ഞ്ജാതെയും, യുദ്ധം സെയ്യും, തുപ്പരിവാളനും, രാക്ഷസനുമെല്ലാം പോലെ ലക്ഷണമൊത്തെ ക്രൈം ത്രില്ലറുകൾ തമിഴ്‌നാട്ടിൽ നിന്നും പുറത്തിറങ്ങുമ്പോൾ എന്തുകൊണ്ട് മലയാളത്തിൽ ഇത്തരം ചിത്രങ്ങൾ ഉണ്ടാവുന്നില്ല എന്ന് പലപ്പോഴും ആലോചിച്ച് പോയിട്ടുണ്ട്. പത്മരാജനും കെ ജി ജോർജുമെല്ലാം ഇത്തരം ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും നല്ലൊരു ഇമോഷണൽ ത്രില്ലർ അടുത്തകാലത്തൊന്നും മലയാളത്തിൽ പുറത്തിറങ്ങിയിട്ടില്ല. എന്നാൽ ഇതാ എം പത്മകുമാർ ഒരുക്കിയ ജോസഫ് മികച്ച കാഴ്ചാനുഭവം പ്രദാനം ചെയ്യുന്ന അന്വേഷണാത്മക ത്രില്ലറായി പ്രേക്ഷകന് മുന്നിൽ എത്തിയിരിക്കുന്നു.

വർഷങ്ങളോളം സംവിധാന സഹായിയായി സിനിമാരംഗത്തുള്ള പരിചയമുള്ള വ്യക്തമായാണ് എം പത്മകുമാർ. ആരണ്യകമെന്ന ഹരിഹരൻ ചിത്രത്തിൽ സംവിധാന സഹായിയായി സിനിമാ ജീവിതം ആരംഭിച്ച പത്മകുമാർ ഐ വി ശശിക്കും രഞ്ജിത്തിനും ഷാജി കൈലാസിനും ജോഷിക്കുമെല്ലാമൊപ്പം പ്രവർത്തിച്ച പരിചയവുമായാണ് സംവിധാന രംഗത്തേക്കെത്തുന്നത്. അമ്മക്കിളിക്കൂട്, വർഗം, വാസ്തവം, ശിക്കാർ തുടങ്ങിയ ചിത്രങ്ങളൊരുക്കിയ ഈ സംവിധായകന്റെ ഗ്രാഫ് പിന്നീട് താഴേക്കായിരുന്നു. ഒഡീഷ, പോളിടെക്‌നിക്ക്, കനൽ തുടങ്ങിയ ചിത്രങ്ങളുടെയെല്ലാം പരാജയം സൃഷ്ടിച്ച ചാരത്തിൽ നിന്ന് അതിഗംഭീരമായി ഉയർന്നു പറക്കുന്ന സംവിധായകനെയാണ് ജോസഫ് പ്രേക്ഷകന് കാട്ടിക്കൊടുക്കുന്നത്.

സഹനടനായും ഹാസ്യതാരമായുമെല്ലാം പ്രേക്ഷകർക്ക് മുമ്പിലെത്തിയിരുന്ന ജോജു ജോർജിനെ നായകനാക്കി നവാഗതനായ തിരക്കഥാകൃത്തിന്റെ തിരക്കഥയിൽ പത്മകുമാർ 'ജോസഫ്' ഒരുക്കുമ്പോൾ വലിയ പ്രതീക്ഷയൊന്നും ചിത്രത്തെക്കുറിച്ചില്ലായിരുന്നു. എന്നാൽ ആദ്യം രംഗം മുതൽ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ടായിരുന്നു ചിത്രം മുന്നോട്ട് പോയത്. വ്യവസ്ഥാപിതമായ മലയാളം ക്രൈംത്രില്ലറുകളുടെ വാർപ്പ് മാതൃകകൾ ഒന്നൊന്നായി ഇടിച്ചു നിരത്തുകയാണ് ജോസഫ്. കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് നായകൻ എത്തുമ്പോൾ വായ്ത്താരികൾ മലയാള സിനിമയ്ക്ക് പതിവാണ്. വരാൻ പോകുന്ന കുറ്റാന്വേഷകനെക്കുറിച്ച് സുഹൃത്തുക്കളും സഹപ്രവർത്തകരുമെല്ലാം വർണ്ണനകൾ നടത്തിക്കൊണ്ടിരിക്കും. അതിനിടയിലേക്ക് സ്ലോമോഷനിൽ നായകനെത്തും. ഞെട്ടിപ്പിക്കുന്ന ഒരു വില്ലനെ അന്വേഷിച്ചുള്ള യാത്രയാണ് പിന്നീട്. നിറഞ്ഞുകവിയുന്ന ട്വിസ്റ്റുകൾക്കും ഇന്റർവെൽ പഞ്ചിനുമിടയിലൂടെ അന്വേഷണം പുരോഗമിച്ച് പ്രേക്ഷകരെ ഞെട്ടിപ്പിച്ചു എന്ന് സംവിധായകൻ ആശ്വാസം കൊള്ളുന്ന ക്ലൈമാക്‌സിൽ സിനിമ അവസാനിക്കുകയും ചെയ്യും. എന്നാൽ ജോസഫ് ഇതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ്.

