കോട്ടയം: നിയമസഭ കയ്യാങ്കളിക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കെ എം മാണിയുടെ പേരില്ലെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. അങ്ങനെയൊരു പരാമർശവുമില്ല. തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളാണ് പുറത്തുവന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കേരള കോൺഗ്രസ് എം സിറ്റിയറിങ് കമ്മിറ്റിയോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു സുപ്രീം കോടതിയിലെ സർക്കാർ നിലപാടിനെ കുറിച്ച് ജോസ് കെ മാണി പ്രതികരിച്ചത്. നിരവധി അന്വേഷണങ്ങളിലും, കോടതിയും, ഇരു മുന്നണികളും കെ എം മാണി നിരപരാധിയെന്ന് പറഞ്ഞിരുന്നു എന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.

നിയമ സഭാകയ്യാങ്കളി കേസ് പരിഗണിക്കവെ കെഎം മാണി കുറ്റക്കാരൻ എന്ന് പരാമർശം നടത്തിയിട്ടില്ല. അഴിമതിക്കാരൻ എന്ന് വാക്ക് ഉപയോഗിച്ചിട്ടില്ല, അഴിമതി ആരോപണം നേരിട്ടു എന്നാണ് പറഞ്ഞത്. രേഖകൾ പരിശോധിച്ചപ്പോൾ അത് വ്യക്തമായി. വാർത്തകളിൽ വന്ന വിവാദ പരാമർശം നടത്തിയിട്ടില്ല. ആ ഘട്ടത്തിൽ പേര് പറയാതെ ആരോപണം ഉണ്ടായിരുന്നു എന്ന് മാത്രമാണ് പരാമർശം. ജഡ്ജിയുടെ ചോദ്യത്തിന് മറുപടിയായാണ് അഭിഭാഷകൻ ഇത്തരം ഒരു മറുപടി നൽകിയത്. ധനമന്ത്രിക്ക് നേരെ ആരോപണങ്ങൾ ഉണ്ടായിരുന്നു എന്നാണ് പറഞ്ഞത്. സുപ്രീം കോടതിയിൽ കെ എം മാണിയുടെ പേര് പോലും പറഞ്ഞിട്ടില്ലെന്നും ജോസ് കെ മാണി ന്യായീകരിച്ചു. രാഷ്ട്രീയ നേതാക്കളുടെ മുതലെടുപ്പിന് അനുവദിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, കേരളാ കോൺഗ്രസ്സ് (എം) ൽ താഴെ തട്ട് മുതൽ സംഘടനാതെരഞ്ഞെടുപ്പ് നടത്താൻ പാർട്ടി സ്റ്റിയറിങ് കമ്മറ്റി യോഗം തീരുമാനിച്ചതായിജോസ് കെ.മാണി അറിയിച്ചു. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ എല്ലാ ജനവിഭാഗങ്ങളുടേയും പാർട്ടിയായി മാറുന്നതിലൂടെ ജനകീയ അടിത്തറ വിപുലീകരിക്കുക എന്ന ദൗത്യമാണ് കേരളാ കോൺഗ്രസ്സ് (എം) ന് ഏറ്റെടുക്കാനുള്ളത്. കാലാനുസൃതമായ മാറ്റങ്ങൾ പാർട്ടിയുടെ രാഷ്ട്രീയ സംഘടനാ സ്വഭാവത്തിലും, ഘടനയിലും അനിവാര്യമാണ്. കൂടുതൽ കരുത്താർജ്ജിക്കുക എന്ന ലക്ഷ്യത്തിനായി പാർട്ടിയുടെ സംഘടനാ സംവിധാനങ്ങളിൽ ഘടനാപരമായ മാറ്റമുണ്ടാകണം.

