- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിപിഐയുടെ റിപ്പോർട്ടിൽ പരാതിയില്ല; കാനത്തിന് തന്നോടുള്ള വിരോധം എന്താണെന്ന് അറിയില്ലെന്നും ജോസ് കെ മാണി; തീവ്രവാദത്തെ കുറിച്ചുള്ള സിപിഎം പരാമർശത്തിൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറ്റം
കോട്ടയം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തന്നോടുള്ള വിരോധം എന്താണെന്ന് അറിയില്ലെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. കാനം രാജേന്ദ്രനിൽ നിന്ന് മുമ്പും വ്യക്തിപരമായ പരാമർശങ്ങൾ ഉണ്ടായിട്ടുണ്ട്. തന്നോട് അദ്ദേഹത്തിന് എന്തെങ്കിലും വിരോധമുണ്ടോയെന്ന് കാനത്തോടാണ് ചോദിക്കുന്നത്. താൻ ബഹുമാനിക്കുന്ന നേതാവാണ് കാനമെന്നും ജോസ് കെ മാണി പറഞ്ഞു.
സിപിഐയുടെ റിപ്പോർട്ടിൽ തനിക്ക് പരാതിയില്ല. ഇടതുമുന്നണിയിൽ കക്ഷികൾ തമ്മിൽ വലിപ്പച്ചെറുപ്പമില്ല. ബിഷപ്പിന്റെ പ്രസ്താവന സംസ്ഥാന സർക്കാരിന്റെ മുന്നിലുണ്ട്. സർക്കാർ അക്കാര്യത്തിൽ ഉചിതമായ നടപടിയെടുക്കും. വിഷയം വീണ്ടും ചർച്ചയാക്കേണ്ട ആവശ്യമില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
അതേസമയം, പ്രൊഫഷണൽ കോളെജുകൾ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിന്റെ വഴിയിലേക്ക് ചിന്തിപ്പിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുവെന്ന സിപിഎമ്മിന്റെ പരാമർശത്തിൽ ജോസ് കെ മാണി പ്രതികരിച്ചില്ല. വിഷയത്തിൽ കൂടുതലൊന്നും പറയാനില്ല, വിഷയത്തിൽ ഇതിനകം സമൂഹത്തിൽ നിരവധി ചർച്ചകൾ നടന്നതാണെന്നുമായിരുന്നു മാധ്യമങ്ങളുടെ ചോദ്യങ്ങൾ ജോസ് കെ മാണിയുടെ പ്രതികരണം. സർക്കാരിന് എല്ലാ കാര്യങ്ങളും അറിയാം. ഉചിതമായ സമയത്ത് ഉചിതമായ ഇടപെടൽ നടത്തുമെന്നും ജോസ് കെ മാണി പറഞ്ഞു.
പ്രൊഫഷണൽ കോളെജുകൾ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിന്റെ വഴിയിലേക്ക് ചിന്തിപ്പിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നെന്നായിരുന്നു സിപിഐഎം പരാമർശം. സമ്മേളനങ്ങളുടെ ഉദ്ഘാടനപ്രസംഗത്തിനായി പാർട്ടി നൽകിയ കുറിപ്പിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. ക്രൈസ്തവരെ മുസ്ലിം ജനവിഭാഗത്തിന് എതിരാക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ട്. ക്രൈസ്തവരിൽ ചെറിയൊരു വിഭാഗത്തിലെ വർഗീയ സ്വാധീനത്തെ ഗൗരവമായി കാണണം. ക്ഷേത്രവിശ്വാസികളെ ബിജെപിയുടെ പിന്നിൽ അണിനിരത്തുന്നത് ഇല്ലാതാക്കും വിധം ആരാധനാലയങ്ങളിൽ ഇടപെടണമെന്നും സിപിഐഎം നിർദ്ദേശിക്കുന്നു.
മുസ്ലിം സംഘടനകളിൽ നുഴഞ്ഞുകയറി പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ മുസ്ലിം വർഗീയതീവ്രവാദ രാഷ്ട്രീയം ശ്രമിച്ചുകൊണ്ടിരിക്കുന്നു. മുസ്ലിം സമൂഹത്തിലെ ബഹുഭൂരിപക്ഷവും തള്ളിക്കളയുന്ന താലിബാൻ പോലുള്ള സംഘടനകളെ പോലും പിന്തുണയ്ക്കുന്ന ചർച്ചകൾ കേരളീയ സമൂഹത്തിൽ രൂപപ്പെടുന്നത് ഗൗരവമുള്ള കാര്യമാണ്. വർഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലേക്കും യുവജനങ്ങളെ ആകർഷിക്കുന്നതിനുള്ള ബോധപൂർവമായ പരിശ്രമങ്ങൾ നടക്കുന്നുണ്ടെന്നും കുറിപ്പിൽ പറയുന്നു. വിഷയത്തിൽ വിദ്യാർത്ഥി മുന്നണിയും യുവജന മുന്നണിയും പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