- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാലാ സീറ്റിനെ കുറിച്ച് മുന്നണിയിൽ ചർച്ച നടത്തിയിട്ടില്ലെന്ന് ജോസ് കെ മാണി; ചർച്ച ആരംഭിക്കുമ്പോൾ പാർട്ടി നിലപാട് മുന്നണിയെ അറിയിക്കുമെന്നും ജോസ്; സീറ്റിനെ ചൊല്ലിയുള്ള തർക്കം എൻസിപിയെ പിളർപ്പിലെത്തിയ സാഹചര്യത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ; ചർച്ച നടത്താൻ പ്രഫുൽ പട്ടേൽ കേരളത്തിലെത്തും
കോട്ടയം: പാലാ നിയമസഭാ സീറ്റിനെ ചൊല്ലിയുള്ള തർക്കം ഇടതു മുന്നണിയിലും മുറുകവേ നിലപാട് വ്യക്തമാക്കി ജോസ് കെ മാണി രംഗത്തുവന്നു. ചർച്ച ആരംഭിക്കുമ്പോൾ പാർട്ടി നിലപാട് ഇടത് മുന്നണിയെ അറിയിക്കുമെന്നും ജോസ് പറഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പിലെ വിജയത്തെ പറ്റിയും പോരായ്മകളുണ്ടെങ്കിൽ അത് പരിഹരിച്ച് മുന്നോട്ടുപോകുന്നതിനെ കുറിച്ചും മുന്നണിയുമായി ചർച്ച നടത്തിയിട്ടുണ്ട്. യു.ഡി.എഫിലേക്ക് ഒരു തിരിച്ചുപോക്ക് ഉണ്ടാകില്ലെന്നും ജോസ് കെ.മാണി ആവർത്തിച്ചു.
കേരള കോൺഗ്രസ് പാർട്ടിയെ ഒരു ലോക്കൽ പദവിക്ക് വേണ്ടി ഐക്യജനാധിപത്യ മുന്നണിയിൽ നിന്ന് പുറത്താക്കിയതാണ്. അതിനുശേഷം പാർട്ടി ഒരു സ്വതന്ത്ര നിലപാട് എടുത്തു. ഇടതുപക്ഷത്തോട് ചേർന്ന് പ്രവർത്തിക്കുവാനും അതിന്റെ ഒരു ഘടകകക്ഷിയാകുവാനുമുള്ള തീരുമാനമെടുത്തു. കേരളകോൺഗ്രസിന്റെ പ്രഖ്യാപിത മുദ്രാവാക്യം ഇടതിന്റെ പ്രവർത്തനമികവുകളുമായി ചേർന്നുപോകുന്നതാണെന്നും ലൈഫ് പദ്ധതിയുൾപ്പടെയുള്ള ജനക്ഷേമപദ്ധതികളെ ചൂണ്ടിക്കാട്ടി ജോസ് പറഞ്ഞു.
അതേസമയം പാലാ നിയമസഭാ സീറ്റിനെ ചൊല്ലി എൻ.സി.പിയിൽ രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര നേതൃത്വവും ഇടപെടുന്നുണ്ട്. നേതാക്കളുമായി ചർച്ച നടത്താൻ പ്രഫുൽ പട്ടേൽ ഉടൻ കേരളത്തിലെത്തും. എൻ.സി.പിയുടെ സിറ്റിങ് സീറ്റായ പാലാ ജോസ് കെ. മാണി വിഭാഗത്തിന് നൽകാൻ എൽ.ഡി.എഫിൽ ധാരണ രൂപപ്പെടുന്നതാണ് എൻ.സി.പിയിൽ ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. അതേസമയം, മന്ത്രി എ.കെ.ശശീന്ദ്രൻ വിഭാഗം പാലാ സീറ്റ് വിട്ടുനൽകുന്നതിന് അനുകൂലമായ നിലപാടാണെടുക്കുന്നത്. ഈ തർക്കം എൻ.സി.പിയെ പിളർപ്പിലെത്തിക്കാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ.
