- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യക്തികൾക്കെതിരായ കേസുകൾ മുൻനിർത്തി പ്രതിപക്ഷം എൽഡിഎഫ് സർക്കാരിന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുന്നു; പ്രതിപക്ഷത്തിനെതിരെ ജോസ് കെ. മാണി
കോട്ടയം: യുഡിഎഫ് വിട്ട് എൽഡിഎഫിൽ എത്തിയ ജോസ് കെ മാണി പ്രതിപക്ഷത്തെ വിമർശിച്ചു രംഗത്ത്. വ്യക്തികൾക്കെതിരായ കേസുകൾ മുൻനിർത്തി പ്രതിപക്ഷം എൽ.ഡി.എഫ് സർക്കാരിന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുകയാണെന്ന് ജോസ് കെ മാണി പറഞ്ഞു. സംവരണ വിഷയത്തിൽ മലക്കം മറിഞ്ഞതിന്റെ ജാള്യത മറയ്ക്കാനുള്ള ശ്രമമാണ് പ്രതിപക്ഷത്തിന്റേതെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പുകൾ അടുത്തതോടെ സർക്കാരിന്റെ ജനക്ഷേമ പദ്ധതികളിൽ നിന്നും ശ്രദ്ധതിരിക്കാനുള്ള നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കള്ളപ്പണ കേസിൽ എൻഫോഴ്സമെന്റ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം സിപിഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരിയെയും എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരു മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ബിനീഷിനെ അറസ്റ്റ് ചെയ്തത്.
ബിനീഷിനെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. കള്ളപ്പണ നിരോധന നിയമത്തിലെ നാലും അഞ്ചും വകുപ്പുകൾ ചേർത്താണ് ബിനീഷിനെതിരെ കേസെടുത്തിരിക്കുന്നത്. ഏഴ് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
തുടർച്ചയായി സർക്കാരിനെതിരെ ഉണ്ടായ വിഷയങ്ങളിൽ വലിയ തോതിലുള്ള പ്രതിഷേധം ഉയരുന്നുണ്ട്. കോൺഗ്രസും ബിജെപിയുമടക്കമുള്ള പ്രതിപക്ഷ കക്ഷികൾ രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രിക്കെതിരെയും സർക്കാരിനെതിരെയും നടത്തിയത്. ഇതിന് പിന്നാലെയാണ് ജോസ് കെ. മാണിയുടെ പ്രതികരണം.