- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുടാപ്പി- കൃസങ്കി വിളികൾ വിളിച്ചു പോരാടുന്നത് ആർക്കാണ് ഗുണം ചെയ്യുക?പാവപ്പെട്ട ഹിന്ദുക്കളുടെ ഇടയിലെ പാപ്പരീകരണം: ക്രിസ്ത്യാനികളും മുസ്ലിങ്ങളും ചെയ്യേണ്ടത്: ജോസ് സെബാസ്റ്റ്യൻ എഴുതുന്നു
പാവപ്പെട്ട ഹിന്ദുക്കളുടെ ഇടയിലെ പാപ്പരീകരണം:
ക്രിസ്ത്യാനികളും മുസ്ലിങ്ങളും ചെയ്യേണ്ടത്
ദരിദ്രർ എന്ന അവസ്ഥക്ക് ജാതി- മത വ്യത്യാസം ഇല്ല എന്നൊക്കെ തിയറി പറയാം. പക്ഷെ സത്യം അതല്ല. ദാരിദ്ര്യത്തിൽനിന്നും കര കയറുന്നതിലും അതിൽ തന്നെ തുടരുന്നതിലും ഒക്കെ മത പശ്ചാത്തലത്തിന്റെ ശക്തമായ സ്വാധീനം ഉണ്ട്. കേരളത്തിലെ പാവപ്പെട്ട ഹിന്ദുക്കളുടെ ഇടയിൽ കൃത്യമായ പാപ്പരീകരണം (systematic pauparization) നടക്കുന്നുണ്ട് എന്നത് എന്റെ ഒരു hypothesis ആണ്. ഞാൻ അത് പഠനം വഴി തെളിയിച്ചിട്ടില്ല. പക്ഷെ അതിന് ശക്തമായ തെളിവുകൾ നിരത്താൻ കഴിയും.
ഒരേ തൊഴിൽ ചെയ്യുന്ന, ഒരേ ദിവസ/ മാസ വരുമാനമുള്ള, ആസ്തികൾ ഏറെക്കുറെ ഒരേപോലെ ഉള്ള ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ കുടുംബങ്ങളെ എടുക്കാം. മൂന്നു പേരും ഓട്ടോ റിക്ഷ ഓടിച്ചാണ് ജീവിക്കുന്നത് എന്നിരിക്കട്ടെ. നമ്മുടെ പാവപ്പെട്ടവരുടെ ഇടയിലെ രണ്ട് ലഹരികൾ- മദ്യവും ലോട്ടറിയും മൂന്നു പേർക്കും ഒരുപോലെ ലഭ്യമാണ് എങ്കിലും മുസ്ലിമിനു അത് ഹറാം ആയതുകൊണ്ട് ഇത് രണ്ടിന്റെയും അടിമകൾ ആകാതിരിക്കാനുള്ള പ്രവണത കൂടുതൽ ആണ്. അതിന് ശാസ്ത്രിയ തെളിവ് മുൻ പോസ്റ്റുകളിൽ നിരത്തിയിട്ടുണ്ട്.
ക്രിസ്ത്യാനിക്ക് ഭാഗ്യക്കുറി എടുക്കാൻ തടസ്സം ഒന്നും ഇല്ലെങ്കിലും ഒരു മുഴുകുടിയൻ ആകുന്നത് ബുദ്ധിമുട്ട് ആക്കുന്ന ഒരു സോഷ്യൽ നെറ്റ്‌വർക്ക് ഉണ്ട്. അത് പള്ളികളും അച്ചന്മാരും കന്യാസ്ത്രികളും ക്രിസ്ത്യൻ സ്ഥാപനങ്ങളും ഉൾപ്പെട്ടതാണ്. അച്ചന്റെ ഉപദേശവും നിരന്തരമുള്ള പള്ളി പരിപാടികളും പള്ളി സ്ഥാപനങ്ങളിൽ മക്കൾക്കു വിദ്യാഭ്യാസവും തൊഴിലും കിട്ടാനുള്ള സാധ്യതയും ഒക്കെ കൂടി ചേർന്നത് ആണിത്.
ക്രിസ്ത്യാനികളുടെ കാര്യത്തിൽ ഭാര്യയും ഒരു ഘടകം ആണ്. ക്രിസ്ത്യാനികളുടെ ഇടയിൽ പ്രായവ്യത്യാസം കുറവ് ആണല്ലോ.
