കോട്ടയം: പാലായിലെ ജനങ്ങളെ സ്വാധീനിക്കാൻ യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ ആരോപണങ്ങൾ കൊണ്ടാകില്ലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയും കേരളാ കോൺഗ്രസ്-എം ചെയർമാനുമായ ജോസ് കെ മാണി.

പാർട്ടി മത്സരിച്ച 12 സീറ്റുകളിലും വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂരിപക്ഷത്തിൽ കാര്യമില്ല. ഇടതുമുന്നണി ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എൽഡിഎഫ് അധികാരത്തിൽ വരുമെന്നും ജോസ് മാധ്യമങ്ങളോട് പറഞ്ഞു.

പാലായിൽ ജോസ് കെ മാണിക്ക് പരാജയ ഭീതിയാണെന്ന് മാണി സി കാപ്പൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പരാജയ ഭീതി കാരണമാണ് പാലായിൽ തന്റെ പേരിൽ അപരനെ പോലും നിർത്തിയത്. ഇത് മാന്യതയുള്ള ആരും ചെയുന്ന പ്രവർത്തിയല്ല. പണവും മദ്യവും ഒഴുക്കി ജോസ് കെ മാണി വോട്ട് പിടിക്കുന്നു എന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും മാണി സി കാപ്പൻ പറഞ്ഞിരുന്നു. തനിക്ക് 15000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

പരസ്യ പ്രചാരണ സമയം കഴിഞ്ഞ ശേഷം ജോസ് കെ മാണി പാർട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കി. ഇത് വോട്ടർമാരെ സ്വാധീനിക്കാനാണ് എന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് മാണി സി കാപ്പൻ പരാതി നൽകിയിരുന്നു.

ഇക്കുറി കേരളം ഉറ്റുനോക്കുന്ന പോരാട്ടമാണ് പാലായിൽ നടക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥിയായി ഉപതെരഞ്ഞെടുപ്പിൽ ജയിച്ച കാപ്പൻ, പിന്നീട് സീറ്റ് തർക്കത്തെ തുടർന്ന് യുഡിഎഫിലേക്ക് ചേക്കേറുകയായിരുന്നു. കെഎം മാണിയുടെ മരണ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കുക എന്നത് ജോസ് കെ മാണിക്ക് അഭിമാന പ്രശ്നമാണ്.

സംസ്ഥാനതലത്തിൽ ഉയർന്ന ഒരുകോളിളക്കവും ബാധിക്കാതെയാണ് മണ്ഡലത്തിൽ പ്രചാരണം നടന്നത്. ആരെയും നോവിക്കാതെ, ഒരു വോട്ടുപോലും പാഴാക്കാതെയിരിക്കാൻ മാണി സി. കാപ്പനും ജോസ് കെ. മാണിയും സദാ ശ്രദ്ധിച്ചിരുന്നു.

തീപാറും പോരാട്ടത്തിൽ വോട്ടിങ് ശതമാനം 2019ലെ 70.97ൽനിന്ന് 72.51 ആയി വർധിച്ചു. 2016ൽ 77.61 ശതമാനമായിരുന്നു പോളിങ്. രാവിലെ ശാന്തമായി മുന്നേറിയ പോളിങ് ഉച്ചയോടെ കനത്തു. രണ്ടരയോടെ ഉണ്ടായ കനത്ത മഴ വോട്ടിങ്ങിനെ ബാധിച്ചു. വെളിച്ചക്കുറവ് തെരഞ്ഞെടുപ്പ് നടപടി തടസ്സപ്പെടുത്തി. കൊഴുവനാൽ, പാലാ സെന്റ് തോമസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ ഏറെ നേരം പോളിങ് നിർത്തിവെച്ചിരുന്നു.