- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാലായിൽ നൂറ് ശതമാനം വിജയം ഉറപ്പെന്ന് ജോസ് കെ മാണി; 15000 ൽ ഏറെ വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്ന് കാപ്പനും; ആരു വിജയിച്ചാലും പാലായിൽ മാണിയെന്ന പേരു മായില്ല; പടക്കം പൊട്ടിച്ച് പൂഞ്ഞാറിലെ 'വിജയം' ആഘോഷിച്ച് പി സി ജോർജ്; ഭൂരിപക്ഷം 30, 000ൽ ഏറെയെന്ന് അവകാശവാദവും
കോട്ടയം: കോട്ടയം ജില്ലയിൽ തീപാറുന്ന പോരാട്ടം നടന്ന രണ്ട് മണ്ഡലങ്ങളാണ് പാലയും പൂഞ്ഞാറും. ഈ രണ്ട് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പല കാരണങ്ങൾ കൊണ്ടും ശ്രദ്ധേയമാകുന്നുണ്ട്. പാലായിൽ ജോസ് കെ മാണി തോറ്റാൽ അത് ഇടതു മുന്നണിയിൽ വലിയ പ്രശ്നങ്ങൾക്ക് ഇടയാക്കും. പൂഞ്ഞാറിൽ പി സി ജോർജ്ജ് വിജയിച്ചാൽ കേരള രാഷ്ട്രീയത്തിലെ ഒറ്റയാൻ താൻ തന്നെയെന്ന് ജോർജ്ജിന് വീണ്ടും ആവർത്തിക്കുകയുമാകാം. അതുകൊണ്ട് തന്നെ ഈ രണ്ട് മണ്ഡലങ്ങളിയും ഫലം കേരളം പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.
ആരു ജയിച്ചാലും പാലായിൽ മാണിയെന്ന പേരു മായില്ല എന്നതാണ് പ്രത്യേകത. മകൻ ജോസ് കെ. മാണിയിലും എതിരാളി മാണി സി. കാപ്പനിലും മാണിയെന്ന പേരുണ്ട്. ജില്ലയിൽ ഏറ്റവും ശക്തമായ പോരാട്ടം നടന്ന മണ്ഡലമാണ് പാലാ. കെ.എം. മാണിയുടെ മരണശേഷം കൈവിട്ട മണ്ഡലം തിരിച്ചു പിടിക്കാൻ എല്ലാ ആയുധങ്ങളും പുറത്തെടുത്തു ജോസ് പോരാടി. സിപിഎം ഒപ്പം നിന്നതോടെ ജോസിന് വിജയം അനായാസമാകുമെന്ന് കരുതുന്നു. കെ.എം. മാണിക്കുശേഷം പിടിച്ചെടുത്ത കോട്ട നില നിർത്താൻ മാണി സി. കാപ്പനും അതിശക്തമായ മത്സരം നടത്തി. എന്നാൽ ശക്തമായ അടിയൊഴുക്കിൽ വിജയിച്ചു കയറാമെന്ന പ്രതീക്ഷയിലാണ് മാണി സി കാപ്പൻ. ഇടതു വോട്ടർമാർ തന്നെ കൈവിടില്ലെന്നാണ് കാപ്പന്റെ പ്രതീക്ഷ.
പാലായിൽ വിജയം 100 ശതമാനം ഉറപ്പെന്ന് ജോസ് കെ. മാണി പറഞ്ഞു. ഭൂരിപക്ഷം എത്ര എന്നു പറയുന്നില്ല. അതു ജനങ്ങൾ തീരുമാനിക്കും: ജോസ് പറഞ്ഞു. 15000 ൽ ഏറെ വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്നു കാപ്പൻ പറഞ്ഞു. അപരനെ നിർത്തിയത് കേരള കോൺഗ്രസിന് (എം) ആത്മവിശ്വാസം ഇല്ലാത്തതു കൊണ്ടാണ് കാപ്പൻ പറഞ്ഞു. പാലായിൽ ജയിച്ച് എൽഡിഎഫിന് ഭരണം ലഭിച്ചാൽ ജോസ് മന്ത്രിയാകും. പാലായിൽ പരാജയപ്പെട്ടാൽ കേരള കോൺഗ്രസിന്റെ (എം) രാഷ്ട്രീയ നിലനിൽപ്പിനും ഇളക്കം തട്ടും.
തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം, എൽഡിഎഫ് സംഘടനാ ശേഷി ഉപയോഗിച്ചു നടത്തിയ അതിശക്തമായ പ്രചാരണം എന്നിവയാണ് ജോസിന്റെ ആത്മവിശ്വാസത്തിനു പിന്നിൽ. മണ്ഡലത്തിൽ മനസ്സും ശരീരവും പൂർണമായി അർപ്പിച്ചാണ് ജോസ് പ്രചാരണം നടത്തിയത്. യുഡിഎഫ് പിന്തുണ, എംഎൽഎ എന്ന നിലയിൽ ഒന്നര വർഷം കൊണ്ട് മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനം, സ്വീകാര്യത എന്നിവയിലാണ് കാപ്പന്റെ പ്രതീക്ഷ. അപരന്റെ സാന്നിധ്യം, പരസ്പരം നടത്തിയ ആരോപണങ്ങൾ, പാലാ നഗരസഭയിലെ അംഗങ്ങളുടെ കയ്യാങ്കളി എന്നിവ തിരഞ്ഞെടുപ്പിൽ ചർച്ചയാകും.
അതേസമയം പൂഞ്ഞാറിൽ പോളിങ് കഴിഞ്ഞപ്പോൾ തന്നെ പടക്കം പൊട്ടിച്ച് വിജയം ആഘോഷിച്ച് പി.സി. ജോർജ്. വൈകിട്ട് പോളിങ്ങിനു ശേഷം ബൂത്തു തലത്തിൽ ഫലം അവലോകനം ചെയ്ത ശേഷമാണ് പ്രവർത്തകർ പി.സി. ജോർജിന്റെ വീട്ടിൽ പടക്കം പൊട്ടിച്ച് വിജയം ആഘോഷിച്ചത്. 'ജനങ്ങളെ വിശ്വാസം ഉള്ളതിനാലാണ് വിജയം ആഘോഷിച്ചത്. പി.സി. ജോർജ് ജയിക്കും. ഭൂരിപക്ഷം അൽപം കുറഞ്ഞേക്കാം. എന്നാലും വിജയം ഉറപ്പിച്ചു. കണക്കുകൾ കൂട്ടിക്കഴിഞ്ഞപ്പോൾ പടക്കം പൊട്ടിച്ചോട്ടേ എന്ന് പ്രവർത്തകർ ചോദിച്ചു ' ജില്ലാ പഞ്ചായത്തംഗവും പി.സി. ജോർജിന്റെ മകനുമായ ഷോൺ ജോർജ് പറഞ്ഞു.
പൂഞ്ഞാറിൽ 30, 000ൽ ഏറെ വോട്ടുകൾക്ക് ജയിക്കുമെന്നാണ് പി.സി. ജോർജിന്റെ കണക്കുകൂട്ടൽ. ഒരു മുന്നണിയിലും ചേരാതെ ഒറ്റയ്ക്കാണ് ജോർജിന്റെ മത്സരം. ജയിച്ചാൽ മുന്നണികൾക്ക് പിസിയെ അംഗീകരിക്കേണ്ടി വരും. തൂക്കുസഭ വന്നാൽ പിസിയുടെ വില വീണ്ടും ഉയർന്നേക്കാം. തിരഞ്ഞെടുപ്പിൽ തോറ്റാൽ മുന്നണികൾക്ക് പിന്നാലെ അപേക്ഷയുമായി പിസിക്കു നടക്കേണ്ടി വരും.
മുസ്ലിം സമുദായത്തിനും കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിനും എതിരെ ജോർജ് നടത്തിയ പ്രസ്താവനകളാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. പ്രാദേശികമായി എതിർപ്പ് ഉയർന്നതോടെ പ്രചാരണം ചില സ്ഥലങ്ങളിൽ നിർത്തി വയ്ക്കേണ്ടി വന്നു. എന്നാൽ ബിജെപിയുടെയും വിശ്വാസികളുടെയും സമുദായങ്ങളുടെയും വോട്ട് ലഭിക്കുമെന്നാണ് ജോർജിന്റെ കണക്കുകൂട്ടൽ.
വർഷങ്ങൾക്കു ശേഷം പൂഞ്ഞാറിൽ കടുത്ത മത്സരം നടക്കുന്നു. കോൺഗ്രസ് ആദ്യമായി മത്സര രംഗത്തുണ്ട്. കെപിസിസി ജനറൽ സെക്രട്ടറി ടോമി കല്ലാനി (യുഡിഎഫ്), മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ (എൽഡിഎഫ്), ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എംപി. സെൻ എന്നിവരായിരുന്നു മറ്റു പ്രമുഖ സ്ഥാനാർത്ഥികൾ. ഈരാറ്റുപേട്ടയാണ് തന്നെ ചതിച്ചതെന്നും മറ്റിടങ്ങളിൽ പ്രശ്നമില്ലെന്നുമാണ് പി സി ജോർജ്ജ് അവകാശപ്പെടുന്നത്.
മറുനാടന് മലയാളി ബ്യൂറോ