'ബേബിച്ചാ' ' അപ്പച്ചാ ' ' മാത്തച്ചാ ' എന്നൊക്കെ പേര് ചൊല്ലി വിളിക്കുന്നിടത്തു ഭർത്താവിന് കുറെ പേടി ഉണ്ട്. ഹിന്ദു കുടുംബങ്ങളിൽ പ്രായ വ്യത്യാസം നോക്കാതെ ' ചേട്ടൻ' ആണ്. ചേട്ടൻ പറയുന്നത് കേട്ടു ജീവിക്കുന്ന ഭാര്യ ആണ് ഭർത്താവിനും വേണ്ടത്. എന്തെങ്കിലും ചെയ്തു അധിക വരുമാനം ഉണ്ടാക്കുന്നതിൽ ക്രിസ്ത്യൻ - മുസ്ലിം ഭാര്യമാരെക്കാൾ ഹിന്ദു ഭാര്യമാർ പിന്നിൽ ആകാൻ ആണ് സാധ്യത.
ഇതിന്റെ ഒക്കെ ഫലമായി ഹിന്ദു കുടുംബങ്ങളിലെ സമ്പാദ്യം കുറവാകാനുള്ള സാധ്യത കൂടുതൽ ആണ്. കടക്കെണിയിൽ പെടാനുള്ള സാധ്യത കൂടുതൽ ആണ് ക്രിസ്ത്യാനികളിലും മുസ്ലിങ്ങളിലും പരസ്പര സഹായം കൂടുതൽ ആണ്. ഹിന്ദുക്കളുടെ കാര്യം വരുമ്പോൾ സഹായത്തെ നിർണയിക്കുന്നത് ജാതി ആയിരിക്കും. ഗൾഫ് ജോലിയുടെ കാര്യത്തിൽ ഒക്കെ മുസ്ലിങ്ങളുടെ പരസ്പര സഹായം വളരെ വ്യക്തമാണ്.
പറഞ്ഞു വരുന്നത് ഇതാണ്: ഈ കോവിഡ് കാലത്ത് ആത്മഹത്യയും കുറ്റ കൃത്യങ്ങളും ഹിന്ദുക്കളുടെ ഇടയിൽ കൂടി വരുന്നുണ്ട്. ഇത് സംഘ പരിവാർ മുതലെടുക്കും. ന്യൂനപക്ഷങ്ങളെ പ്രതികൾ ആക്കും. ഇവിടെ ക്രിസ്ത്യാനികൾക്കും മുസ്ലിങ്ങൾക്കും ഇടപെടേണ്ട അവസരം ഉണ്ട്. സ്വന്തം ബിസിനസുകളിലും ഒക്കെ ബോധപൂർവം പാവപ്പെട്ട ഹിന്ദുക്കളെ ജോലിക്കാർ ആയി തെരഞ്ഞെടുക്കാൻ തയ്യാർ ആകണം. എം.എ. യൂസഫലി ഇത് ചെയ്യുന്നുണ്ട്. അതുപോലെ ബിസിനസ് പങ്കാളികൾ ആയി ഹിന്ദുക്കളെ തെരഞ്ഞെടുക്കാൻ ബോധപൂർവം ശ്രമിക്കാം.
ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും ഹിന്ദുക്കളെ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കേണ്ടതു ഉണ്ട്. ക്രിസ്ത്യൻ സെൽഫ് ഫിനാൻസിങ് സ്ഥാപനങ്ങളിൽ പ്രവേശനത്തിൽ 5% സംവരണം മറ്റ് മതസ്ഥർക്കു നൽകുന്നുണ്ട്. കേരളത്തിൽ ഒരു സെക്കുലർ പ്ലാറ്റഫോം ഉണ്ടാക്കാനും വളർത്താനും ഏറ്റവും ശ്രദ്ധിക്കേണ്ടത് ന്യൂന പക്ഷങ്ങൾ ആണ്. അതിനുപകരം സുടാപ്പി- കൃസങ്കി വിളികൾ വിളിച്ചു പോരാടുന്നത് ആർക്കാണ് ഗുണം ചെയ്യുക?