- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സോളാറിലെ സിബിഐ ഉമ്മൻ ചാണ്ടിക്ക് സഹതാപ അന്തരീക്ഷം ഉണ്ടാക്കുമെന്ന ആശങ്കയിൽ കേരളാ കോൺഗ്രസ്; വിഷയം എടുത്തിട്ടത് അനവസരത്തിലെന്ന് പൊതുവികാരം; ജോസ് കെ മാണിയെ പ്രതിരോധിക്കില്ലെന്ന ദിവാകരന്റെ പ്രസ്താവനയിൽ അമർഷം; സോളാർ വിവാദം ഉരുണ്ടു കൂടുമ്പോൾ ജോസിന് മുന്നിൽ വലിയ വെല്ലുവിളികൾ
കോട്ടയം: സോളാർ കേസിൽ സംസ്ഥാന സർക്കാർ സിബിഐ. അന്വേഷണം പ്രഖ്യാപിച്ചതോടെ ഇടതു മുന്നണയിലെ ഘടക കക്ഷിയായ ജോസ് കെ മാണിക്കും വലിയ തലവേദന. വിഷയം സർക്കാർ ഉയർത്തിക്കൊണ്ടുവന്നത് അനവസരത്തിൽ ആണെന്ന് പെതുവികാരാണ് ജോസ് കെ മാണിക്കും കേരളാ കോൺഗ്രസിനുമുള്ളത്. നേരത്തെ ജോസ് കെ മാണിയുടെ പേലരും വിവാദങ്ങളിൽ നിറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണം എത്തിയാൽ ഭാവിയിൽ ജോസ് കെ മാണിയും പ്രതിയാകാനുള്ള സാധ്യത പോലും നിലനില്ക്കുന്നു. ഇതാണ് കേരളാ കോൺഗ്രസിനെ ചൊടിപ്പിക്കുന്നത്.
സോളാർ കേസുമായി ബന്ധപ്പെട്ട ചർച്ചകളിൽ ജോസ് കെ. മാണിയെക്കൂടി ഉൾപ്പെടുത്തുന്നതിലും കേരളാ കോൺഗ്രസിന് കടുത്ത നീരസമുണ്ട്. സിപിഐ. നേതാവ് സി ദിവാകരൻ കേസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിലും പാർട്ടിക്ക് അമർഷമുണ്ട്. ജോസ് കെ. മാണി അടക്കം ആരൊക്കെ ആരോപണവിധേയരാണോ അവരെല്ലാം അന്വേഷണം നേരിടണമെന്നും ജോസ് കെ. മാണിയെ തങ്ങൾ സംരക്ഷിക്കില്ലെന്നുമായിരുന്നു ദിവാകരന്റെ അഭിപ്രായം. ഇക്കാര്യത്തിൽ സിപിഎം. നേതാക്കളെ കേരളാകോൺഗ്രസ് അതൃപ്തി അറിയിച്ചതായാണ് വിവരം.
സോളാർ കേസ് സിബിഐയ്ക്ക് വിട്ടത് ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി സഹതാപ അന്തരീക്ഷം ഉണ്ടാക്കുമെന്നും കേരളാ കോൺഗ്രസ് ആശങ്കപ്പെടുന്നുണ്ട്. കേരളാകോൺഗ്രസ് ഇടതുമുന്നണിയിൽ എത്തിയത് മധ്യതിരുവിതാംകൂറിൽ ഇടതിന് അനുകൂല അന്തരീക്ഷം ഉണ്ടാക്കുമെന്ന് ജോസ് കെ. മാണി പറഞ്ഞിരുന്നു. തദ്ദേശത്തിൽ അത് ശരിയായി. എന്നാൽ, ഉമ്മൻ ചാണ്ടിക്ക് അനുകൂലമായ സഹതാപാന്തരീക്ഷം ഈ സ്ഥിതി മാറ്റുമെന്ന് അവർ ഭയപ്പെടുന്നു. ഇത് തിരിച്ചടിയാകുക തങ്ങൾക്കാണെന്നാണ് ജോസ് വിഭാഗം വിലിലയിരുത്തുന്നത്.
