണി സി. കാപ്പൻ എൽ.ഡി.എഫ് വിട്ടത്. യു.ഡി.എഫ് ഘടക കക്ഷിയാകുമെന്നും രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയിൽ പങ്കെടുക്കുമെന്നും മാണി സി. കാപ്പൻ പറഞ്ഞു. പാലായിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് യു.ഡി.എഫ്. സ്ഥാനാർത്ഥിയായി, യു.ഡി.എഫ്. ഘടകകക്ഷിയായി പ്രതീക്ഷിക്കാമെന്നും കാപ്പൻ നെടുമ്പാശ്ശേരിയിൽ മാധ്യമങ്ങളോടു പറഞ്ഞു.
ഏഴ് ജില്ലാ പ്രസിഡന്റുമാരും 18 സംസ്ഥാന ഭാരവാഹികളിൽ ഒമ്പതുപേരും തന്നോടൊപ്പം യു.ഡി.എഫിലേക്ക് വരുമെന്നും കാപ്പൻ കൂട്ടിച്ചേർത്തു. നാളെ ഐശ്വര്യ കേരള യാത്രയുടെ വേദിയിൽ ഇവരെ അണിനിരത്തുമെന്നും അദ്ദേഹം പറഞ്ഞു. 10 ജില്ലാ കമ്മിറ്റികളുടെ പിന്തുണയുണ്ടെന്ന എകെ ശശീന്ദ്രന്റെ അവകാശവാദത്തെ കുറിച്ച് ചോദിച്ചപ്പോൾ, എലത്തൂർ ജില്ലയായി കൂട്ടിയിട്ടുണ്ടെങ്കിൽ പുള്ളിയോട് എന്നാ പറയാനാ എന്നായിരുന്നു കാപ്പന്റെ മറുപടി. ടി.പി. പീതാംബരൻ ഒപ്പം പോരുമോ എന്ന ചോദ്യത്തിന് തീർച്ചയായും എന്നും കാപ്പൻ മറുപടി നൽകി.
മുന്നണി മാറ്റ വിഷയത്തിൽ ഇന്നേ തീരുമാനം ഉണ്ടാവുകയുള്ളൂവെന്നും കാപ്പൻ പറഞ്ഞു. ശരദ് പവാറും പ്രഫുൽ പട്ടേലും തമ്മിൽ കൂടിക്കാഴ്ച നടന്നിട്ടില്ലെന്നും അതിനാൽ അഖിലേന്ത്യാ നേതൃത്വം തന്നെ കൈവിട്ടുവെന്ന തരത്തിലുള്ള വാർത്ത തെറ്റാണെന്നും കാപ്പൻ പറഞ്ഞിരുന്നു. ഇന്നു വൈകുന്നേരം പവാറും പ്രഫുൽ പട്ടേലും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്നും അതിനു ശേഷം തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലായിൽ ജനങ്ങൾ പിന്തുണയ്ക്കുമെന്നും വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും എൽ.ഡി.എഫ്. തന്നോട് നീതികേട് കാണിച്ചെന്നും അദ്ദേഹം പറഞ്ഞു. പാലായിലെ വികസന പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മികച്ച പിന്തുണയാണ് നൽകിയതെന്നും കാപ്പൻ പറഞ്ഞു.
അതേസമയം മാണി സി കാപ്പനല്ല എൻസിപിക്കാണ് പ്രധാന്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പ്രതികരിച്ചു. ലീഗ് മതത്തെ രാഷ്ട്രീയ ലാഭത്തിനും കൊള്ളലാഭത്തിനും ഉപയോഗിക്കുന്നു. എൻഡിഎഫിന്റെ ജാഥ തുടർഭരണത്തിന് കളമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ എ. വിജയരാഘവൻ നയിക്കുന്ന വികസന മുന്നേറ്റയാത്രയ്ക്ക് മുന്നോടിയായി മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാഥ കേരളത്തെ സംബന്ധിച്ചിടത്തോളം അതി പ്രധാനമായ ചരിത്ര മുഹൂർത്തത്തിലാണ് നടക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ ഗവൺമെന്റിന്റെ ഏറ്റവും മാതൃകാപരമായ ഭരണം അഞ്ച് വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പിൽ കേരളീയ സമൂഹം ഇടതുപക്ഷ തുടർഭരണത്തിനുള്ള പിന്തുണ നൽകും. മാണി സി കാപ്പനല്ല വലുത് പാർട്ടി എന്ന നിലയിൽ എൻസിപിയാണെന്നും കാപ്പനെ തിരിച്ചുകൊണ്ടുവരുമോയെന്ന ചോദ്യത്തിനുള്ള മറുപടിയായി വിജയരാഘവൻ വ്യക്തമാക്കി. എൻ.സി.പി എന്തെങ്കിലും ഒരു പ്രയാസകരമായ നിലപാടൊ അഭിപ്രായമോ ഇടതുമുന്നണിയിൽ വ്യക്തമാക്കിയിട്ടില്ലെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിലേക്ക് പോയ മാണി സി. കാപ്പന് ശരദ് പവാറിന്റെ പിന്തുണയില്ലെന്ന് എൻ.സി.പി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി. കാപ്പന്റെ നീക്കത്തിന് പവാറിന്റെ പിന്തുണയില്ല. നേതാക്കളുടെ പിന്നാലെ പോകുന്നയാളല്ല പവാർ. കാപ്പന്റെ നാളത്തെ നീക്കം അറിഞ്ഞശേഷം തുടർ നടപടി സ്വീകരിക്കുമെന്നും ടി.പി. പീതാംബരൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