- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാനാകില്ല; ഒരു സർക്കാർ പദവിയും ഏറ്റെടുക്കാനില്ല; ജനപിന്തുണയുള്ള ചില നേതാക്കൾ യുഡിഎഫിൽ നിന്ന് എൽഡിഎഫിലേക്ക് വരും; അവരുടെ പേര് വെളിപ്പെടുത്താനില്ല; പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നിലപാടുമായി മുന്നോട്ടെന്ന് വ്യക്തമാക്കി ജോസ് കെ മാണി
പാലാ: ഭരണ പരിഷ്കരണ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നുവെന്ന വാർത്തകൾ തള്ളി ജോസ് കെ മാണി. ഒരു സർക്കാർ പദവിയും ഏറ്റെടുക്കാൻ ഇല്ലെന്നും ജോസ് കെ. മാണി പറഞ്ഞു. അതേസമയം പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടിയുമായി മുന്നോട്ടു പോകുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.
യു.ഡി.എഫിൽ നിന്ന് ചില പ്രധാന നേതാക്കൾ കേരള കോൺഗ്രസ് എമ്മിലേക്ക് വരാൻ താൽപ്പര്യം പ്രകടിപ്പിച്ചുവെന്നും ജോസ് വ്യക്കമാക്കി. ഇതിൽ ചിലരുമായി ചർച്ച നടത്തിയെന്നും തീരുമാനം ഉടൻ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനപിന്തുണയുള്ള ചില നേതാക്കൾ യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫിലേക്ക് വരും. അവരുടെ പേര് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. ഇതു സംബന്ധിച്ച് പാർട്ടിയുടെ അതത് ജില്ലാ കമ്മിറ്റികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്,' ജോസ് കെ.മാണി പറഞ്ഞു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം നിരവധി നേതാക്കൾ പാർട്ടിയിലേക്ക് വരാൻ താൽപ്പര്യം കാണിച്ചെന്നും കോൺഗ്രസിൽ നിന്ന് നിരവധി പേർ പാർട്ടിയിലേക്ക് എത്തുമെന്നും ജോസ് കെ. മാണി പറഞ്ഞു. 'കൂടുതൽ നേതാക്കളെ കൊണ്ടുവരുന്നതിലല്ല. താഴേത്തട്ടിൽ നിന്നുതന്നെ അണികളെ കൊണ്ടുവന്ന് പാർട്ടി ശക്തിപ്പെടുത്തണമെന്ന നീക്കമാണ് കേരള കോൺഗ്രസ് എം നടത്തുന്നത്. സിപിഐ.എമ്മും ഇതിനെയാണ് അനുകൂലിക്കുന്നത്. അതുകൊണ്ടുതന്നെ പാർട്ടിയിൽ വന്നു കഴിഞ്ഞാൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കാത്ത നേതാക്കളെ സ്വാഗതം ചെയ്യാനാണ് പാർട്ടിയുടെ തീരുമാനം,' ജോസ് കെ. മാണി പറഞ്ഞു.
ജൂൺ 14-ന് പാർട്ടിയുടെ സ്റ്റിയറിങ് കമ്മിറ്റി ചേരുന്നുണ്ടെന്നും അതിനു ശേഷം ഇക്കാര്യത്തിൽ ഒരു തീരുമാനം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ മുതിർന്ന സിപിഎം നേതാവ് വൈക്കം വിശ്വനെ കാബിനറ്റ് റാങ്കോടെ ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാനായേക്കുമെന്ന സൂചനകള്ൾ പുറത്തുവരുന്നുണ്ട്. കാർഷിക കമ്മിഷൻ രൂപീകരിച്ച് ചെയർമാൻ സ്ഥാനം ജോസ് കെ മാണിക്ക് ആലോചനയുണ്ടെന്നുമാണ് പുറത്തു വന്ന വാർത്തകൾ.
കാബിനറ്റ് റാങ്കുള്ള പദവി നൽകിയാൽ ജോസ് കെ. മാണി രാജിവച്ച രാജ്യസഭാ സീറ്റ് സിപിഎം ഏറ്റെടുത്തേക്കും. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് സിപിഎം നേതാക്കളുമായി ജോസ് ചർച്ച നടത്തി. നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ പരാജയപ്പെട്ട ജോസിന് കാബിനറ്റ് റാങ്കുള്ള പദവി നൽകാമെന്നു സിപിഎം ഉറപ്പു നൽകിയിരുന്നു.
മുൻ മുഖ്യമന്ത്രി വി എസ്. അച്യുതാനന്ദനായിരുന്നു ഇതിനു മുൻപ് ഭരണ പരിഷ്കാര കമ്മിഷൻ അധ്യക്ഷൻ. വിഎസിനു വേണ്ടിയാണ് ഈ പദവി കാബിനറ്റ് റാങ്കിലേക്ക് ഉയർത്തിയത്. വൈക്കം വിശ്വൻ നേരത്തെ ഇടതു കൺവീനറായിരുന്നു. അസുഖ കാരണങ്ങളാൽ സ്ഥാനം ഒഴിയുകയായിരുന്നു. ഈ സാഹചര്യത്തിലാണ് വൈക്കം വിശ്വനെ കാബിനറ്റ് റാങ്കോടെ ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാനാക്കുന്നത്. ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷസ്ഥാനം ഫലത്തിൽ മന്ത്രിസ്ഥാനത്തിനു തുല്യമാണ്. മുഖ്യമന്ത്രിക്കു നേരിട്ടു റിപ്പോർട്ട് ചെയ്താൽ മതി. ഒരു വകുപ്പിന്റെയും കീഴിലല്ല. 31 ജീവനക്കാരും തിരുവനന്തപുരത്ത് ഓഫിസും വസതിയുമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