ആരോപണം വന്നപ്പോൾ താൻതന്നെ അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പിയെ സമീപിച്ചതാണ്. പരാതിക്കാരിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. സർക്കാരിനുമുന്നിൽ പല പരാതികളും വരും. അത് അന്വേഷിച്ചെന്നിരിക്കും. ആരോപണങ്ങൾ മുമ്പും തിരഞ്ഞെടുപ്പ് സമയത്ത് ഉയർന്നുവന്നതാണെന്നുമാണ് ജോസ് കെ മാണി ഈ വിഷയത്തിൽ പ്തികരിച്ചത്.
നിലവിൽ സംസ്ഥാന പൊലീസ് അന്വേഷിച്ച് എഫ്ഐആർ റിപ്പോർട്ടിൽ എങ്ങും ജോസ് കെ. മാണിയുടെ പേരില്ല. ജോസ് കെ. മാണിക്കെതിരെ കേസില്ല എന്നർത്ഥം. എന്നാൽ സിബിഐ. കേസ് ഏറ്റെടുക്കുന്നതോടെ വീണ്ടും അന്വേഷണം വരും. പരാതിക്കാരി ജോസ് കെ. മാണിയുടെ പേര് പറഞ്ഞാൽ ജോസ് കെ. മാണിയെ സിബിഐ. ചോദ്യം ചെയ്യും. ലൈംഗിക പീഡന പരാതി എന്ന നിലയിൽ പ്രതിപ്പട്ടികയിൽ എത്താനും സാധ്യത ഏറെയാണ്. സോളാർ കേസിൽ സിബിഐ. അന്വേഷണം സംബന്ധിച്ച വിജ്ഞാപനം സർക്കാർ പുറത്തിറക്കിയതോടെ ജോസ് കെ. മാണി കടുത്ത അതൃപ്തിയിലാണ്.
രാഷ്ട്രീയ പകപോക്കൽ ആയി ഇപ്പോഴത്തെ സർക്കാർ നീക്കത്തെ കാണുന്നുണ്ടോ എന്ന് ചോദ്യത്തോടു ജോസ് കെ. മാണി നേരിട്ട് മറുപടി നൽകിയില്ല. സർക്കാർ അന്വേഷണത്തെക്കുറിച്ച് ജോസ് കെ. മാണി പറഞ്ഞത് ഇങ്ങനെയാണ്. സോളാർ കേസ് പ്രതിപക്ഷ നേതാക്കൾക്കെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കി സർക്കാർ മാറ്റും എന്ന് ഉറപ്പാണ്. എന്നാൽ അതേ ചർച്ചകൾ ഉയരുന്ന സമയത്ത് ജോസ് കെ. മാണിയെ എങ്ങനെ സംരക്ഷിക്കും എന്നാണ് കാത്തിരുന്നു കാണേണ്ടത്. എല്ലാ ചർച്ചകളുടേയും ഒരറ്റത്ത് ജോസ് കെ. മാണിയുടെ പേര് ഉയർന്നുവരുന്നത് കോട്ടയത്തെ തെരഞ്ഞെടുപ്പ് സാധ്യതകളിലും വെല്ലുവിളിയാണ്.
കേസ് ഏറ്റെടുത്ത് ചോദ്യം ചെയ്തതടക്കമുള്ള നടപടികളിലേക്ക് കേന്ദ്രസർക്കാർ ഏജൻസിയായ സിബിഐ. കടന്നാൽ അത് കൂടുതൽ തലവേദന സൃഷ്ടിക്കും. ബലാത്സംഗ പരാതി എന്ന നിലയിൽ പ്രതിപട്ടികയിൽ എത്തിയാൽ അത് രാഷ്ട്രീയ ഭാവിയെ ദോഷകരമായി ബാധിക്കും. ഏതായാലും താൻ പിന്തുണയ്ക്കുന്ന സർക്കാരിൽ നിന്നു തന്നെ പ്രതിസന്ധി നേരിടേണ്ടി വന്ന ഗതികേടിലാണ് ജോസ് കെ. മാണി.
മറുനാടന് മലയാളി ബ്യൂറോ