കോതമംഗലം: ദുർഘട ജീവിത സാഹചര്യങ്ങളോട് പടവെട്ടിയാണ് ഇന്നുള്ളതെല്ലാം സ്വന്തമാക്കിയതെന്നും വെറുതെ കൈവന്ന പണം തന്നാലെന്താ എന്ന മട്ടിലാണ് അടുത്തുകുടുന്നവരിൽ ചിലരുടെ സമീപനമെന്നും ഇത് ജീവിതത്തിൽ ഇന്നോളം അഭിമുഖീകരിക്കാത്ത പ്രതിസന്ധിയെന്നും പ്രവാസി ദമ്പതികൾ.

നാലര പതിറ്റാണ്ടിലേറെ നീളുന്ന അമേരിക്കൻ ജീവിതത്തിന് ശേഷം തിരിച്ചത്തിയ കോതമംഗലം തെക്കെക്കര ജോസ് -ഫിലോമിന ദമ്പതികളാണ് നാട്ടിൽ തങ്ങൾ നേരിടുന്ന ദുരിത ജീവിതത്തെക്കുറിച്ച് മറുനാടനോട് മനമസ്സുതുറന്നത്. 44 വർഷം അമേരിക്കയിൽ ജിവിച്ചു. കേരളത്തിൽ ജീവിച്ച് കൊതി തീരാതെയാണ് ഞങ്ങൾ രണ്ടുപേരും ജോലി തേടി അമേരിക്കയിലേക്ക് പോയത്.ജോലിയിൽ നിന്നും റിട്ടയർ ചെയ്തപ്പോൾ കുറച്ചുകാലം നാട്ടിൽ ജീവിക്കാമെന്ന് കരുതിയിരുന്നു. ഇതിനിടയിലാണ് അടുത്തുകൂടിയവർ ചതിപ്രയോഗത്തിലൂടെ തങ്ങളുടെ തടിമില്ലും സ്ഥലവും തട്ടിയെടുക്കാൻ നീക്കം നടത്തിയത്. ഇത് മാനസീകമായി വല്ലാതെ തളർത്തി.

നിയമവഴിയിൽ നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറുനാടന്റെ ഇടപെടൽ ഏറെ സഹായകമായി. ഒരു പാടുപേർ വിളിച്ചും മെസേജുകളിലൂടെയും പിൻതുണ അറിയിച്ചു.ഇത് ഞങ്ങൾക്ക് വലിയൊരളവിൽ ആശ്വാസമായി.അവർ വിശദമാക്കി. 2002-ൽ ഈ ദമ്പതികൾ വാങ്ങിയ തെക്കെക്കര സോമിൽ സ്നേഹം നടിച്ച് ഒപ്പംകൂടിയ രാഷ്ട്രീയ നേതാവടക്കമുള്ളവർ സ്വന്തമാക്കാൻ നീക്കം നടത്തിയെന്നും ഇതിനെ പ്രതിരോധിക്കാൻ താൻ കോടതിയെ സമീപിച്ചിരിക്കുകയാണെന്നും ഇവരിൽ നിന്നുള്ള ആക്രമണ ഭീതിയിലാണ് ജീവിതമെന്നും ആരും തങ്ങളുടെ സഹായത്തില്ലന്നും കഴിഞ്ഞ ദിവസം ഫിലോമിന മറുനാടനോട് വ്യക്തമാക്കിയിരുന്നു.

ഇത് സംബന്ധിച്ച് മറുനാടൻ വിശദമായ വാർത്ത നൽകിയിരുന്നു.ഇതെത്തുടർന്ന് ലോകത്തിന്റെ വിവധ കോണുകളിൽ ജോലിചെയ്യുന്നവരും താമസിക്കുന്നവരുമായ അടുപ്പക്കാരും ബന്ധുക്കളുമെല്ലാം മൊബൈലിൽ വിളിച്ചും മെസേജുകളിലൂടെയും തങ്ങൾക്ക് എല്ലാവിധ പിൻതുണയും നൽകിയെന്നും ഇത് തങ്ങൾക്ക് ആശ്വാസമേകുന്നുണ്ടെന്നും ദമ്പതികൾ അറിയിച്ചു.

