തിരുവനന്തപുരം: ഗ്രൂപ്പുകൾക്കെതിരെ അതിശക്തമായ നടപടി വേണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമാകുന്നു. മുല്ലപ്പള്ളി രാമചന്ദ്രനെ മാത്രം ഒഴിവാക്കി ബാക്കി എല്ലാവരേയും അംഗീകരിച്ച് പ്രശ്‌നം അവസാനിപ്പിക്കുന്ന പതിവു രീതിയ്‌ക്കെതിരെയാണ് കലാപം. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തലയെ മാറ്റണമെന്നാണ് ആവശ്യം. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ഗ്രൂപ്പുകൾക്ക് അതീതമാകണമെന്നും ആവശ്യമുണ്ട്. കെ സുധാകരൻ കെപിസിസിയേയും പിടി തോമസ് പ്രതിപക്ഷത്തേയും നയിക്കണമെന്നതാണ് ഇവരുടെ ആവശ്യം.

ഒത്തുതീർപ്പു രാഷ്ട്രീയ വക്താക്കളെ താക്കോൽ സ്ഥാനത്ത് നിയോഗിക്കരുതെന്നാണ് ആവശ്യം. ഗ്രൂപ്പുകൾക്ക് ആതീതമായിരിക്കണം നേതാക്കൾ. ഗ്രൂപ്പിൽ ഇല്ലെങ്കിലും മുമ്പോട്ട് വരാൻ കഴിയുമെന്ന സന്ദേശം നൽകണം. ഇതിന് നിയമസഭയിൽ പിടി തോമസാകും നല്ലത്. കെ സുധാകരന് മാത്രമേ സംഘടനയെ അടിച്ചു വാർക്കാൻ കഴിയൂവെന്നാണ് ഉയരുന്ന അഭിപ്രായം. പതിവുപോലെ ഗ്രൂപ്പുകൾക്കു വഴങ്ങുന്നത് ആത്മഹത്യാപരമെന്ന മുന്നറിയിപ്പുമായി കോൺഗ്രസിൽ ഒരുവിഭാഗം രംഗത്ത് എത്തികഴിഞ്ഞു. തിരുത്തൽ ശക്തിയായി മാറി കോൺഗ്രസിന് പുതു ജീവൻ നൽകാനാണ് ഈ നീക്കമെന്ന് നേതാക്കൾ പറയുന്നു.

പരാജയത്തിന്റെ ഉത്തരവാദിത്വത്തിൽനിന്നു സംസ്ഥാനനേതാക്കൾക്കു മാത്രമല്ല, രാഹുൽ ഗാന്ധിയുൾപ്പെടെ ദേശീയനേതാക്കൾക്കും മാറിനിൽക്കാനാവില്ലെന്നു ഗ്രൂപ്പ് ഭേദമെന്യേ ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നു. പുനഃസംഘടനയും നേതൃമാറ്റവും അനിവാര്യമാണെങ്കിലും തോൽവിയുടെ വേരുകൾ അതിലും ആഴത്തിലുള്ളതാണ്. പരമ്പരാഗതമായി കോൺഗ്രസിനെ പിന്തുണച്ചിരുന്ന വിഭാഗങ്ങൾ അകന്നുപോയി. ഇതിന് പരിഹാരമുണ്ടാക്കണം. ജോസ് കെ മാണിയെ മുന്നണിയിൽ നിന്ന് ഒഴിവാക്കിയതാണ് തോൽവിക്ക് പ്രധാന കാരണായി ഇവർ വിലയിരുത്തുന്നത്.

മധ്യകേരളത്തിൽ കോൺഗ്രസിന്റെ അടിത്തറ ഇളക്കുന്നതായി ഈ തീരുമാനം. എറണാകുളത്തും കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും ഈ തീരുമാനം ദോഷം ചെയ്തു. മുസ്ലിം മതവിഭാഗത്തിന്റെ വികാരത്തിന് അനുസരിച്ച് പൗരത്വ ബില്ലിൽ തീരുമാനങ്ങളും എടുത്തില്ല. ഈ സാഹചര്യം സിപിഎം കൃത്യമായി ഉപയോഗിച്ചു. ഇതാണ് വൻ തോൽവിക്ക് കാരണം. ഗ്രൂപ്പ് കളിച്ചു നടന്നവർ ജന വികാരം കണ്ടില്ലെന്നതാണ് ഇതിന് കാരണമെന്നാണ് ഉയരുന്ന വികാരം. ജോസ് കെ മാണിയെ പിണക്കിയത് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ചേർന്നാണ്. അങ്ങനെയുള്ള മണ്ടൻ തീരുമാനം എടുത്തവരെ ഇനി പിന്തുണയ്ക്കരുതെന്നാണ് ഹൈക്കമാണ്ടിന് മുന്നിൽ കോൺഗ്രസിലെ ഒരു വിഭാഗം വയ്ക്കുന്ന നിർദ്ദേശം.

മുസ്ലിം ലീഗിനൊപ്പമുള്ളവർ ഒഴികെ, മുസ്ലീങ്ങളിലെ പ്രബലവിഭാഗങ്ങളെല്ലാം സിപിഎമ്മിനൊപ്പം ചേർന്നു. എൻ.എസ്.എസ്. നേതൃത്വം എതിർത്തിട്ടും സമുദായത്തിലെ നല്ലൊരുവിഭാഗം സിപിഎമ്മിനെ പിന്തുണച്ചു. തിരുവനന്തപുരത്തെ തോൽവി ഇതിന് തെളിവാണ്. വി എസ് ശിവകുമാർ പോലും ജയിച്ചില്ല. ന്യൂനപക്ഷം പൂർണ്ണമായും വിട്ടകന്നു. അതുകൊണ്ട് തന്നെ ഗ്രൂപ്പ് സമവാക്യങ്ങൾക്ക് അപ്പുറം മറ്റ് കാര്യങ്ങൾ പരിശോധിക്കണമെന്നാണ് ആവശ്യം.

രാഹുൽ പ്രഭാവത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് ജയിച്ചപ്പോൾ, നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചെത്തിയെന്ന മിഥ്യാധാരണയിലായിരുന്നു നേതൃത്വം. അതുകൊണ്ടുതന്നെ പൗരത്വ ഭേദഗതി നിയമം പോലുള്ള വിഷയങ്ങളിൽ വേണ്ടത്ര മുൻകൈയെടുത്തില്ല. അതു മുതലെടുത്താണു സിപിഎം. ന്യൂനപക്ഷങ്ങൾക്കിടയിൽ സ്വാധീനമുറപ്പിച്ചത്. തദ്ദേശതെരഞ്ഞെടുപ്പിൽ ലീഗിനു വഴങ്ങി, ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടാനുള്ള തീരുമാനവും തിരിച്ചടിയായി.

മുന്നാക്കസംവരണത്തിനെതിരേ ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളിൽനിന്ന് ഉയർന്ന പ്രതിഷേധവും തിരിച്ചടിയായി. അതു സമയോചിതമായി തടയാൻ കോൺഗ്രസിനു കഴിയാതിരുന്നതു ഭൂരിപക്ഷവിഭാഗങ്ങളെ അകറ്റി.