ഔദ്യോഗിക ജീവിതത്തിൽ വിജയങ്ങൾ മാത്രം സ്വന്തമായുള്ള ജോസഫ് എന്ന റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ സ്വകാര്യ ജീവിതത്തിൽ പരാജയപ്പെട്ട വ്യക്തിയാണ്. കാമുകിയെയും ഭാര്യയെയും മകളെയുമെല്ലാം നഷ്ടപ്പെട്ട അയാളുടെ ഇപ്പോഴത്തെ ജീവിതം മദ്യലഹരിയിൽ ഒഴുകിക്കൊണ്ടിരിക്കുകയാണ്. കഞ്ചാവിന്റെ ലഹരിയിൽ അയാൾ ഭൂതകാലത്തിൽ ജീവിക്കുന്നു. വല്ലപ്പോഴും കാണാനെത്തുന്ന സുഹൃത്തുക്കൾക്കൊപ്പവും മദ്യപിക്കാൻ മാത്രമാണ് അയാൾ സമയം കണ്ടെത്തുന്നത്. ജോലിയിൽ നിന്ന് വിരമിച്ചെങ്കിലും കേസന്വേഷണത്തിൽ പൊലീസ് അയാളുടെ സഹായം തേടുന്നു. മടുപ്പിൽ നിന്ന് രക്ഷപ്പെടാനും ജീവിച്ചിരിക്കുന്നു എന്ന് തന്നെത്തന്നെ വിശ്വസിപ്പിക്കാനും ക്രെഡിറ്റൊന്നും ആവശ്യമില്ലാതെ അയാൾ കേസുകൾ തെളിയിക്കാൻ പൊലീസിനെ സഹായിക്കുന്നു. മദ്യലഹരിയിൽ.. മടുപ്പുനിറഞ്ഞ മുഖഭാവത്തോടെ കേസന്വേഷണിക്കുന്ന തടിച്ചു ചീർത്ത ജോസഫ് തീർച്ചയായും പുതുമ നിറഞ്ഞ കഥാപാത്രമാണ്. അയാൾ തുളച്ചു കയറുന്ന ഡയലോഗുകൾ പറയുന്നില്ല.. വില്ലന്മാരെ ഇടിച്ചു നിരത്തുന്നില്ല.. പഴയ തോക്ക് അയാൾ പൊടിതട്ടിയെടുക്കുന്നതുപോലും കഥാന്ത്യത്തിൽ മാത്രമാണ്.