പ്രവാസ ജീവിതത്തിന്റെ ആദ്യകാലത്ത് ഭക്ഷണത്തിന് സർക്കാർ നൽകുന്ന ഫുഡ് ്സ്റ്റാമ്പ് വാങ്ങേണ്ടി വന്നിട്ടുണ്ട്. ഭർത്താവ് ഇല്ലാവർക്ക് ലഭിക്കുന്ന ആനൂകൂല്യവും കണ്ണുനീരോടെ കൈപ്പറ്റിയിട്ടുണ്ട്. കള്ളനും കൊള്ളക്കാരുമെല്ലാമുള്ള സ്ഥലത്തെ അപ്പാർട്ടുമെന്റിൽ മക്കളെയും ചേർത്ത് പിടിച്ച് ഭയന്നുവിറച്ച് നിരവധി രാത്രികൾ കഴിച്ചുകൂട്ടിയിട്ടുണ്ട്.രാവിലെ 7 മണി മുതൽ രാത്രി 11 വരെ ജോലി ചെയ്തിട്ടുണ്ട്.കൊടും തണുപ്പിൽ വാഹനമില്ലാതെ കിലോമാറ്ററുകളോളം നടന്നിട്ടുണ്ട്.ഇന്ന് എല്ലാം ഉണ്ട് ,കഷ്ടപ്പാടുകളില്ല.എങ്കിലും ഒരു ഫുട്സ്റ്റാമ്പ് ഞാൻ സൂക്ഷിക്കുന്നുണ്ട്. അന്നത്തെ കഷ്ടപ്പാടുകളുടെ ഓർമ്മയ്ക്കായി. ഫിലോമിന ജോസ് തെക്കെക്കര പറഞ്ഞു.

44 വർഷത്തോളം നീളുന്ന പ്രവാസ ജീവിതം സംഭവ ബഹുലമായിരുന്നു.കണ്ണുനീരും പ്രാർത്ഥനയുമായി കഴിയേണ്ടിവന്നിട്ടുണ്ട്.പ്രവാസികളുടെ ജീവിതത്തിന്റെ ഒരു വശം മാത്രമെ നാട്ടിലുള്ളവർ കണ്ടിട്ടുള്ളു. അവർ അനുഭവിച്ച കഷ്ടപ്പാടുകൾ ആരും അറിയാറില്ല, അന്വേഷിക്കാറുമില്ല-അവർ പറഞ്ഞു. കോതമംഗലം തെക്കെക്കര കുടുംബാംഗം ഡോ.ജോസിന്റെ ഭാര്യയാണ് ഫിലോമിന.

അമേരിക്കക്കാരാണെന്നറിഞ്ഞ്, പലരും സാഹായം ആവശ്യപ്പെട്ട് എത്തുന്നുണ്ട്്. എന്തെങ്കിലും ആട്ടെ എന്നുകരുതി ഒരു തവണ സഹായിച്ചാൽ പിന്നെ വിട്ടുപോകില്ല. എന്തെങ്കിലുമൊക്കെ പറഞ്ഞ് പിന്നാലെ കൂടും. ഞങ്ങൾ രണ്ടുപേരും ഇങ്ങിനെയുള്ള ജീവിത സാഹചര്യം ഇതുവരെ അഭിമുഖീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇതൊക്കെ എങ്ങിനെ തരണം ചെയ്യണമെന്നും അറിയില്ല. ഇപ്പോൾ നല്ലൊരുതുക ഇത്തരത്തിൽ നഷ്ടമായി.ദമ്പതികൾ വിശദമാക്കി.

കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കുന്നതിൽ സന്തോഷമെയുള്ളു. അതിനായി നല്ലൊരുതുക ചിലവഴിക്കുന്നുമുണ്ട്.ഈ സാഹചര്യത്തിലാണ് പലതും പറഞ്ഞ് അടുത്തുകൂടി ചിലർ കബളിപ്പിക്കുന്നത്. വൻ തുകകളാണ് ചിലർ കീശയിലാക്കിയത്.ഇത് വല്ലാത്ത മാനസീക വിഷമമാണ് സൃഷ്ടിക്കുന്നത്. ഇവിടേയ്ക്ക് വന്നത് എന്തിനാണെന്നാണ് അമേരിക്കയിലും ലോകത്തിന്റെ പലഭാഗങ്ങളിലുമുള്ള പരിചയക്കാരും ബന്ധുക്കളും ചോദിക്കുന്നത്.

ഞങ്ങൾക്ക് രണ്ടുപേർക്കും നാട്ടിൽ ജീവിച്ച് കൊതി തീർന്നിട്ടില്ല. ഇവിടുത്തെ ഭക്ഷണവും സംസ്‌കാരവും എല്ലാം പ്രിയപ്പെട്ടതാണ്. അതുകൊണ്ടാണ് കുറച്ചുകാലം ഇവിടെ കഴിയാമെന്ന് തീരുമാനിച്ചത്.എല്ലാം മതിയായി.ഇവിടുത്തെ കേസും കൂട്ടവുമൊക്കെ ഒരു വഴിക്കാക്കി,തിരിച്ചുപോയാലോ എന്നാണ് ഇപ്പോഴത്തെ ആലോചന-ഇരുവരും വ്യക്തമാക്കി.