തിരുവനന്തപുരം: സിൽവർലൈൻ സംവാദത്തിനുള്ള പാനലിൽ നിന്ന് ഒഴിവാക്കുമ്പോൾ അക്കാര്യം തന്നെ വിളിച്ചു പറയാനുള്ള സാമാന്യ മര്യാദ കാണിക്കാമായിരുന്നെന്ന് ജോസഫ് സി.മാത്യു. ഒഴിവാക്കിയതു സംബന്ധിച്ചു യാതൊരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ല. മാധ്യമവാർത്തകളിലൂടെയാണ് മാറ്റം അറിഞ്ഞത്. വി എസ്.അച്യുതാനന്ദന്റെ ഐടി ഉപദേഷ്ടാവായിരുന്നു ജോസഫ് സി മാത്യു.

കടക്കു പുറത്തെന്നു സർക്കാരിന് ഏതു സമയവും പറയാം. ഈ മാറ്റം അപ്രതീക്ഷിതമല്ലെന്നും ജോസഫ് സി.മാത്യു പറഞ്ഞു. രാഷ്ട്രീയപരമായ ചോദ്യങ്ങൾ ചോദിക്കുന്നതിൽ അസ്വസ്ഥത ഉള്ളവരുണ്ടെന്ന് അറിയാം. അതിനാൽ ഇത്തരം കാര്യങ്ങൾ വന്നേക്കാം എന്നു പ്രതീക്ഷിച്ചിരുന്നു. സഹപാനലിസ്റ്റുകളുമായും അക്കാര്യം സംസാരിച്ചിരുന്നു. പദ്ധതിയെ എതിർക്കുന്നവരെയും സെമിനാറിലേക്കു വിളിച്ചത് സർക്കാരിൽ നിന്നുള്ള അപൂർവമായ ജനാധിപത്യ സമീപനമായിരുന്നു. ചീഫ് സെക്രട്ടറിയാണ് സെമിനാറിലേക്കു ക്ഷണിച്ചത്. ചർച്ചയുടെ വിശദമായ വിവരങ്ങൾ ചീഫ് സെക്രട്ടറിയുടെ ഓഫീസിൽനിന്ന് അയച്ചു തന്നിരുന്നു. ഒരാൾക്കു സംസാരിക്കാൻ 10 മിനിട്ട് മാത്രമാണ് ലഭിക്കുന്നതെന്നതിനാൽ പറയേണ്ട വിഷയങ്ങൾ സഹപാനലിസ്റ്റുകളുമായി സംസാരിച്ചിരുന്നു.

ഒഴിവാക്കിയത് എന്തു കൊണ്ടാണെന്നു പറയേണ്ടതു ചീഫ് സെക്രട്ടറിയാണ്. അദ്ദേഹം അറിയാതെയാണ് മാറ്റമെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. മാറ്റം എന്തു കാരണം കൊണ്ടാണെന്നു പറഞ്ഞില്ലെങ്കിലും മാറ്റിയ വിവരം പറയാമായിരുന്നു. ശരിയായി യോഗം നടത്താൻ കഴിയാത്തവരാണ് റെയിൽ ഓടിക്കാൻ പോകുന്നതെന്നും ജോസഫ് സി.മാത്യു പറഞ്ഞു.

അതേസമയം, സിൽവർ ലൈൻ സംവാദത്തിനുള്ള പാനലിൽ നിന്നും ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രീയ കളി എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാർ എന്തിനാണ് ഭയക്കുന്നത്? കെ റെയിൽ കോർപ്പറേഷന്റെ ഇടപെടലിനെ തുടർന്നുള്ള ഒഴിവാക്കൽ ദുരൂഹമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

സംസ്ഥാന ചീഫ് സെക്രട്ടറിക്കും മുകളിലാണോ കെ. റെയിൽ എം.ഡിയുടെ സ്ഥാനം? പാരിസ്ഥിതികമായും സാമ്പത്തികമായും സാമൂഹികമായും സിൽവർ ലൈൻ പദ്ധതി ഉണ്ടാക്കുന്ന അപകടങ്ങളെ കുറിച്ച് ഉറച്ച നിലപാടുള്ളയാളാണ് ജോസഫ്. വിമർശനങ്ങളോടുള്ള അസഹിഷ്ണുത മുഖമുദ്രയാക്കിയ സർക്കാരിൽ നിന്ന് ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കണ്ട. ഇടതല്ല, ഇവർ തീവ്ര വലതുപക്ഷ സർക്കാരാണെന്നും സതീശൻ ഫേസ്‌ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു.

സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച നടക്കുന്ന സംവാദത്തിലേക്ക് എതിർക്കുന്നവരുടെ പാനലിലേക്ക് അലോക് കുമാർ വർമ, ഡോ. ആർവിജി മേനോൻ, ജോസഫ് സി മാത്യു എന്നിവരെയാണ് ആദ്യം ക്ഷണിച്ചത്. പിന്നീട് ജോസഫ് സി മാത്യുവിനെ കെ റെയിൽ അധികൃതർ ഒഴിവാക്കി, പകരം ശ്രീധർ രാധാകൃഷ്ണനെ ഉൾപ്പെടുത്തുകയായിരുന്നു.

വി.ഡി.സതീശന്റെ കുറിപ്പ്:

സിൽവർ ലൈൻ സംവാദത്തിനുള്ള പാനലിൽ നിന്നും ജോസഫ് സി. മാത്യുവിനെ ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രീയ കളികളാണ്. കടുത്ത രാഷ്ട്രീയ സമ്മർദത്തെ തുടർന്നുള്ള നടപടിയാണിത്. സർക്കാർ എന്തിനാണ് ഭയക്കുന്നത്? ചീഫ് സെക്രട്ടറിയാണ് ജോസഫ് സി. മാത്യുവിനെ സംവാദത്തിന് ക്ഷണിച്ചത്. പങ്കെടുക്കാമെന്ന് ജോസഫ് സി. മാത്യു സമ്മതിക്കുകയും ചെയ്തു. കെ. റെയിൽ കോർപ്പറേഷന്റെ ഇടപെടലിനെ തുടർന്നുള്ള ഒഴിവാക്കൽ ദുരൂഹമാണ്. സംസ്ഥാന ചീഫ് സെക്രട്ടറിക്കും മുകളിലാണോ കെ. റെയിൽ എം.ഡിയുടെ സ്ഥാനം?

പാരിസ്ഥിതികമായും സാമ്പത്തികമായും സാമൂഹികമായും സിൽവർ ലൈൻ പദ്ധതി ഉണ്ടാക്കുന്ന അപകടങ്ങളെ കുറിച്ച് ഉറച്ച നിലപാടുള്ളയാളാണ് ജോസഫ്. വിമർശനങ്ങളോടുള്ള അസഹിഷ്ണുത മുഖമുദ്രയാക്കിയ സർക്കാരിൽ നിന്ന് ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കണ്ട. ശാസ്ത്ര സാഹിത്യ പരിഷത്തും ഇടതുപക്ഷത്തോട് ചേർന്നു നിൽക്കുന്ന സാംസ്‌കാരിക - സാഹിത്യ പ്രവർത്തകരും ഉന്നത സിപിഐ നേതാക്കളുടെ മക്കളും പദ്ധതിയോടുള്ള എതിർപ്പ് പരസ്യമായി പ്രകടിപ്പിച്ചപ്പോഴും സർക്കാരിന് അസഹിഷ്ണുതയായിരുന്നു. ഈ ഇടുങ്ങിയ ചിന്താഗതി ഒരിക്കലും ന്യായീകരിക്കാനാകില്ല. ഇടതല്ല, ഇവർ തീവ്ര വലതുപക്ഷ സർക്കാരാണ്.

#KRail
#KRailProtest
#Silverlineprotest
#NoSilverlineForKerala
#കെ_റെയിൽ_വേണ്ട_കേരളം_മതി