ഇടുക്കി: പഞ്ചായത്തംഗത്തിന്റെ മരണം കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി.വേണുഗോപാലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കട്ടപ്പന ഡിവൈഎസ്‌പി എൻ.സി.രാജ്‌മോഹനാണ് അന്വേഷണച്ചുമതല. വണ്ടന്മേട് പഞ്ചായത്തിലെ അഞ്ചാം വാർഡായ വെള്ളിമലയിലെ മെംബർ രാജാക്കണ്ടം പുത്തൻപുരയ്ക്കൽ ജോസ് മാത്യു (65) ആണ് കഴിഞ്ഞ എട്ടിനു മരിച്ചത്. മരണത്തിൽ ദുരൂഹത അന്ന് തന്നെ ബന്ധുക്കൾ ആരോപിച്ചിരുന്നു. കോൺഗ്രസാണ് പഞ്ചായത്ത് ഭരിക്കുന്നത്. പഞ്ചായത്തംഗത്തിന് ഒട്ടേറെ ശത്രുക്കൾ ഉണ്ടായിരുന്നുവെന്നും ഇവരാണ് അപായപ്പെടുത്തിയതെന്നും ബന്ധുക്കളുടെ പരാതിയിൽ ആരോപിക്കുന്നു. കോൺഗ്രസ് വണ്ടന്മേട് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്നു.

രണ്ടു തവണ പഞ്ചായത്തംഗമായിരുന്നു ജോസ് മാത്യു. മരിക്കുന്നതിന് എതാനും ദിവസം മുൻപ് ആരോ ജോസ് മാത്യുവിനു മദ്യം നൽകിയതിനെത്തുടർന്നു ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഇതിനുശേഷം മരിക്കുന്നതിനു തലേന്നു പഞ്ചായത്ത് ഓഫിസിലേക്ക് ആരോഗ്യവാനായി പോയ ജോസ് മാത്യുവിന് ചിലർ ചേർന്നു വീണ്ടും മദ്യം നൽകി. തിരികെ വീട്ടിലെത്തി രക്തം ഛർദിച്ചപ്പോഴാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംശയകരമായ സാഹചര്യം നിലനിൽക്കുന്നതിനാലാണു ജോസ് മാത്യുവിന്റെ ഭാര്യ മോളി ജോസ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. പൊതുപ്രവർത്തന രംഗത്തു സജീവമായിരുന്ന ജോസ് മാത്യു ജനങ്ങളുടെ ഏത് ആവശ്യങ്ങൾക്കും ഓടിയെത്തിയിരുന്നു.

രക്തം ഛർദിച്ചതിനെ തുടർന്നു കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെയാണു ജോസ് മാത്യുവിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സ നൽകിയെങ്കിലും ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ലഭിക്കാതിരുന്നതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്കു ജോസ് മാത്യുവിനെ മാറ്റിയിരുന്നു. എന്നാൽ യാത്രാമധ്യേ ആരോഗ്യനില കൂടുതൽ വഷളായതോടെ പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ജനപ്രതിനിധിയായിരുന്ന ജോസ് മാത്യുവിനെ മനഃപൂർവം മദ്യത്തിൽ എന്തെങ്കിലും കലർത്തി നൽകി അപായപ്പെടുത്തിയിരിക്കാമെന്നും ബന്ധുക്കൾ ആരോപിക്കുന്നു. മരണത്തിനു തലേന്നുമുതലുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്നാണു ബന്ധുക്കളുടെ ആവശ്യം.

ഏറെ ജനകീയനായ ജനപ്രതിനിധിയായിരുന്നു ജോസ്. അഞ്ചാം വാർഡായ വെള്ളിമലയിൽനിന്നു രണ്ടാം തവണയും വണ്ടന്മേട് പഞ്ചായത്തംഗമായ ജോസ് മാത്യു പൊതുപ്രവർത്തനരംഗത്തു സജീവമായിരുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങിയിരുന്ന അദ്ദേഹം മരണത്തിന്റെ തലേദിവസവും പഞ്ചായത്ത് ഓഫിസിൽ എത്തിയിരുന്നു.രക്തം ഛർദിച്ചതിനെ തുടർന്നു തിങ്കളാഴ്ച വൈകിട്ടോടെയാണ് അദ്ദേഹത്തെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ചികിത്സ ലഭ്യമാക്കിയെങ്കിലും ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടാകാതെ വന്നതോടെ ചൊവ്വാഴ്ച രാവിലെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. എന്നാൽ യാത്രാമധ്യേ ആരോഗ്യനില കൂടുതൽ വഷളായതോടെ പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകിട്ട് പഞ്ചായത്ത് ഓഫിസ് വളപ്പിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ ഒട്ടേറെപേർ അന്തിമോപചാരം അർപ്പിച്ചു. ഇന്നു നാലിനു കൊച്ചറ നസ്രത്ത് മാർത്തോമ്മാ പള്ളിയിലാണ് സംസ്‌കാരം.

1969ൽ വിദ്യാർത്ഥി പ്രസ്ഥാനമായ കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് എത്തുന്നത്. സജീവമായ പ്രവർത്തനത്തിനിടെ അദ്ദേഹത്തെ 1970കളിൽ കെഎസ്‌യു ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്തു. കുടുംബ പ്രാരാബ്ദങ്ങൾക്കിടയിലും പൊതുപ്രവർത്തന രംഗത്തുനിന്നു വിട്ടുനിൽക്കാൻ അദ്ദേഹം തയാറായില്ല. ഐഎൻടിയുസിയിൽ സജീവമായ അദ്ദേഹം തൊഴിലാളികളുടെ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെട്ടു. തൊഴിലാളികളുടെ അവകാശങ്ങൾക്കായി സമരം ചെയ്തതിന്റെ പേരിൽ ഗുണ്ടാസംഘങ്ങളുടെ മർദനമേൽക്കേണ്ടി വന്നിട്ടുണ്ട്.