തിരുവനന്തപുരം: ജോസ് കെ മാണി എംപിയുടെ യോഗമാണ് ശരിക്കുമുള്ള യോഗം..! റബർ കർഷകരെ രക്ഷിക്കാൻ വേണ്ടി ആറ് ദിവസം നിരാഹാര സമരം കിടന്നിട്ടും അതിന്റെ ഫലമായി സംസ്ഥാന സർക്കാർ 500 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചതൊന്നും സോഷ്യൽ മീഡിയ കണ്ട മട്ടില്ല. ജോസ് കെ മാണിക്ക് എങ്ങനെ ട്രോൾ അടിക്കാം എന്ന് ഗവേഷണം നടത്തിക്കൊണ്ടിരിക്കയാണ് ഇപ്പോഴും. നിരാഹാരം തുടങ്ങിയപ്പോൾ മുതൽ തുടങ്ങിയ ട്രോളിങ് ഇനിയും അവസാനിച്ചിട്ടില്ല. ഏറ്റവും ഒടുവിൽ ആശുപത്രിയിൽ ഭാര്യ നിഷയ്‌ക്കൊപ്പമുള്ള ചിത്രം പുറത്തുവന്നതും ഭാര്യ തലകറങ്ങി വീണെന്ന മനോരമ വാർത്തയും കൂടിയായപ്പോൾ ട്രോളന്മാർക്ക് ആവേശം കൂടി.

നിരാഹാരത്തിന് ശേഷം ജോസ് കെ മാണി ഭാര്യവീട്ടിലേക്കായിരുന്നു പോയത്. എന്നാൽ, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയെന്ന വിധത്തിൽ വാർത്ത വന്നതോടെ പിന്നെയും കടുത്ത വിമർശനം നേരിടേണ്ടി വന്നു. ഇത് തെറ്റാണെന്നും ഭാര്യവീട്ടിലാണെന്നും പറഞ്ഞ് ഫേസ്‌ബുക്ക് പോസ്റ്റിട്ടതോടെ ഭാര്യവീട്ടിൽ പോയി സുഖജീവിതം എന്നായി സോഷ്യൽ മീഡിയയുടെ വിമർശനം. ഇങ്ങനെ എന്ത് ചെയ്താലും വിമർശനം വിടാതെ പിടികൂടുന്ന അവസ്ഥയിലാണ് ഇപ്പോൾ.

നേരത്തെ നിരാഹാര സമരത്തിന്റെ ഓരോ നിമിഷങ്ങളും സോഷ്യൽ മീഡിയ വഴി പ്രവർത്തകരിലേക്കും പോതുജനത്തിലേക്കും എത്തിക്കാൻ ശ്രമിച്ച യൂത്ത് ഫ്രണ്ട് (എം) പ്രവർത്തകർ മിക്കവരും തന്നെ സോഷ്യൽ മീഡിയയുടെ ചൂടറിയുകയായിരുന്നു. ഇതിൽ ഏറെ വിത്യസ്തമായത് സമര പന്തലിൽ ജോസ് കെ മാണിയെ കണ്ട് പിന്തുണ അറിയിച്ച് പിതാക്കന്മാർ ഇരിക്കുന്ന ചിത്രങ്ങൾ പാലാ അരമനയുടെ ഫേസ്‌ബുക്കിൽ ഇട്ടതിനു ശേഷം അരമനയുടെ ഫേസ്‌ബുക്കിൽ (പാലാ ഡയോസസ്സ്) ലഭിച്ച പ്രതികരണങ്ങളാണ്. പിതാക്കന്മാർ കെ എം മാണിയെയും, ജോസ് കെ മാണിയെയും കണ്ടു അഭിവാദ്യമറിയിച്ചതിന്റെ പേരിൽ രസകരമായ നിരവധി ട്രോളുകളാണ് പിറന്നത്.

നാല് ദിവസത്തേക്ക് മാത്രമാണ് മൈതാനം ബുക്ക് ചെയ്തതെന്ന പ്രചരണവും ജോസ് കെ മാണിക്ക് തിരിച്ചടിയായിരുന്നു. ദൃശ്യ മാദ്ധ്യമങ്ങളിലെ വൈകുന്നേരങ്ങളിലെ പൊളിറ്റിക്കൽ കോമഡി പ്രോഗ്രാമുകളിൽ തുടർച്ചയായ കഴിഞ്ഞ രണ്ടു ദിവസവും വിഷയം ജോസ് കെ മാണിയുടെ നിരാഹാര സമരമായിരുന്നു. നല്ലൊരു കാര്യത്തിന് വേണ്ടി ഇങ്ങിത്തിരിച്ചിട്ടും വിമർശനം വിടാതൈ പിടികൂടിയതിന്റെ ക്ഷീണത്തിലാണ് ജോസ് കെ മാണി.

സോഷ്യൽ മീഡിയയിൽ വന്ന ചില ട്രോളുകൾ കാണാം..