കേരളത്തിന്റെ എല്ലാ സാമൂഹ്യമേഖലകളിലും വിപുലമായ വളർച്ച കൈവരിക്കുന്നതിനായി പാർട്ടി മെമ്പർഷിപ്പ് സംവിധാനത്തിൽ സമഗ്രമായ മാറ്റം വരുത്തും. സംഘടനാ തെരെഞ്ഞെടുപ്പിൽ വോട്ടവകാശമുള്ള പാർട്ടി അംഗത്വത്തിനൊപ്പം കേരളാ കോൺഗ്രസ്സിന്റെ ആശയങ്ങളോട് ആഭിമുഖ്യം പുലർത്തുന്നവർക്കായി കെഎംസി കമ്യൂണിറ്റി മെംബർ എന്ന നിലയിൽ പുതിയ മെമ്പർഷിപ്പ് സംവിധാനം ആരംഭിക്കുന്നതിനുള്ള നിർദ്ദേശവും സ്റ്റിയറിങ് കമ്മറ്റിയിൽ ഉയർന്നു. ഓൺലൈനായും ഈ മെമ്പർഷിപ്പ് സൗകര്യം ലഭ്യമാകും എന്നതിനാൽ കേരളാ കോൺഗ്രസ്സ് അനുഭാവികളായ പ്രവാസികൾക്കും സംഘടനാ സംവിധാനത്തിന്റെ ഭാഗമാകുവാൻ കഴിയും.

സംഘടനാ തെരെഞ്ഞെടുപ്പിന്റെ തിയതി നിശ്ചയിക്കുന്നത് ഉൾപ്പടെയുള്ള സുപ്രധാന തീരുമാനങ്ങൾക്കായി സംസ്ഥാന കമ്മറ്റിയോഗം ഉടൻ ചേരും. എല്ലാ പോഷകസംഘടനകളുടെയും പ്രവർത്തനനം കൂടുതൽ ചലനാത്മകമാക്കുവാൻ സ്റ്റിയറിങ് കമ്മറ്റി തീരുമാനമെടുത്തു. വിവിധ പോഷകസംഘടനകൾ അടിയന്തിരമായി പുനഃസംഘടിപ്പിക്കുന്നതിനായി സംസ്ഥാന ഭാരവാഹികൾക്ക് ചുമതല നിശ്ചയിച്ചു.

പൂർണ്ണമായും ജനാധിപത്യരീതിയിൽ പ്രവർത്തിക്കുമ്പോൾ തന്നെ പാർട്ടിയുടെ സംഘടനാ രീതികൾ ശക്തമാക്കുന്നതിനും, രാഷ്ട്രീയവും സംഘടനാപരവുമായ അച്ചടക്കം മികവുറ്റതാക്കുന്നതിനും സംസ്ഥാനതലത്തിൽ ഒരു അച്ചടക്ക സമിതിക്ക് രൂപം നൽകും. ഇതിന്റെ വിശദാംശങ്ങൾ സംസ്ഥാന കമ്മറ്റിയോഗം ചർച്ചചെയ്യും.

ഇക്കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷജനാധിപത്യമുന്നണിയുടെ ഉജ്വലമായ വിജയത്തിന് നിർണ്ണായകമായ സംഭാവനയാണ് കേരളാ കോൺഗ്രസ്സ് (എം) നൽകിയതെന്ന് സ്റ്റിയറിങ് കമ്മറ്റി യോഗം വിലയിരുത്തി. കോൺഗ്രസ്സിന്റെയും, യു.ഡി.എഫിന്റെയും തകർച്ചയെത്തുടർന്ന് നിരവധി പ്രവർത്തകരാണ് കേരളത്തിന്റെ 14 ജില്ലകളിലും കേരളാ കോൺഗ്രസ്സ് (എം) ന്റെ ഭാഗമാകുന്നത്. കേരളാ കോൺഗ്രസ്സിന്റെ രാഷ്ട്രീയം എന്ന പുതിയ ഘട്ടത്തിലേക്കാണ് നീങ്ങുന്നത്. ഇതിനായി പാർട്ടിയെ പൂർണ്ണമായും സജ്ജമാക്കുന്നതിനാവശ്യമായ സംഘടനാതീരുമാനങ്ങളാണ് സ്റ്റിയറിങ് കമ്മറ്റിയിൽ ഉണ്ടായത്.

ആദിവാസികൾക്കും, സാധാരണകാർക്കുംവേണ്ടി പോരാടിയെ ഫാ. സ്റ്റാൻ സ്വാമിയെ ചികിത്സപോലും നിഷേധിച്ച് മരണത്തിന് വിട്ടുകൊടുത്തത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ജനാധിപത്യ രാജ്യം എന്ന് അഭിമാനിക്കുന്ന ഇന്ത്യയിൽ ഭരണകൂടം കാട്ടിയ ഈ അനീതി പ്രതിഷേധാർഹമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.