മന്ത്രി എ.കെ ശശീന്ദ്രൻ ബുധനാഴ്ച ശരത് പവാറിനെ കാണും. പാലാ എംഎൽഎ മാണി സി. കാപ്പനും പവാറിനെ കണ്ട് കൂടിയാലോചന നടത്തിയേക്കും. പ്രഫുൽ പട്ടേൽ അടുത്ത ആഴ്ചയാണ് കേരളത്തിലെത്തുക. പാലാ സീറ്റ് വിട്ടുനൽകുന്നതിൽ എംഎൽഎ മാണി സി. കാപ്പന് എതിർപ്പുണ്ട്. പാലാ സീറ്റ് ജോസ് കെ. മാണിക്ക് കൊടുക്കേണ്ടി വന്നാൽ യു.ഡി.എഫിലെത്തി മത്സരിക്കാനാണ് മാണി സി. കാപ്പന്റെ ആലോചന. പാല വിട്ടുകൊടുക്കേണ്ടി വന്നാൽ പാർട്ടി യു.ഡി.എഫിലേക്ക് പോകുന്നതിൽ ദേശീയ നേതൃത്വവും പച്ചക്കൊടി കാട്ടുന്നുണ്ട്. കേന്ദ്രത്തിൽ യു.പി.എയുടെ ഭാഗമായ എൻ.സി.പിക്ക് കേരളത്തിലും കോൺഗ്രസ് നയിക്കുന്ന മുന്നണിയുടെ ഭാഗമാകുന്നതിൽ തടസമൊന്നുമില്ല.
എൽ.ഡി.എഫ് വിടുന്നതിനോട് മന്ത്രി എകെ ശശീന്ദ്രൻ വിഭാഗത്തിന് എതിർപ്പുണ്ട്. എൽ.ഡി.എഫിൽ ഇപ്പോഴുള്ള നാല് സീറ്റുകൾ യു.ഡി.എഫിലേക്ക് പോയാൽ കിട്ടുമോ എന്ന ചോദ്യവും ഈ പക്ഷം ഉന്നയിക്കുന്നുണ്ട്. കിട്ടിയാൽ തന്നെ ജയിക്കുമോ എന്ന ആശങ്കയും ശശീന്ദ്രൻ പക്ഷം ഉന്നയിക്കുന്നു. അതുകൊണ്ട്, എല്ലാ ജില്ലാഘടകങ്ങളുടെയും അഭിപ്രായം തേടിയ ശേഷമേ മുന്നണിമാറ്റം ആലോചിക്കാവൂ എന്നാണ് ശശീന്ദ്രൻ പക്ഷം പറയുന്നത്. എൻ.സി.പി മുന്നണി വിടുന്ന സാഹചര്യമുണ്ടായാൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ കോൺഗ്രസ് എസ്സുമായി ചർച്ച ചെയ്ത് മുന്നണിയിൽത്തന്നെ നിൽക്കാനാണ് ശശീന്ദ്രൻ വിഭാഗത്തിന്റെ ആലോചന.
പാലാ സീറ്റ് വിട്ടുകൊടുക്കേണ്ടി വരികയാണെങ്കിൽ മുന്നണി വിടാമെന്ന അഭിപ്രായമാണ് എൻ.സി.പി സംസ്ഥാനഅധ്യക്ഷൻ ടി.പി പീതാംബരൻ മാസ്റ്റർക്കും മാണി സി കാപ്പനുമുള്ളത്. ഈ വിഷയത്തിൽ ദേശീയനേതൃത്വത്തിന്റെ പിന്തുണയും ഈ വിഭാഗം ഉറപ്പുവരുത്തിയിട്ടുണ്ട്. അടുത്ത ആഴ്ചയോടെ എൻ.സി.പി ജില്ലാകമ്മിറ്റി യോഗങ്ങൾ ചേരുന്നുണ്ട്. ജില്ലാ കമ്മിറ്റികളുടെ നിലപാടുകൾ ചർച്ച ചെയ്ത ശേഷമാകും അന്തിമതീരുമാനം. അതേസമയം, മുന്നണി മാറ്റം സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ടെന്ന വാർത്തകൾ എൻ.സി.പി നേതാക്കൾ നിഷേധിക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