മടുപ്പും വൈകാരിക സംഘർഷങ്ങളും നിറഞ്ഞു നിൽക്കുന്നതാണ് ജോസഫിന്റെ ജീവിതം. വേർപിരിഞ്ഞുപോയ ഭാര്യ സുഹൃത്തായ പീറ്ററിന്റെ ഭാര്യയാണിന്ന്. മകൾ ഒരപകടത്തിൽ മരണപ്പെടുകയും ചെയ്തതോടെ തീർത്തും അയാൾ ഒറ്റപ്പെട്ടു. എന്നാലും അയാൾക്ക് പിരിഞ്ഞുപോയ ഭാര്യയോട് ദേഷ്യമില്ല. അവളുടെ ഭർത്താവ് പീറ്റർ അയാളുടെ നല്ലൊരു സുഹൃത്തുകൂടിയാണ്. പീറ്ററും ജോസഫും തമ്മിലുള്ള ആത്മബന്ധമെല്ലാം പാളിപ്പോകാതെ ഏറെ മികവോടെ പത്മകുമാർ ആവിഷ്‌ക്കരിക്കുന്നുണ്ട്. കുറ്റാന്വേഷണ ചിത്രത്തിൽ കുടുംബബന്ധങ്ങളൊക്കെ വലുതായി കടന്നുവരുമ്പോൾ പലപ്പോഴും അത് അന്വേഷണത്തിന്റെ ചടുലതയെ തകർക്കുകയും പ്രേക്ഷകനെ ബോറടിപ്പിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ജോസഫിൽ ജോസഫിന്റെ അന്വേഷണവും അയാളുടെ സ്വകാര്യ ജീവിതവും വൈകാരിക ബന്ധങ്ങളുമെല്ലാം ഇഴപിരിച്ചെടുക്കാൻ കഴിയാത്ത വിധത്തിൽ സമർത്ഥമായി കോർത്തിണക്കപ്പെടുകയാണ്. ഇത് തന്നെയാണ് സാധാരമായ കുറ്റാന്വേഷണ സിനിമയിൽ ഒതുങ്ങാതെ ജോസഫിനെ ബഹുദൂരം മുന്നിക്കേ് നടത്തുന്നതും. കുറ്റകൃത്യങ്ങളും അന്വേഷണവും വൈകാരിക ബന്ധങ്ങളുമെല്ലാം ചേർത്ത് വെച്ച് സംവിധായകൻ പ്രേക്ഷകനെ കാഴ്ചകളിൽ നന്ന് കണ്ണെടുക്കാതെ പിടിച്ചുകെട്ടുന്നുമുണ്ട്.
മുൻ ഭാര്യയുടെയും മകളുടെയും മരണങ്ങൾക്ക് പിന്നിലെ യാഥാർഥ്യം തേടിപ്പോകുകയാണ് ജോസഫ്. ഒറ്റനോട്ടത്തിൽ അപകടമരണം എന്ന് തോന്നാമെങ്കിലും അവ കൊലപാതകമായിരുന്നുവെന്ന് ജോസഫ് തിരിച്ചറിയുന്നു. കൊലപാതക കാരണം തേടിപ്പോകുന്ന ജോസഫ് കണ്ടെത്തുന്നത് ഞെട്ടിപ്പിക്കുന്ന ചില യാഥാർത്ഥ്യങ്ങളാണ്. അവിടെ വില്ലന് ഒരു മുഖമില്ല. പരസ്പരം ബന്ധിപ്പിക്കപ്പെട്ട കുറ്റകൃത്യങ്ങളുടെ ഒരു ശൃംഖലയാണ് ഇവിടെ വില്ലൻ.

അതിനോട് നേരിട്ട് ഏറ്റുമുട്ടി വിജയം വരിക്കാൻ ജോസഫിനെപ്പോലൊരു റിട്ട. ഉദ്യോഗസ്ഥന് സാധിക്കില്ല. അതുകൊണ്ട് തന്നെ നായകൻ വില്ലനെ കീഴടക്കി സ്ലോമോഷനിൽ നടന്നുവരുന്ന ഒരു അവസാനവും ഈ സിനിമയ്ക്കില്ല. ഒരർത്ഥത്തിൽ പറഞ്ഞാൽ കഥ അവസാനിച്ചതിന് ശേഷമാണ് സിനിമയുടെ ക്ലൈമാക്‌സും പരിഹാരവുമെല്ലാം സംഭവിക്കുന്നത് എന്നും പറയാം.

