- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജോസ് കെ മാണിയെ തിരിച്ചു കൊണ്ടു വരാനാകുമെന്ന പ്രതീക്ഷ ഉപേക്ഷിച്ചു യുഡിഎഫ്; മധ്യസ്ഥ ശ്രമങ്ങളിൽ നിന്നും മുസ്ലിംലീഗും പിന്മാറി; അവസാന ശ്രമം ഏൽപ്പിച്ചിരിക്കുന്നത് മെത്രാന്മാരെ; ജോസഫ് എതിർത്താൽ കുട്ടനാട് സീറ്റ് ഏറ്റെടുക്കാനുള്ള നീക്കവും ഉപേക്ഷിക്കും; ജോസ് കെ മാണി എൽഡിഎഫിലേക്ക് തന്നെയെന്ന് ഉറപ്പിച്ചു മുൻപോട്ട്
തിരുവനന്തപുരം: യുഡിഎഫ് നേതൃത്വുമായി ഉടക്കി നിൽക്കുന്ന ജോസ് കെ മാണി വിഭാഗം ഇടതു മുന്നണിയിലേക്ക് തന്നെയെന്ന് ഏതാണ്ട് ഉറപ്പായി. കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ന് ചേരുന്ന യുഡിഎഫ് യോഗത്തിലേക്ക് ജോസ് കെ മാണിയെ ക്ഷണിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് നല്കുന്ന തീരുമാനം ഉണ്ടായാൽ ജോസ് കെ മാണി വിഭാഗം ഏതാണ്ട് പൂർണമായും മുന്നണിക്ക് പുറത്താകും. ജോസിനെ തിരികെ കൊണ്ടുവരണമെന്ന് ആഗ്രഹമുള്ള ആരും ഇപ്പോൾ യുഡിഎഫ് നേതൃനിരയിൽ ഇല്ലെന്നതാണ് മറ്റൊരു പ്രത്യേകത. പി കെ കുഞ്ഞാലിക്കുട്ടിയെ മധ്യസ്ഥാനാക്കി പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകാൻ ധാരണ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അതല്ല അവസ്ഥ. ലീഗും ഈ വിഷയത്തിൽ പിന്തിരിഞ്ഞു നിൽക്കുകയാണ്.
കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കാൻ സാധ്യത ഉണ്ടായിരുന്നെങ്കിലും ജോസഫിനെ ഒപ്പം നിർത്തുന്നതിന്റെ ഭാഗമായി ആ നീക്കം കോൺഗ്രസ് ഉപേക്ഷിക്കുകയും ചെയ്യുകയാണ്. 2016 ൽ മത്സരിച്ച ജേക്കബ് ഏബ്രഹാമിനെ വീണ്ടും മത്സരിപ്പിക്കാനാണു പി.ജെ. ജോസഫിന്റെ നീക്കം. യുഡിഎഫിൽ ഏകാഭിപ്രായമുണ്ടായാൽ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കാം. ഇന്നത്തെ യോഗത്തിൽ പി ജെ ജോസഫ് വിഭാഗവുമായി മുന്നോട്ടു പോകാനാണ് യുഡിഎഫ് നീക്കമെങ്കിൽ ഇതോടെ ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസും (എം) യുഡിഎഫുമായുള്ള വഴിപിരിയലും അന്തിമമായേക്കും.
ജോസിനെ യുഡിഎഫ് നേതൃത്വം അനൗദ്യോഗികമായി ബന്ധപ്പെടുന്നുണ്ടെങ്കിലും ശുഭസൂചനകളൊന്നും ഇല്ല. ബിഷപ്പമുമാരർ വഴിയാണ് ഇപ്പോൾ ജോസ് കെ മാണിയെ ഒപ്പം നിർത്താനുള്ള ശ്രമങ്ങൾ നടക്കുന്നത്. എന്നാൽ, ഇനി മുന്നണിക്കൊപ്പം ഇല്ലെന്ന് ഉറപ്പിച്ചു കൊണ്ടാണ് ജോസ് കെ മാണിയുടെ മുന്നോട്ടു പോക്ക്. ഇരു കേരള കോൺഗ്രസുകളെയും ഒരുമിച്ചു മുന്നണിയിൽ കൊണ്ടുപോകുന്നത് സാധ്യമല്ലെന്ന് കോൺഗ്രസിനും ബോധ്യമായിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് കടുത്ത തീരുമാനങ്ങൾ ഇപ്പോൾ തന്നെ കൈക്കൊള്ളാൻ ഒരുങ്ങുന്നത്.
