കൊച്ചി: അന്യമതങ്ങളോട് ആദരവ് കാക്കുക ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഹൈന്ദവ സംസ്‌കാരത്തോടും മതത്തോടും കർമ്മങ്ങളോടുമുള്ള ബഹുമാനം ഉള്ളിൽ സൂക്ഷിക്കുന്ന വൈദികനാണ് യാക്കോബായസഭ മെത്രപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർഗ്രിഗോറിയോസ്. മെത്രാപ്പൊലീത്ത ഇന്ന് ഹൈന്ദവ ആചാരപ്രകാരമുള്ള വിവാഹത്തിൽ സഹകാർമികനായത് കൗതുകമായി. കൊച്ചി ഇരുമ്പനം വടക്ക് ഗുരുമന്ദിരത്തോടനുബന്ധിച്ചുള്ള ഓഡിറ്റോറിയത്തിൽ 5 നിർദ്ധനയുവതികളുടെ വിവാഹച്ചടങ്ങായിരുന്നു വേദി.

ചടങ്ങിന് തുടക്കം കുറിച്ച് വേദിയിൽ കർമ്മിക്കൊപ്പം മെത്രാപൊലീത്ത ഭദ്രദീപം തെളിയിച്ചു. വധൂവരന്മാരെ സ്വീകരിക്കുന്നത് മുതൽ താലികെട്ട് കഴിഞ്ഞ് ഇറങ്ങും വരെ വേദിയിൽ കർമ്മിക്കൊപ്പം ചടങ്ങുകളിൽ പങ്കാളിയായി. നേരത്തെ പൂജിച്ചുവച്ച താലി വരന്മാർക്ക് കൈമാറിയത് മെത്രാപൊലീത്തയാണ്. താലികെട്ടുകഴിഞ്ഞപ്പോൾ നവദമ്പതികളെ പുഷ്പവൃഷ്ടിനടത്തി അനുഗ്രഹിച്ച ശേഷമാണ് അദ്ദേഹം വേദിവിട്ടത്. ഒട്ടും ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തിലാണ കോവിഡ് മഹാമാരിക്കിടയിലും ചടങ്ങ് നടത്തിയത്. കോവിഡ് ചട്ടം നിലനിൽക്കുന്നതിനാൽ ലളിതമായിട്ടാണ് വിവാഹച്ചടങ്ങുകൾ സംഘടിപ്പിച്ചതെന്നും മെത്രാപ്പൊലീത്ത അറിയിച്ചു.

ഹൈന്ദവ ആചാരപ്രകാരമുള്ള വിവാഹ കർമ്മത്തിൽ കാർമ്മീകനൊപ്പം പങ്കുചേരാനായത് ഭാഗ്യമായി കരുതുന്നുവെന്നും ഇത്തരമൊരു ചടങ്ങിൽ പങ്കെടുക്കുന്നത് ആദ്യമാണെന്നും ജോസഫ് മാർഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു. മതമേതായാലും 'മനുഷ്യൻ നന്നായാൽ മതിയെന്ന ശ്രീനാരായണ ഗുരുവിന്റെ വചനം മനസ്സിൽ ആഴത്തിൽ പതിഞ്ഞിട്ടുള്ളവരിൽ ഒരാളാണ്. ഹിന്ദുവിവാഹങ്ങളിൽ പങ്കെടുക്കാൻ ക്ഷേത്രങ്ങളിൽ പോയിട്ടുണ്ടെങ്കിലും ഒരിക്കലും ഇത്തരത്തിൽ കാർമ്മികനൊപ്പം പങ്കാളിയാവാൻ കഴിഞ്ഞിട്ടില്ല. ഒരു പക്ഷേ ഇന്ന് നടന്നത് പൗരോഹിത്യ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളായിരിക്കാം. ഹൈന്ദവ സംസ്‌കാരത്തോടും മതത്തോടും അവരുടെ കർമ്മങ്ങളോടുമുള്ള ആദരവും ബഹുമാനവും ഇവിടെ പങ്കുവയ്ക്കാനും ഈ അവസരം വിനയോഗിക്കുന്നു', അദ്ദേഹം പറഞ്ഞു.

യാക്കോബായസഭ മെത്രോപ്പൊലീത്തൻ ട്രസ്റ്റികൂടിയായ ജോസഫ് മാർഗ്രിഗോറിയോസിന്റെ മെത്രാഭിഷേക രജതജൂബിലിയോടനുബന്ധിച്ച് കരിങ്ങാച്ചിറ സെന്റ് ജോർജ്ജ് യൂത്ത് അസ്സോസീയേഷന്റെ നേതൃത്വത്തിലാണ് യുവതികളുടെ വിവാഹ ചടങ്ങ് സംഘടിപ്പിച്ചത്. ജാതിമതഭേതമന്യേ നടത്തിയ ഓരോവിവാഹത്തിനും 3 ലക്ഷം രൂപയാണ് ചെലവഴിച്ചത്. വിവിധ ജില്ലകളിൽ നിന്നായി ലഭിച്ച 40 അപേക്ഷകളിൽ നിന്നാണ് ഇന്ന് വിവാഹിതരായ യുവതികളെ തിരഞ്ഞെടുത്തതെന്നും സംഘാടകർ അറിയിച്ചു. ആകെ 10 നിർദ്ധന യുവതികളുടെ വിവാഹം നടത്തുന്നതിനാണ് നിശ്ചയിച്ചിട്ടുള്ളത്.

ഇന്നത്തെ വിവാഹ ചടങ്ങുകൾക്ക് ഫാദർ സാംസൺ മേലേത്ത് , ഫാദർ ജോഷി ചിറ്റയത്ത്, ബൈജു മാത്താറ എന്നിവർ നേതൃത്വം നൽകി.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വ്യാഴം ,വെള്ളി ,ശനി ദിവസങ്ങളിലായി വിവിധ സ്ഥലങ്ങളിലാണ് ഇനിയുള്ള 5 വിവാഹങ്ങൾ നടക്കുക.മെയ്-1 ന് വധൂവരന്മാരെ അനുമോദിക്കുന്ന ചടങ്ങ് കരിങ്ങാച്ചിറ കത്തീഡ്രലിൽ നടത്തുവാൻ നിശ്ചയിച്ചിരുന്നെങ്കിലും കോവിഡ് വ്യാാപനം ശക്തിയായ സാഹചര്യത്തിൽ ഇത് മാറ്റിവച്ചതായും സംഘാടകർ അറിയിച്ചു