പൊലീസ് ഉദ്യോഗസ്ഥൻ കൂടിയായ ഷാഹി കബീറാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പൊലീസ് അന്വേഷണത്തിന്റെ കൂടുതൽ വിശ്വസനീയമായ വഴികളിലൂടെയാണ് തിരക്കഥ സഞ്ചരിക്കുന്നത്. എന്നിരുന്നാലും സിനിമയുടെ പ്രധാനഭാഗമായ അവസാന നിമിഷങ്ങൾ അൽപ്പം വേഗത്തിൽ പറഞ്ഞു തീർത്തു എന്നൊരു തോന്നൽ പ്രേക്ഷകരിൽ ഉണ്ടാകുന്നുണ്ട്. അന്വേഷണത്തിലെ ചില അതിശയോക്തികളെയും അവിശ്വസനീയതകളെയുമെല്ലാം അവഗണിക്കാമെങ്കിലും ചിത്രത്തിനെതിരെ ഐ എം എ നടത്തിയ ചില വിമർശനങ്ങളെ തള്ളിക്കളയാനുമാകില്ല. അവയവദാനമെന്ന മഹത്തായ കാര്യത്തെ അടിമുട്ടി വെട്ടിവീഴ്‌ത്തുന്നുണ്ട് സിനിമ. പുതുജീവൻ പ്രതീക്ഷിച്ച് കഴിയുന്ന പതിനായിരക്കണക്കിന് നിത്യരോഗികളെയും അവരുടെ കുടുംബങ്ങളെയും വെട്ടിനുറുക്കി പച്ചയ്ക്ക് തിന്നുന്ന കൊടുക്രൂരതയാണ് ചിത്രമെന്നാണ് ഐ എം എ സെക്രട്ടറി ഡോ: സുൽഫി നൂഹ് ചിത്രത്തിനെതിരെ വിമർശനം ഉന്നയിച്ചിട്ടുള്ളത്. അവയവദാനത്തിന്റെ മറവിൽ ഇത്രയ്ക്ക് വലിയ ക്രൂരതകളൊക്കെ കേരളത്തിൽ നടക്കുമോ, അല്ലെങ്കിൽ നടന്നിട്ടുണ്ടോ എന്ന ചോദ്യവും പ്രസക്തമാണ്. സംഭവിക്കാനിടയുള്ള ചില യാഥാർത്ഥ്യങ്ങളെ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതെന്നാണ് ഇതിന് തിരക്കഥാകൃത്തിന്റെ മറുപടി. ഇത്രത്തോളമില്ലെങ്കിലും ശരികേടുകൾ വലിയ തോതിൽ തന്നെ ഈ രംഗത്ത് നടക്കുന്നുവെന്നത് യാഥാർഥ്യമാണ്. അതിനെ അൽപ്പം പൊലിപ്പിക്കുന്നുണ്ടെങ്കിലും ഇതൊരു സിനിമയാണ് എന്നൊരു ആനുകൂല്യം നൽകി അവഗണിക്കുകയേ മാർഗമുള്ളു.
നായകനായ ജോസഫായി എത്തുന്ന ജോജു ജോർജിന്റെ അത്യഗ്രൻ പ്രകടനം തന്നെയാണ് സിനിമയുടെ കരുത്ത്. അടിമുടി ജോസഫായി നിറഞ്ഞു നിൽക്കുകയാണ് ജോജു.

കാമുകന്റെയും ഭർത്താവിന്റെയും സർവ്വീസിൽ നിന്ന് വിരമിച്ച് വിരസമായ ജീവിതം തള്ളിനീക്കുന്ന വ്യക്തിയുടേയുമെല്ലാം ജീവിതത്തിലേക്ക് അദ്ദേഹം വളരെ മനോഹരമായി കയറിയിറങ്ങുന്നു. ജീവിതത്തിന്റെ മടുപ്പും നിരാശയും അന്വേഷണത്തിന്റെ വഴികളിലെ ജാഗ്രതയുമെല്ലാം എത്ര മനോഹരമായിട്ടാണ് ഈ നടൻ അവതരിപ്പിക്കുന്നത്. മറ്റൊരു നടനെ ഈ വേഷത്തിൽ സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത വിധത്തിലാണ് ജോസഫായി ജോജു പരകായ പ്രവേശം നടത്തുന്നത്. ലളിതമായി തുടങ്ങി കത്തിപ്പടരുന്ന തരത്തിലുള്ള പത്മകുമാറിന്റെ ആഖ്യാനവും ഗംഭീരം. ഒട്ടും വിരസമാവാതെ കുടുംബബന്ധങ്ങളും കുറ്റ്‌വാന്വേഷണവുമെല്ലാം കോർത്തിണക്കിയ തിരക്കഥയും മനോഹരം. കഥാപാത്ര നിർമ്മിതിയിലും കഥ പറയുന്ന രീതിയിലുമെല്ലാം ഷാഹി കബീർ ഏറെ മുമ്പിലാണ്. ഒരുപക്ഷേ പത്മരാജനും ലോഹിതദാസിനുമെല്ലാമൊപ്പം ഉയർന്നു നിൽക്കാവുന്ന പ്രതിഭ ഈ തിരക്കഥാകൃത്തിലുണ്ട്.

ഇർഷാദ്, സുധി കോപ്പ, ദിലീഷ് പോത്തൻ തുടങ്ങിയവരെല്ലാം മികച്ച പ്രകടനം കാഴ്ച വെച്ചു. അനിൽ ജോൺസന്റെ പശ്ചാത്തല സംഗീതവും മനോഷ് മാധവന്റെ ഛായാഗ്രഹണവും ഏറെ മികച്ചു നിൽക്കുന്നു. മനോഹരമായ ഗാനങ്ങളും ഗാനചിത്രീകരണവും സിനിമയ്ക്ക് കരുത്താകുന്നു. മലയാള സിനിമയിൽ അടുത്തകാലത്ത് വന്ന മികച്ച കഥാപാത്രങ്ങളിലൊന്നാണ് ജോസഫ്. അതുകൊണ്ട് തന്നെ കണ്ടുതന്നെ അറിയണം ജോസഫിന്റെ നീറുന്ന ജീവിതത്തെ......