കോട്ടയം: ക്രിസ്തുമതത്തിലെ ആചാരങ്ങളേയും കീഴ് വഴക്കങ്ങളെയും എന്നും വിമർശനബുദ്ധ്യാ കണ്ടിരുന്നയാളായിരുന്നു ഇന്ന് ഈ ലോകത്തുനിന്ന് യാത്രയായ ജോസഫ് പുലിക്കുന്നേൽ. പൗരോഹിത്യത്തിന്റെ പോരായ്മകളേയും സഭയിലെ തെറ്റുകളേയും നിരന്തരം വിമർശിച്ചുവന്ന ഒരു പോരാളി.

തന്റെ സ്വത്തുമുഴുവൻ ജനസേവനത്തിനായി താൻ സ്ഥാപിച്ച പുലിക്കുന്നേൽ ഫൗണ്ടേഷന് നൽകിക്കൊണ്ടാണ് അദ്ദേഹം യാത്രയാകുന്നത്. വർഷങ്ങൾക്ക് മുമ്പേ പത്‌നിയുടെ വേർപാടും തന്റെ മരണവുമെല്ലാം എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്ന് മുൻകൂട്ടിക്കണ്ട് അദ്ദേഹം ഒസ്യത്തെഴുതി. ഇതോടൊപ്പം തന്റെ മരണശേഷം എങ്ങനെയാവണം സംസ്‌കാരമെന്നും വ്യക്തമാക്കിയ കുറിപ്പ് 2002ൽതന്നെ അദ്ദേഹം കുറിച്ചുവച്ചു. സ്വന്തം നിലയിൽ നടത്തിവന്ന ഓശാന മാസികയിലാണ് 'എന്റെ ശേഷക്രിയകൾ' എന്ന ശീർഷകത്തിൽ അദ്ദേഹം ഈ കുറിപ്പ് പ്രസിദ്ധീകരിച്ചത്.

ജീവിതത്തിൽ സുനിശ്ചിതമായ ഒന്നേയുള്ളൂ എന്നും എല്ലാവർക്കും മരണമെന്നതാണ് ആ ശാശ്വതസത്യമെന്നും വ്യക്തമാക്കി തുടങ്ങുന്ന കുറിപ്പിൽ ഓരോ സമുദായത്തിന്റേയും ശേഷക്രിയകളേയും ആചാരങ്ങളേയും പരാമർശിച്ചുകൊണ്ടാണ് പുലിക്കുന്നേൽ തന്റെ അഭിപ്രായങ്ങൾ തുറന്നുപറയുന്നത്. സമുദായപ്രകാരമുള്ള ആചാരങ്ങളിൽ മാറ്റം വരുത്തിയാൽ അത് ജീവിച്ചിരിക്കുന്നവർക്ക് അഭിമാനക്ഷതം ആണെന്ന് വരുന്നതെങ്ങനെയെന്നും മക്കളും ബന്ധുക്കളും ദുഃഖിതരായി ഇരിക്കുന്നതിനാൽ മറ്റുള്ളവർ അവരുടെ ഇഷ്ടംപോലെ കാര്യങ്ങൾ നടപ്പാക്കുന്നുവെന്നും പറഞ്ഞാണ് ജോസഫ് പുലിക്കുന്നേൽ കാര്യങ്ങൾ തുറന്നുപറയുന്നത്.

1. മരണശേഷം സാധാരണ ഞാൻ ധരിക്കുന്ന ഖദർ വസ്ത്രങ്ങൾ മാത്രമേ മൃതദേഹത്തിൽ ധരിപ്പിക്കാവൂ. ഷൂസ് സോക്‌സ്, ഗ്‌ളൗസ് എന്നിവ ധരിപ്പിക്കരുത്. തലയിൽ മുടിയും വയ്ക്കരുത്. - കോമാളിവേഷം കെട്ടാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കി പുലിക്കുന്നേൽ പറയുന്നു.

2. തലഭാഗത്ത് ആചാരപരമായി കുരിശുവയ്ക്കുന്നതും, തിരി വയ്ക്കുന്നതും ഉപേക്ഷിക്കണം

3. സുഹൃത്തുക്കളോ ബന്ധുക്കളോ സ്ഥാപനങ്ങളോ മൃതദേഹത്തിൽ റീത്തുവയ്ക്കുന്നതിനെ ഞാൻ ശക്തമായി വിലക്കുന്നു

4. ആർക്കെങ്കിലും മൃതദേഹത്തെ ആചാരപരമായി ബഹുമാനിക്കണം എന്നുണ്ടെങ്കിൽ സ്വന്തം സ്ഥലത്തുണ്ടായ പൂക്കൾ ഉപയോഗിക്കണം. ഇതിനായി പണം ചെലവാക്കരുത്.

5. മരിച്ചാൽ ഉടനെ പൂവത്തോട് പള്ളി വികാരിയെ അറിയിക്കുക. മൃതദേഹം ഏതെങ്കിലും ആശുപത്രിയുടെ മോർച്ചറിയിൽ വയ്ക്കരുത്. കഴിയുന്നതും വേഗം മറവുചെയ്യണം.

6. മൃതദേഹം എന്റെ വീടിന്റെ വാരത്തിൽ വയ്ക്കുക. മറ്റൊരു സ്ഥലത്തും സ്ഥാപനത്തിലും മൃതദേഹം കൊണ്ടുപോകാൻ പാടില്ല.

7. മൃതദേഹം എന്റെ കുടുംബവകയായ എന്റെ സ്വന്തം ഭൂമിയിൽ അടക്കുകയോ ദഹിപ്പിക്കുകയോ ചെയ്യുക.

8. മറവുചെയ്ത സ്ഥലത്ത് ആചാരപരമായ ഒരു കർമ്മവും നിർവഹിക്കപ്പെടേണ്ടതില്ല. ഏഴ്, നാൽപത്, ആണ്ട് മുതലായ ഒരു ആചാരങ്ങളും നടത്തരുത്.

9. മൃതദേഹം മറവുചെയ്ത ശേഷം ്അനുശോചന യോഗം നടത്താൻ പാടില്ല.

10. സംസ്‌കാരം നിശ്ചയിച്ചിരിക്കുന്ന കൃത്യസമയത്തു തന്നെ നടത്തണം.

ഇത്തരത്തിൽ വിശദമായാണ് തന്റെ ബന്ധുക്കളേയും സഹപ്രവർത്തകരേയും അദ്ദേഹം 15 വർഷങ്ങൾക്ക് മുമ്പുതന്നെ തന്റെ സംസ്‌കാരത്തെകുറിച്ച് ബോധിപ്പിക്കുന്നത്.

അദ്ദേഹം എഴുതിയ കുറിപ്പ് പൂർണരൂപത്തിൽ