കേരള കോൺഗ്രസ് തർക്കത്തിന്റെ പശ്ചാത്തലത്തിൽ കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുകയാണ് ഉചിതമെന്ന അഭിപ്രായം കോൺഗ്രസിലും ഘടകകക്ഷികളിലുമുണ്ട്. ന്നാൽ ജോസഫിനു കൂടി താൽപര്യമുണ്ടെങ്കിൽ മാത്രം ആ ചർച്ച മതിയെന്നാണു ധാരണയെന്നാണ് പൊതുവിലുള്ള നിലപാട്. ജോസ് വിഭാഗം പുറത്തുപോകുന്ന സാഹചര്യത്തിൽ നിയമസഭാ സീറ്റിന്റെ പേരിൽ ജോസഫുമായി ഇടയാൻ യുഡിഎഫ് തയാറല്ല. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള ഉപതിരഞ്ഞെടുപ്പ് എന്നതു കണക്കിലെടുത്തു വിജയസാധ്യത മാനദണ്ഡമാക്കണമെന്ന അഭിപ്രായം ഇന്നത്തെ യോഗത്തിൽ ഉയർന്നു വന്നേക്കാം.
ഇപ്പോഴത്തെ സാഹചര്യത്തിൽ ജോസ് കെ മാണിയെ പുറത്താക്കി എന്നു വീണ്ടും യുഡിഎഫ് ആവർത്തിക്കില്ല. മുന്നണി നേതൃയോഗങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ട അവർക്ക് യുഡിഎഫിനോടു സഹകരിക്കാൻ താൽപര്യമില്ലെന്നാണ് അവിശ്വാസ, രാജ്യസഭാ വോട്ടെടുപ്പുകൾ വ്യക്തമാക്കുന്നതെന്നു ചൂണ്ടിക്കാട്ടും. കേരള കോൺഗ്രസിൽ (എം) തന്നെ തുടർന്നും യുഡിഎഫുമായി സഹകരിക്കാൻ താൽപര്യമുള്ളവർക്കു രാഷ്ട്രീയ സംരക്ഷണം നൽകണമെന്ന നിർദ്ദേശവും യോഗം ചർച്ച ചെയ്യും. അതേസമയം കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിലെ അതൃപ്തരായ നേതാക്കളെയും കോൺഗ്രസ് നോട്ടമിടുന്നുണ്ട്.
ജോസഫ് ജോസ് വിഭാഗങ്ങളുമായി സന്ധി സംഭാഷണങ്ങൾക്കു ശ്രമിച്ചുവന്നിരുന്ന മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും ആ ദൗത്യം ഉപേക്ഷിച്ചുവെന്ന സൂചനകളാണ് ഇന്നലെ നൽകിയത്. കേരള കോൺഗ്രസ് (എം) നേതൃത്വം തന്റെ ശ്രമങ്ങളോട് അവസാനഘട്ടത്തിൽ മുഖം തിരിച്ചുവെന്ന വികാരം കുഞ്ഞാലിക്കുട്ടിക്കുണ്ട്. എൽഡിഎഫിലേക്കു നീങ്ങാൻ അവർ തയ്യാറെടുത്തതിന്റെ ലക്ഷണമായാണ് ആ മനോഭാവത്തെ ലീഗും വിലയിരുത്തുന്നത്. യുഡിഎഫിനു പുറത്ത് ആരുമായും രാഷ്ട്രീയ സഖ്യമില്ലെന്നു പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത്.
ഇപ്പോഴത്തെ നിലയിൽ ഇടതു മുന്നണിയിലേക്ക് എന്നു ഉറപ്പിച്ചു കൊണ്ടാണ് ജോസ് കെ മാണി മുന്നോട്ടു പോകുന്നത്. ഇടതുമുന്നണി പ്രവേശനത്തിന് മുൻപ് കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവെച്ചേക്കുമെന്ന് സൂചനകൾ നേരത്തെ പുറത്തുവന്നെങ്കിലും അത് ജോസ് തള്ളിയിരുന്നു. എന്നാൽ, എൽഡിഎഫിൽ നിന്നും ഉറപ്പു ലഭിച്ചാൽ ജോസ് ഈ തീരുമാനം കൈക്കൊള്ളും. നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ സീറ്റ് ഉറപ്പിക്കാനാണ് ഈ നീക്കം നടത്തുന്നത്.
പാലാ സീറ്റിന് പകരം ജോസ്.കെ മാണി ഒഴിയുന്ന രാജ്യസഭാസീറ്റ് നൽകി എൻസിപിയെ അനുനയിപ്പിക്കാനാണ് ഇടതുമുന്നണി നീക്കം. ജോസ് കെ മാണിയോടുള്ള സിപിഐ നിലപാടിലും അയവ് വന്നിട്ടുണ്ട്. സിപിഐ മത്സരിക്കുന്നുന് കാഞ്ഞിരപ്പള്ളി ഉൾപ്പെടെയുള്ള സീറ്റുകളിൽ ഇനി ധാരണയാവണം. ഇടതുമുന്നണി യോഗം ചേർന്ന് ഇക്കാര്യത്തിൽ വ്യക്തത വരുത്തും.
മറുനാടന് മലയാളി ബ്യൂറോ